വാർത്താകേരളം


    

ഓണം ബംപർ ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശിക്ക്
?️തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തമിഴ്‌നാട് സ്വദേശി ഗോകുലം നടരാജന്. കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സെന്‍ററിൽ നിന്ന് പത്ത് ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയിരുന്നത്
കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 13 കോടിയോളമാണ് സമ്മാനാർഹനു കിട്ടുക.

ക്യാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യ
?️ക്യാനഡയും ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ക്യാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം.
ക്യാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും അപലപനീയമായ വിദ്വേഷകുറ്റങ്ങളും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാരും, ക്യാനഡയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യ-ക്യാനഡ അഭിപ്രായഭിന്നത സൈനിക സഹകരണത്തെ ബാധിക്കില്ല
?️ഇന്ത്യയും ക്യാനഡയുമായുള്ള നയതന്ത്ര അഭിപ്രായ ഭിന്നത ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സൈന്യം. അടുത്ത ആഴ്ചയിൽ ഡൽഹിയിൽ നടക്കുന്ന ഇൻഡോ – പസിഫിക് സൈനിക മേധാവികളുടെ കോൺക്ലേവിൽ മുൻപ് നിശ്ചയിച്ചിരുന്നതു പോലെ കനേഡിയൻ സൈനിക മേധാവി പങ്കെടുക്കും.സെപ്റ്റംബർ 26, 27 തിയതികളിലായി ഇന്ത്യയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

4 ദിവസമായി പുതിയ നിപ കേസുകളില്ല; രോഗവ്യാപനം തടയാന്‍ സാധിച്ചു:
?️കഴിഞ്ഞ 4 ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 9 വയസുകാരന്‍റെയും മറ്റ് 3 പേരുടെയും നില തൃപ്തികരമാണെന്നും രോഗവ്യാപനം തടയാന്‍ സാധിച്ചുവെന്നും എന്നാൽ പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.രോഗവ്യാപനം പ്രാഥമിക ഉറവിടത്തിൽ മാത്രമാണുണ്ടായത്. ചികിത്സയിലുള്ള കുഞ്ഞ് കൂടുതൽ പ്രതികരിച്ചു തുടങ്ങി.എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല. ഇതുവരെ ആകെ 323 സാമ്പിള്‍ പരിശോധിച്ചതില്‍ 317 എണ്ണവും നെഗറ്റീവ് ആണ്. 994 പേർ ഐസൊലേഷനിലുണ്ട്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഐസൊലേഷനിലുള്ളത്. രോഗവ്യാപനം തടയാന്‍ കഴിഞ്ഞുവെന്നും ഇതിമുതൽ സ്ഥിരം സർവൈലന്‍സ് സംവിധാനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഖാലിസ്ഥാൻ അനുഭാവം: കനേഡിയൻ ഗായകന്‍റെ ഇന്ത്യൻ പര്യടനം റദ്ദാക്കി
?️ഖാലിസ്ഥാൻ അനുഭാവിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ പഞ്ചാബി-കനേഡിയൻ ഗായകൻ ശുഭ് എന്ന ശുഭ്നീത് സിങ് ഇന്ത്യൻ പര്യടനം റദ്ദാക്കി. ജമ്മു കശ്മീരും പഞ്ചാബുമില്ലാത്ത ഇന്ത്യയുടെ ഭൂപടം സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശുഭ്, ”പഞ്ചാബിനു വേണ്ടി പ്രാർഥിക്കുക” എന്ന ആഹ്വാനവും നടത്തിയിരുന്നു. ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിൽ നടത്താനിരുന്ന സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത് ബുക്ക് മൈ ഷോയാണ്. ഇതു കാണാൻ ടിക്കറ്റെടുത്തിരുന്ന എല്ലാവർക്കും 7 മുതൽ 10 ദിവസത്തിനുള്ളിൽ പണം തിരിച്ചു നൽകുമെന്ന് ബുക്ക് മൈ ഷോ അറിയിച്ചു.

നിപ: 61 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്, സമ്പർക്കപ്പട്ടികയിൽ 994 പേർ
?️നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ലഭിച്ച 61 സാംമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുള്ള കുട്ടിയടക്കമുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും മന്ത്രി അറിയിച്ചു.

മാനന്തവാടി ജീപ്പ് അപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം
?️മാനന്തവാടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർ‌ക്കും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ 3 ലക്ഷം രൂപയുമാണ് അനുവദിക്കുക.
പ്രശസ്‌ത നാടക നടൻ മരട്‌ ജോസഫ്‌ അന്തരിച്ചു
?️പ്രശസ്‌ത നാടക നടൻ മരട്‌ ജോസഫ്‌ (93) അന്തരിച്ചു. പി ജെ ആന്റണിയുടെ പ്രതിഭാ ആർട്‌സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. ഇൻക്വിലാബിന്റ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്‌. സംഗീത നാടക അക്കാദമയിയുടെ വിശിഷ്‌ടാംഗത്വം നേടിയിട്ടുണ്ട്‌.

ലോട്ടറിയിൽ നിന്ന് സർക്കാരിന് കിട്ടുന്നത് ചെറിയ തുക: മന്ത്രി ബാലഗോപാൽ
?️ലോട്ടറി വിൽപ്പനയിൽ നിന്ന് ചെറിയ തുക മാത്രമാണ് സർക്കാരിന് കിട്ടുന്നതെന്ന് ധനമന്ത്രി കെ.എൻ . ബാലഗോപാൽ. ലോട്ടറിയുടെ ആകെ വിൽപ്പനയിൽ മൂന്നു ശതമാനം മാത്രമാണ് സർക്കാരിന് വരുമാനമായി ലഭിക്കുക. കാരുണ്യ ബെനവലന്‍റ് ഫണ്ട് പോലുള്ള കാര്യങ്ങൾക്കായാണ് ഈ പണം പ്രധാനമായും ഉപയോഗിക്കുക. എന്നാൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയെന്ന നിലയിൽ ലോട്ടറിയുടെ പ്രാധാന്യം വലുതാണെന്നും ധനമന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 100 പവൻ സ്വർണം അടക്കം റെയ്ഡിൽ പിടിച്ചെടുത്തവയുടെ വിവരങ്ങൾ പുറത്തു വിട്ടു
?️കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്.ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലും തൃശൂരിലുമായി 9 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ 150 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് ബാങ്കിൽ നടന്നതായി ഇഡി വെളിപ്പെടുത്തിയിരുന്നു.

ഓണം ബമ്പറിന്റെ പേരിൽ തർക്കം!
?️തേവലക്കരയിൽ ഓണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ടിക്കറ്റിന്റെ പേരിൽ ത‍ർക്കമായി. വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റെ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്. മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി
?️സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും. ഐസിഎം ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും.

കേരളത്തില്‍നിന്നു മടങ്ങിയ യുവാവ് ബംഗാളില്‍ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍
?️കേരളത്തിൽ നിന്നും അടുത്തിടെ ബംഗാളിലേക്ക് മടങ്ങിയ യുവാവിനെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചതെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുത്ത പനിയും ശ്വാസതടസവും തൊണ്ട വേദനയുമായാണ് ബര്‍ദ്വാന്‍ സ്വദേശിയായ യുവാവ് ആശുപത്രിയില്‍ എത്തിയത്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പനിയെത്തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു, ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍ ഉടന്‍ തന്നെ വീണ്ടും പനി പിടിക്കുകയായിരുന്നു.

കേരളപ്പിറവിക്ക് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇ പി ജയരാജൻ
?️ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളപ്പിറവി ദിനം വിപുലമായി ആഘോഷിക്കുമെന്നും കേരളീയം പരിപാടിയില്‍ വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.പരിപാടി വിജയിപ്പിക്കാന്‍ ഇടതുമുന്നണിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. നവകേരളനിർമിതിയുടെ ഭാ​ഗമായി സർക്കാരിന്റെ വികസനനേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും 140 അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. എല്ലാ മണ്ഡലങ്ങളില്‍ ബഹുജന സദസ്സ് സംഘടിപ്പിക്കും.

മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്ററെത്തി; 20 മണിക്കൂറിന് 80 ലക്ഷം വാടക
?️മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രക്കും പൊലീസ് ആവശ്യങ്ങൾക്കുമായി വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്‍റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്‍റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.

ക്യാനഡയിലെ ഖാലിസ്ഥാന്‍ ഗ്രൂപ്പുകൾക്ക് ഐഎസ്ഐ പിന്തുണ
?️ക്യാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് പാക് ചാര സംഘടന ഐഎസ്ഐയുടെ പിന്തുണയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ക്യാനഡയിലേക്കു കുടിയേറിയ വിദ്യാർഥികൾ വഴി “ഇമിഗ്രേഷൻ ഫീസ്” എന്ന നിലയ്ക്കാണു പണമെത്തിക്കുന്നതെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. ക്യാനഡയിലെ ലിബറൽ പാർട്ടി, ന്യൂ ഡെമൊക്രറ്റിക് പാർട്ടി എന്നിവയിലാണു ഖാലിസ്ഥാനി ഗ്രൂപ്പുകൾ ശക്തമായി പ്രവർത്തിക്കുന്നത്. ഇവയ്ക്ക് നിരന്തരം പാക്കിസ്ഥാനിൽ നിന്നു ഫണ്ടു ലഭിക്കുന്നുണ്ട്. ഇന്ത്യയിലേക്കു തിരിച്ചുവരാൻ താത്പര്യമില്ലാത്ത വിദ്യാർഥികളെയാണു ഖാലിസ്ഥാനി ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഹൈക്കമ്മിഷനുകൾക്കു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും ഇവരെയാണ് ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേ ഭാരത് 24ന് എത്തിയേക്കും
?️സംസ്ഥാനത്ത് രണ്ടാമത്തെ വന്ദേഭാരത് ഒരാഴ്ചക്കുള്ളിൽ എത്തിയേക്കുമെന്ന് സൂചന. ഈ മാസം 24ന് വന്ദേഭാരതിന്‍റെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.രാജ്യത്താകമാനം ഒന്നിലധികം വന്ദേഭാരതുകൾ അന്ന് ഉദ്ഘാടനം ചെയ്തേക്കും. തൊട്ടടുത്ത ദിവസം തന്നെ സർവീസ് ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്: ഒരാൾക്കൂടി എൻഐഎ അറസ്റ്റിൽ
?️നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒരാൾക്കൂടി ദേശീയ അന്വേഷണ ഏജൻസിയുടെ എൻഐഎ പിടിയിലായി. കണ്ണൂര്‍ സ്വദേശി രതീഷാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായിൽ നിന്നെത്തിയ രതീഷിനെ വിമാനത്താവളത്തില്‍ വച്ചു പിടികൂടുകയായിരുന്നെന്ന് എന്‍ഐഎ അറിയിച്ചു. 2019ലും 2020ലും നയതന്ത്ര ചാനല്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ് ഇയാളെന്ന് എന്‍ഐഎ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം തമിഴ്‌നാട്ടില്‍ നന്ദകുമാര്‍ എന്നയാള്‍ക്ക് എത്തിച്ചുകൊടുത്തത് രതീഷ് ആണെന്നാണ് എന്‍ഐഎയുടെ നിഗമനം. 6 പേരെയാണ് ഇനി കേസില്‍ പിടി കിട്ടാനുള്ളത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി എന്‍ഐഎ വക്താവ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‌ ഭൂരിഭാഗം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാർ
?️വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭൂരിഭാഗം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണെന്ന്‌ മന്ത്രി പി രാജീവ്‌. 7700 കോടി രൂപ മുതൽമുടക്ക് വേണ്ടിവരുന്ന പദ്ധതിയിൽ 4600 കോടി രൂപയും ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്. 818 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്കായി തരാമെന്ന് സമ്മതിച്ചിരിക്കുന്നത്. ബാക്കിയുള്ള തുക ചെലവഴിക്കുന്നതും നിർമ്മാണവും പരിപാലനവും നടത്തുന്നതും നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ സ്വന്തമാണ് എന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു എന്ന് മന്ത്രി പറഞ്ഞു.

5 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് 7 വയസുകാരനെതിരെ കേസ്
? കാൺപൂരിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് 7 വയസുകാരനെതിരെ കേസ്. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത് ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
കളിക്കാന്‍ പോയ മകളെ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി 5 വയസുകാരിയുടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 7 വയസുകാരനെതിരെ അക്ബർപൂർ പൊലീസ് കേസെടുത്തു. കുട്ടി ഉൾപ്പെട്ട കേസായതിനാൽ ജാഗ്രതയോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്ന് ഇൻസ്‌പെക്ടർ സതീഷ് സിംഗ് പറഞ്ഞു. 7 വയസ്സിന് താഴെയുള്ള ഒരു കുട്ടി കുറ്റകൃത്യം ചെയ്താൽ അത് ക്രിമിനൽ കുറ്റകൃത്യത്തിന്‍റെ വിഭാഗത്തിൽ പെടുത്താനാകില്ലെങ്കിലും നിയമോപദേശം ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കൂമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിൻ തടഞ്ഞ് കുർമി പ്രക്ഷോഭം: നിരവധി ട്രെയിനുകൾ റദ്ദാക്കി
?️വന്ദേഭാരത് എക്സ്പ്രസ്, ഹൗറാ, മുംബൈ തുരന്തോ എക്സ്പ്രസ് അടക്കമുള്ള 7 ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കിയെന്നും 9 ട്രെയിനുകൾ വഴി തിരിച്ചു വിട്ടുവെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ വ്യക്തമാക്കി. സമുദായത്തിന് പട്ടിക വർഗ പദവി നൽകണമെന്നും കുർമാലി ഭാഷ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കുർമി വിഭാഗം അനിശ്ചിതകാല റെയിൽവേ, റോഡ് തടയൽ സമരം പ്രഖ്യാപിച്ചത്.

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
?️പെരുമ്പാവൂരിൽ പൂട്ടി കിടക്കുന്ന റൈസ് മില്ലിന്റെ വളപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒക്കൽ കാരിക്കോട് കൃഷിഭവന് സമീപം വർഷങ്ങളായി പൂട്ടി കിടക്കുന്ന രോഹിണി റൈസ്മില്ലിന്റെ വളപ്പിലാണ് ശരീരഭാഗങ്ങൾ ജീർണിച്ചനിലയിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ ബുധൻ രാവിലെ എട്ടുമണിക്ക് നടത്തിയ തെരച്ചിലിലാണ് പാന്റ്സും ഷർട്ടും ധരിച്ചയാളുടെ മൃതദേഹം കണ്ടത്.

പിഎസ്‌സി പരീക്ഷ മാറ്റി
?️കോഴിക്കോട് ജില്ലയിൽ നിപ രോഗ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ 25ന് സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും നടത്തുവാൻ നിശ്ചയിച്ച പിഎസ്‌സി വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഐസിസി റാങ്കിങ്ങിൽ സിറാജ് നമ്പർ വൺ
?️ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ഐസിസി ഏകദിന റാങ്കിങ്ങിലെ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യ കപ്പിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ, ഒറ്റയടിക്ക് ആറു സ്ഥാനം കടന്നാണ് സിറാജ് ഏഴാം റാങ്കിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് രണ്ടാമതായി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5520 രൂപ
പവന് 44160 രൂപ