വ്യാപാരികളും വഴിയോരക്കച്ചവടക്കാരുംതമ്മിൽ തർക്കം രൂക്ഷമാകുന്നു.

വടക്കഞ്ചേരി : കടകൾക്കു മുമ്പിൽ വാഹനങ്ങൾ നിർത്തിയിട്ട് സാധനങ്ങൾ വിൽക്കുന്നതിനെച്ചൊല്ലി വ്യാപാരികളും വഴിയോരക്കച്ചവടക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പട്ടണത്തിൽ മന്ദം ജങ്ഷനിൽ വഴിയോരക്കച്ചവടക്കാരും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുൾപ്പെടെയുള്ളവരുമായി മിക്ക ദിവസവും വാക്കേറ്റം നടക്കുന്നുണ്ട്. വിഷയത്തിൽ പോലീസോ പഞ്ചായത്തോ ഇതുവരെ ഇടപെട്ടിട്ടുമില്ല.
മുറിവാടക നൽകിയും പഞ്ചായത്തിൽ ലൈസൻസ് ഫീസ് അടച്ചുമാണ് വ്യാപാരികൾ സ്ഥാപനം നടത്തുന്നതെന്നും ഇവർക്ക് സുഗമമായി കച്ചവടം ചെയ്യാനുള്ള സാഹചര്യം പഞ്ചായത്ത് ഒരുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. തങ്ങൾക്കും സ്വതന്ത്രമായി കച്ചവടം ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നാണ് വഴിയോരക്കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഒരാഴ്ച മുമ്പ് പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന റോഡിനു സമീപം വാഹനത്തിൽ മീൻ വിൽക്കുന്നത് പഞ്ചായത്ത് ഇടപെട്ട് നീക്കിയത് മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
ഈ വാഹനം പിന്നീട് മന്ദം ജങ്ഷനിൽ നിർത്തി കച്ചവടം ചെയ്യാനാരംഭിച്ചതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. പി.പി. സുമോദ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വഴിയോരക്കച്ചവടം സംബന്ധിച്ചുള്ള പ്രശ്‌നവും ചർച്ച ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ലിസി സുരേഷ് പറഞ്ഞു.