വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിൽ കിഫാ പ്രതിഷേധിച്ചു. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ വന്യമൃഗ ആക്രമണങ്ങളിൽ മലയോരവാസികൾ കൊല്ലപ്പെടുകയും അതിൽ പ്രതിഷേധിക്കുന്ന പൊതുജനങ്ങളെ കേസിൽ കുടുക്കുകയും ചെയ്യുന്ന സർക്കാരിൻെറ നടപടികൾക്കെതിരായി കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പെരണ്ടയിൽ പൊതുജന റാലിയും പ്രതിഷേധ യോഗവും നടന്നു. അടിപ്പെരണ്ട വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച റാലി അടിപ്പെരണ്ട ജംഗ്ഷനിൽ അവസാനിച്ചു. നൂറുകണക്കിന് കർഷകർ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കൂരാച്ചുണ്ട് ചാക്കോച്ചേട്ടനെ കൃഷി സ്ഥലത്ത് വച്ച് കാട്ടുപോത്ത് വെട്ടിക്കൊന്ന കേസിൽ പ്രതിഷേധ പ്രകടനം നേതൃത്വം കൊടുത്ത കിഫ ചെയർമാൻ അലക്സ് ഒഴുകയിലിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കിഫ പാലക്കാട് ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവൻചിറ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കിഫ റിസർച്ച് വിംഗ് മേധാവി ഡോ. സിബി സക്കറിയാസ്, ജില്ലാ ട്രഷറർ രമേശ് ചേവക്കുളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബെന്നി കൊല്ലം പറമ്പിൽ, ബിനു തോമസ്, പി. ജെ. അബ്രഹാം, ബാബു തടികുളങ്ങര, സോമൻ കൊമ്പനാൽ, സണ്ണി തുടങ്ങിയവർ സംസാരിച്ചു.