വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നു. മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മരിച്ചത് രണ്ട് പേരാണ്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽവെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയിൽ ആയിപ്പോയവരും ഏറെയുണ്ട്.
2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2016 മുതൽ 2024 വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തിൽ മരിച്ചത് 909 പേരാണ്. 2016ൽ 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ൽ 110 പേരും 2018 ൽ 134 പേരും വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. 2019 ൽ 100 പേർക്കാണ് ജീവൻ നഷ്ടമായത്. 2020 ൽ 100 പേർക്കാണ് വന്യജീവി ആക്രമങ്ങളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 2021ൽ 127 പേരും, 2022ൽ 111 പേരും, 2023 ൽ 85 പേരും കൊല്ലപ്പെട്ടു.