വന്യ മൃഗശല്യത്തിൽ നടപടി ആവശ്യപ്പെട്ട് കിഫ നിവേദനം നൽകി; പ്രതിഷേധ യോഗവും നടത്തി.

അയിലൂർ പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യമൃഗശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകി. തുടർച്ചയായി കാട്ടാന, പുലി, കരടി, മാൻ, കുരങ്ങ്, പന്നി, മയിൽ, മലയണ്ണാൻ തുടങ്ങി വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനും, വീട്ടുവളപ്പുകളിൽ എത്തി ഭീതി പരത്തുന്നതിലും, മൗലികാവകാശമായ സഞ്ചാരസൗകര്യത്തിന് വന്യമൃഗങ്ങൾ തടസ്സം നിൽകുന്നത് ഒഴിവാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മലയോര മേഖലയിലെ സൗരോർജ്ജ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിള നാശത്തിന് പ്രതിവിധി കാണുക, ആർ. ആർ. ടി. ( ദ്രുത പ്രതികരണ സേന) യെ മേഖലയിൽ സ്ഥിരമായി നിർത്തുക, തൂക്കുവേലി നിർമ്മിക്കുക, ശല്യക്കാരനായ മോഴയാനയെ മയക്കു വെടിവെച്ച് സ്ഥലം മാറ്റുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രദേശത്തെ 139 കുടുംബങ്ങൾ ഒപ്പിട്ട നിവേദനം നൽകിയത്.

കരിമ്പാറ, നിരങ്ങൻപാറ, കൽച്ചാടി, ചള്ള, പൂഞ്ചേരി, ഓവുപാറ, മണലൂർച്ചള്ള, നേർച്ചപ്പാറ ഭാഗങ്ങളിൽ വന്യമൃഗങ്ങൾ വ്യാപകമായി ജനവാസ മേഖലയിൽ എത്തി കൃഷിനാശവും വളർത്തുമൃഗങ്ങൾക്കും നാശം ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള വീട്ടുവളപ്പിലും എത്തിത്തുടങ്ങി. 10 കിലോമീറ്റർ ഓളം വരുന്ന മലയോര മേഖലയിലെ 250 ഓളം വീട്ടുകാർ ഇതോടെ ഭീതിയിലായതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പടക്കം പൊട്ടിച്ച് തുരത്തുന്ന കാട്ടാന അടുത്ത ദിവസം കിലോമീറ്റർ അകലെ മറ്റൊരിടത്ത് വീണ്ടും എത്തുന്നതും കൂട്ടമായി എത്തുന്നതിനാൽ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ കഴിയുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. മേഖലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഹാനി വരുത്തുന്ന മോഴ ആനയെ മയക്കു വെടിവെച്ച് പ്രദേശത്തുനിന്ന് നീക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിവേദനം സമർപ്പിച്ചതിനെ തുടർന്ന് നെന്മാറ ഡി. എഫ്. ഒ. ഓഫീസിന് പുറത്ത് പ്രതിഷേധ യോഗവും ചേർന്നു. തുടർനടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് കിഫ ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ ഡോക്ടർ സിബി സക്കറിയ, എം. അബ്ബാസ് ഒറവൻചിറ, രമേശ് ചേവക്കുളം തുടങ്ങിയവർ സംസാരിച്ചു.