കാഴ്ചകളുടെ വിരുന്നൊരുക്കിയ രമേഷ് കാഴ്ചകൾക്കപ്പുറത്തേക്ക്….
ബെന്നി വർഗീസ്
കിഴക്കഞ്ചേരി:കാഴ്ചകളുടെ വിരുന്നൊരുക്കിയ ഛായാഗ്രഹകൻ എരിക്കുംച്ചിറ, പുള്ളിക്കൽ വീട്ടിൽ, രമേഷ് (37) ന്റെ സംസ്ക്കാരം നാളെ (2/11/23) 11 ന് എരുക്കുംചിറ തട്ടാൻകുളമ്പ് ബ്രദറൻ സഭാ സെമിത്തേരിയിൽ നടക്കും.
ലോകം കണ്ട നിരവധി ദൃശ്യങ്ങളുടെ ക്യാമറമാനാണ്. നിരവധി ആൽബങ്ങൾക്കും, ടെലിഫിലിമിനും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സിനിമക്കും, വലിയ ഇവന്റുകൾക്കും ഹെലികാം ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. പോലീസിനും, ഫോറസ്റ്റിനും,ഫയർ ഫോഴ്സിനും വേണ്ടി നിരവധി സാഹസിക ഡ്രോൺ ഷൂട്ട് നടത്തിയിട്ടുണ്ട്. മികച്ച ഛായഗ്രഹനുള്ള ഇൻസൈറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.
ഡ്രോണുപയോഗിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിൽ ശ്രദ്ധ നേടിയിരുന്ന ക്യാമറാമാനാണ്.മലമ്പുഴ ചെറാട് കുമ്പാച്ചി മലയിടുക്കിൽ ബാബു കുടുങ്ങിയ സമയത്ത് ഡ്രോണിൽ കുപ്പിവെള്ളമെത്തിച്ച് നൽകാൻ നടത്തിയ ശ്രമങ്ങളാണ് രമേഷിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ദൂരത്തിന്റെ പ്രശ്നം മൂലം ഡ്രോൺ ബാബുവിന്റെ അടുത്തെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒട്ടേറെ ചിത്രങ്ങളും വീഡിയോയും രമേഷ് ഡ്രോണിൽ പകർത്തി.മികച്ച ഛായാഗ്രഹണത്തിനുള്ള ഇൻസൈറ്റ് ഗാന - ദൃശ്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലായിരുന്നു. വിദേശത്തുള്ള സഹോദരൻ രതീഷ് നാട്ടിലെത്തുന്നതിനായാണ് കാത്തിരുന്നത്.
ഷോർട്ട് ഫിലിം മുതൽ സിനിമ വരെ
വടക്കഞ്ചേരി: നിരവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും ചിത്രീകരിച്ചിട്ടുള്ള രമേഷ് സിനിമകൾക്കും സീരിയലുകൾക്കും വേണ്ടി ഡ്രോണുപയോഗിച്ചുള്ള ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. തമിഴ് സിനിമകളും ഇതിലുൾപ്പെട്ടിട്ടുണ്ട്.ആകാശത്തു നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിൽ രമേഷ് പ്രത്യേക മികവ് പുലർത്തിയിരുന്നതായി സംവിധായകൻ സന്തോഷ്കുന്നത്ത് അനുസ്മരിച്ചു. താൻ സംവിധാനം ചെയ്ത സിനിമയായ “ഉഗ്രം” ചിത്രീകരിക്കുമ്പോൾ ഹെലി കാം ദൃശ്യങ്ങൾ പകർത്താൻ രമേഷിനെയാണ് ഏല്പിച്ചതെന്ന് സന്തോഷ് കുന്നത്ത് പറയുന്നു. ഒരു ദൃശ്യം ഷൂട്ട് ചെയ്യാനാവശ്യപ്പെട്ടാൽ നമ്മൾ മനസ്സിൽ എന്താഗ്രഹിക്കുന്നോ അതിനായി എത്ര റിസ്ക്കെടുക്കാനും രമേഷ് തയ്യാറായിരുന്നു.
പോലീസ്, അഗ്നി രക്ഷാസേന, വനം വകുപ്പ് തുടങ്ങിയവരും നിരീക്ഷണങ്ങൾക്കായി രമേഷിന്റെ ഡ്രോൺ സേവനം ഉപയോഗിച്ചിരുന്നു. കോവിഡ് കാലത്ത് കൂട്ടം കൂടിയിരിക്കുന്ന ആളുകളെ കണ്ടെത്താൻ പോലീസിനു വേണ്ടി രമേഷ് ഡ്രോൺ പറത്തി. വിവിധ വാർത്താ ചാനലുകൾക്കു വേണ്ടി ഉയരങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും രമേഷ് ഡ്രോണുപയോഗിച്ച് പകർത്തി.
അച്ഛൻ : ഗോപാലകൃഷ്ണൻ
അമ്മ : കമലം
സഹോദരൻ : രതീഷ്
.