വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം ബാക്കിയുള്ള പ്രതികളും പോലീസ് പിടിയിൽ.

നെന്മാറ തേക്ക് പ്ലാന്റേഷനില്‍ നിര്‍ത്തിയിട്ട അഞ്ചു വാഹനങ്ങളില്‍ നിന്നും ഡീസല്‍ മോഷ്ടിച്ച കേസില്‍ 2 പ്രതികളെ കൂടി നെന്മാറ പോലീസ് അറസ്റ്റു ചെയ്തു. കയറാടി വീഴ്ലി രണ്ടുപ്ലാക്കല്‍ ജൂഡോ ബേബി എന്ന ബേബി തോമസ് (44) കയറാടി വീഴ്ലി മുല്ലക്കൽ വീട്ടിലെ ടിന്റുമോൻ എന്ന രജീഷ് (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഇതേ കേസിൽ വീഴ്‌ലി സ്വദേശി അബുമോനെ ഒരാഴ്ച മുമ്പ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം മൂന്നായി. വടക്കാഞ്ചേരി എഴക്കാട് കൊട്ടാരത്തില്‍ വീട്ടില്‍ സാബുവിന്റെ പരാതിയിലാണ് നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അയിലൂര്‍ മൈലാടുംപരുതയിലെ തേക്ക് പ്ലാന്റേഷന്റെ ആവശ്യത്തിനായി വാടകയ്ക്കും, സ്വന്തമായുമുള്ള അഞ്ച് വാഹനങ്ങളുടെ ഡീസല്‍ ടാങ്ക് പൊളിച്ച് 252 ലിറ്റര്‍ ഡീസലാണ് മോഷ്ടിച്ചത്. രണ്ടു ടോറസ് ലോറി, ട്രാക്ടര്‍, ഹിറ്റാച്ചി, ജീപ്പ് എന്നിവയുടെ ഡീസല്‍ ടാങ്ക് തകര്‍ത്താണ് ഡീസല്‍ മോഷ്ടിച്ചത്. കൂടാതെ ടോറസ് വാഹനത്തില്‍ സൂക്ഷിച്ച ടയര്‍, സ്പാനറുകള്‍, ചുറ്റിക ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ ക്യാമറകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. നെമ്മാറ സബ് ഇൻസ്‌പെക്ടർ ഫതിൽ റഹ്മാൻ, എഎസ്ഐ സന്തോഷ്‌ ശിവൻ, എസ്‌സിപിഓമാരായ ജോൺ ക്രൂസ്, റഫീഷ്, മുഹമ്മദ് ഇബ്രാഹിം എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്.