വടക്കഞ്ചേരി പ്രധാനി ഭാഗത്ത് കനാലുകള്‍ വൃത്തിയാക്കുന്നത് കര്‍ഷകര്‍ പിരിവെടുത്ത്

ബെന്നി വർഗീസ്

വടക്കഞ്ചേരി : മംഗലം ഡാമില്‍ നിന്നുള്ള മെയിൻ കനാലുകള്‍ വൃത്തിയാക്കുന്നത് ഇത്തവണ കര്‍ഷകര്‍ തന്നെ പിരിവെടുത്ത്.വടക്കഞ്ചേരി പ്രധാനി ഭാഗത്താണ് മംഗലം ഡാമില്‍ നിന്നുള്ള ഇടതുകര മെയിൻ കനാല്‍ വൃത്തിയാക്കുന്ന പണികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. പൊന്തക്കാടുകളും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നതിനാല്‍ കനാലില്‍ ജെസിബി ഇറക്കിയാണ് പണികള്‍. ഡാമുകളില്‍ നിന്നുള്ള കനാലുകള്‍ വൃത്തിയാക്കി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കാൻ സര്‍ക്കാരിന് ഫണ്ടില്ല. ഇക്കാര്യത്തില്‍ ഇറിഗേഷൻ വകുപ്പും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞവര്‍ഷം ഒരുമാസം വൈകിയാണ് കനാല്‍ വൃത്തിയാക്കല്‍ തുടങ്ങിയത്. അതും കര്‍ഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രം. അതേസമയം, കര്‍ഷകരില്‍ നിന്നും പിരിവെടുത്തുള്ള കനാല്‍ വൃത്തിയാക്കുന്നതിനോട് ചില ഭാഗങ്ങളില്‍ പാടശേഖര സമിതികള്‍ക്കും യോജിപ്പില്ല. ഇത് പിന്നീട് കര്‍ഷകര്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുമെന്ന അഭിപ്രായമാണുള്ളത്.