വടക്കഞ്ചേരിയിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു.

ബെന്നി വർഗീസ്

പാലക്കാട് : വടക്കഞ്ചേരിയിൽ പനിബാധിതർക്കൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന. ജൂലൈ മാസത്തിൽ മാത്രം 20 ഡെങ്കിപ്പനി കേസുകളാണ് വടക്കഞ്ചേരി ഗവ.ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ വേറെയാണ്. ശരാശരി ഒരു ദിവസം വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ 30 പനി കേസുകളെങ്കിലും വരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രദീപ് പറഞ്ഞു.

ഫീൽഡ് സ്റ്റാഫ് വഴി ശരാശരി 20 പേരെയും കണ്ടെത്തുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡിലും തന്നെ പനിക്കാരുണ്ട്.

വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരനും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പോലീസുകാരൻ നെന്മാറ സ്വദേശിയാണ്.

ഇടവിട്ടുള്ള മഴയും കാലവർഷം ശക്തമാകാത്തതും പനി പടരാൻ കാരണമാകുന്നെന്നാണ് വിലയിരുത്തൽ.

കലിതുള്ളി മഴ തിമിർത്തു പെയ്യേണ്ട കർക്കടകത്തിലും മഴ മടിച്ചു നില്ക്കുന്നത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. പനിമൂലം സ്കൂളുകളിലും കുട്ടികളുടെ വലിയ കുറവു വരുന്നുണ്ട്. ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയ കമ്മാന്തറ, വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഫോഗിംഗ് നടത്തി കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനം നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവും വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആറ് ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ നാല് ഡോക്ടർമാർ മാത്രമേ ഉള്ളു.

ഇതിൽ ആരെങ്കിലും ലീവായാൽ പിന്നെ അന്നത്തെ ദിവസം രോഗികളുടെ നിര നീളും. നഴ്സുമാരുടെ കുറവുമുണ്ട്. പുതിയ കെട്ടിട നിർമാണം നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ചു കാലമായി ആശുപത്രിയിൽ കിടത്തി ചികിത്സയില്ല.

എന്നാൽ ഡോക്ടർമാരുടെ കുറവുണ്ടെങ്കിലും ദിവസവും രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറ് വരെ ആശുപത്രിയിൽ ഒപിയുടെ പ്രവർത്തനമുണ്ട്.