നെന്മാറ ചേരുംകാട് ഉരുൾപൊട്ടലിന് അഞ്ചു വയസ്

ജോജി തോമസ്

  • മഴ കനത്താൽ ചങ്കുപിടക്കും ഓർമ്മകളിൽ പ്രദേശവാസികൾ
  •  വീട് നഷ്ടപ്പെട്ട സുജാതയുടെ പുനരധിവാസം സഫലമായില്ല

നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുൾപൊട്ടലിന് ഇന്ന് അഞ്ച് വയസ്.

പെയ്തു കൊണ്ടിരിന്ന മഴയില്‍ ഒരു വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16 ന് ചേരുംകാടിലെ 40 ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോട് ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശ്ശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയ വലിയ ശബ്ദമായിരുന്നു അത്.

പൊലിഞ്ഞത് 10 ജീവനുകൾ.

IMG-20230815-WA0140

കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും, മണ്ണും, വെളളവും മൂന്ന് വീടുകളെ തകര്‍ത്തെറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം 10 ജീവന്‍ നഷ്ടപ്പെടുത്തി ഗ്രാമത്തിനെയാകെ കണ്ണീരിലാഴ്ത്തിയത്. മൂന്നു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൂന്നു കുടുംബങ്ങളിലായി നഷ്ടപ്പെട്ടുപോയ 10 മൃത ശരീരങ്ങള്‍ കണ്ടെടുക്കാനായത്.

കുന്നിന്‍ മുകളില്‍ നിന്ന് പൊട്ടിയൊലിച്ചുവന്ന പാറക്കല്ലും, മണ്ണും വെള്ളവും, മരങ്ങളും ആദ്യം ഉണ്ണികൃഷ്ണന്റെ ഓടിട്ട വീടിനെയാണ് തകര്‍ത്തെറിഞ്ഞത്. പിന്നീട് താഴെയുള്ള ഗംഗാധരന്റ ഇരുനില വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ ഇരു വീടും പൂര്‍ണ്ണമായും തകര്‍ന്ന് മണ്ണിനടിയിലായി. മറ്റൊരു ഭാഗത്തുകൂടിയുള്ള വെള്ളപ്പാച്ചിലില്‍ മണികണ്ഠന്റെ വീടും തകര്‍ന്നു.

അളുവശ്ശേരി ചേരുകാട് വീട്ടില്‍ ഗംഗാധരന്‍(60) ഭാര്യ സുഭദ്ര(55) മക്കളായ ആതിര(28), ആര്യ (17), അരവിന്ദ്(17) ആതിരയുടെ 15 ദിവസം പ്രായമായ മകള്‍, പരേതനായ ഉണ്ണികൃഷ്ണന്റെ മകളായ അനിത(28) അഭിജിത്ത്(22), അനിതയുടെ മൂന്നര വയസ്സായ മകള്‍ ആത്മിക, സുന്ദരന്റെ മകന്‍ സുധിന്‍(20) എന്നിവരാണ് മരിച്ചത്.

IMG-20230815-WA0138

ഗംഗാധരന്റെ മകള്‍ അഖില ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ദീർഘനാൾ ചികിത്സലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിൽസക്കു ശേഷം അഖില കുത്തനൂരുള്ള ഭർത്താവിന്റെ വീട്ടിലാണ് കഴിയുന്നത്. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട അഖിലയുൾപ്പെടെ ഉരുൾപൊട്ടലിന്റെ നേർസാക്ഷ്യങ്ങളാണ് ഇപ്പോൾ അവിടെയുള്ളവർ. അനിയത്തി അമിത സംഭവം നടക്കുമ്പോൾ ജോലി സ്ഥലത്തായതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. മരണപ്പെട്ട സുധിന്റെ അച്ഛൻ സുന്ദരൻ അപകടത്തിനു ശേഷം മാനസിക വിഷമത്തിലായതിനെ തുടർന്നു ഒരു വർഷത്തിനകം 2019 ജൂൺ 15ന് സുന്ദരൻ മരണപ്പെട്ടു.

 

പുനരധിവാസം സഫലമാകാതെ സുജാത.

 

സുധിന്റെ അമ്മ സുജാതയും സഹോദരങ്ങളായസുബിനും സുമിതയും ഇപ്പോഴും നടുക്കുന്ന ഓർമ്മകളായി ഉരുൾപൊട്ടിയതിനു താഴെയായി ഭീതിയോടെയാണ് ഈ കുടുംബം ഇന്നു താമസിക്കുന്നത്.

ഉരുള്‍പൊട്ടലിന്റെ അഞ്ചു വര്‍ഷം പിന്നിടുമ്പോഴും മകൻ നഷ്ടപ്പെട്ട സുജാതക്കും മക്കൾക്കും വീടു ലഭിക്കാത്തത് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തുന്നത്. കാലവർഷം ശക്തി പ്രാപിച്ചാൽ വകുപ്പ് അധികാരികൾ എത്തി വീടൊഴിഞ്ഞു മാറി താമസിക്കാൻ മുന്നറിയിപ്പുമായെത്തുന്നത് പതിവാണെന്ന് ഈ കുടുംബം പറഞ്ഞു. കൂലിപ്പണിക്ക് പോകുന്ന വിധവയായ സുജാതയ്ക്ക് വീട് വെച്ചു കൊടുക്കുന്നതിന് വേണ്ടുന്ന നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തു നിന്നും ഏറെ അകലെ വീട് വയ്ക്കുന്നതിന് സ്ഥലം അനുവദിച്ചെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് പുനരധിവാസത്തിൽ പറഞ്ഞ വീട് നിർമ്മാണം സഫലമായില്ല.

 

പ്രദേശവാസികളിൽ നടുക്കുന്ന ഓർമ്മകളും ഭീതിയുളവാക്കി മണ്ണിൽ പുതഞ്ഞ പാറക്കല്ലുകളും.

 

ഈ ഭാഗത്ത് ഇപ്പോൾ താമസിക്കുന്ന സുജാത ഉൾപ്പെടെയുള്ള കുടുംബങ്ങള്‍ക്ക് ഇനിയും ഭീതി മാറിയിട്ടില്ല. കുന്നിന്‍ ചെരുവിലായി താമസിക്കുന്ന ഒന്‍പത് കുടുംബങ്ങള്‍ അന്ന് പ്രദേശം വിട്ടുപോയതാണ്. ഉരുൾപൊട്ടിയ കുന്നില്‍ പാറയും, മണ്ണും വേര്‍പെട്ട നിയില്‍ നില്‍ക്കുന്നതിനാല്‍ ഈ പ്രദേശം താമസയോഗ്യമല്ലെന്ന് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഒന്‍പത് കുടുംബങ്ങളെയും മാറ്റിയിരുന്നത്.

വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റയും നേതൃത്വത്തില്‍ വീട് വെച്ചു നല്‍കിയെങ്കിലും സുജാതയുടെ കുടുംബത്തിനു ഇന്നും കാരുണ്യം ലഭിക്കാതെയായെന്നതും കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മാറ്റി താമസിപ്പിച്ച ഒന്‍പത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വീടും സ്ഥലവും നല്‍കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഈ കുടുംബങ്ങള്‍ക്ക് വീടു വെയ്ക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനായി ആറു ലക്ഷം രൂപയും, വീട് വെയ്ക്കുന്നതിന് നാലു ലക്ഷം രൂപ ധനസഹായവും നല്‍കി.

 

അന്ന് മുന്നൂറു മീറ്ററിലധികം ഉയര്‍ത്തില്‍ നിന്നാണ് ഉരുള്‍പൊട്ടി പാറക്കല്ലുകളും, മരങ്ങളും, മണ്ണും കുത്തിയൊലിച്ചിറങ്ങിയത്. പാറമുകളില്‍ നിന്ന് ഇപ്പോഴും ചെറിയ തോതില്‍ വെള്ളമൊഴുകുന്നുണ്ട്. കനത്ത മഴകൂടിയാകുമ്പോള്‍ ശക്തമായ വെള്ളമൊഴുക്കുണ്ടായാല്‍ വലിയ തോതില്‍ മണ്ണ് ഇനിയും കുത്തിയൊലിച്ചിറങ്ങുമെന്ന പേടിയിലാണ്. മണ്ണില്‍ പുതഞ്ഞു നില്‍ക്കുന്ന വലിയ പാറക്കല്ലുകളും താഴേയ്ക്ക് വരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.