വാർത്താകേരളം


                   
ബിൽക്കിസ് ബാനു കേസ്: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
?️ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ നിലപാടുറപ്പിച്ച് സുപ്രീംകോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേസിലെ 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കസ് ബാനു ഉൾപ്പെടെ 8 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയാവുകയും 14 കുട്ടികളെ കൊലപ്പെടുത്തിയതിനുൾപ്പെടെ ജീപപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8 നാണ് സുപ്രീംകോടതി റദ്ദാക്കിയത്.

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
?️ കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും സാവകാശം തേടിയിരുന്നു. കിഫ്ബി മസാലബോണ്ട് കേസിൽ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയപ്പോൾ സമൻസ് ചോദ്യം ചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. അതിനു ശേഷം ചില പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി സമൻസ് പിൻവലിക്കുക‍യായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

മഹാരാജാസ് കോളെജ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ
?️മഹാരാജാസ് കോളെജിലെ സംഘർഷത്തിൽ വിദ്യാർഥിക്കു പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർഥി കണ്ണൂർ സ്വദേശിയായ ഇജിലാണ് അറസ്റ്റിലായത്. കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നാം വർഷ വിദ്യാർഥി അബ്ദുൽ മാലിക്കാണ് ഒന്നാം പ്രതി. എട്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

ലൈഫ് മിഷൻ കോഴക്കേസ്; എം.ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി
?️ലൈഫ് മിഷൻ കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ നടപടി. ശിവശങ്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിന് അടിയന്തര ചികിത്സ ആവശ്യമാണെന്നുള്ള മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജിപ്മെറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തയാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്.

ജോസ് ആലുക്കാസ് ഡയമണ്ട്‌ എൻക്ളേവ് ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ തൃശൂരിൽ
സ്വർണ വ്യാപാര രംഗത്തെ വിശ്വാസ്യത റിയൽ എസ്റ്റേറ്റ് മേഖലയിലും കാത്തു സൂക്ഷിക്കുന്ന ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ താമസയോഗ്യമായ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളിൽ ഏതാനും എണ്ണം മാത്രം ബാക്കി. തൃശൂർ കോർപറേഷൻ പരിധിയിലെ മികച്ച ലൊക്കേഷൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജിനടുത്ത് 11 നിലകളിൽ 3 BHK, 2 BHK അപ്പാർട്ട്‌മെന്റുകൾ. സമീപത്തു തന്നെ ആരാധനാലയങ്ങൾ, ഐസിഎസ്ഇ – സിബിഎസ്ഇ സ്കൂളുകൾ, സൂപ്പർ മാർക്കറ്റുകൾ. ദേശീയ പാതയിലേക്ക് 400 മീറ്റർ മാത്രം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 9387500500
Email: marketing@josalukkasproperties.com

അയോധ്യ പ്രാണപ്രതിഷ്ഠാ ദിനം: 22ന് ബാങ്കുകൾക്കും അവധി
?️അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനമായ 22ന് ഓഹരി വിപണിക്കും ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, റീജ്യനൽ, റൂറൽ ബാങ്കുകൾ എന്നിവയ്ക്ക് 22ന് ഉച്ചവരെയാകും അവധി. നേരത്തേ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്ന 2.30 വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, വിവിധ സംസ്ഥാനങ്ങളും 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, മധ്യപ്രദേശ്, അസം, രാജസ്ഥാൻ, ഗുജറാത്ത് , ഗോവ സംസ്ഥാനങ്ങളാണ് 22ന് ഉച്ചവരെ അവധി പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്നു പൂർണ അവധി നൽകി.

മഹാരാജാസ് കോളെജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി
?️സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളെജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി സര്‍ക്കാര്‍. ഡോ. വി എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളെജിലേക്കാണ് സ്ഥലം മാറ്റിയത്. കോളെജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളെജിൽ സംഘർഷാവസ്ഥയുണ്ട്.

പതിനെട്ടാം പടിക്കു സമീപം യുവതികൾ എന്ന തരത്തിൽ വ്യാജ വീഡിയോ!
?️ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഇരുമുടിക്കെട്ടുമായി 2 യുവതികൾ എന്ന തരത്തിൽ സെൽഫി വീഡിയോ ‌പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. രാജേഷ് എന്ന യുവാവിന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്കു ശേഷമായിരുന്നു സംഭവം.സൈബർ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും കേസ്
?️യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും കേസ്. ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ സ്വീകരണം നൽകിയ സംഭവത്തിൽ രാഹുൽ ഉൾപ്പെടെ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ രണ്ടാം പ്രതിയാണ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നേമം സജീറാണ് ഒന്നാം പ്രതി.
കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

തിരിച്ചടിച്ച് പാക്കിസ്ഥാൻ: ഇറാനിലേക്ക് പാക് വ്യോമാക്രമണം
?️ഇറാന്‍റെ മിസൈലാക്രമണത്തിന് പാക്കിസ്ഥാൻ തിരിച്ചടി നൽകിയതോടെ ബലൂചിസ്ഥാൻ മേഖല കൂടി സംഘർഷത്തിലേക്ക്. ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏഴിടങ്ങളിലായി പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടെഹ്റാനിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധമറിയിച്ചു. ഇസ്രയേൽ- ഹമാസ് യുദ്ധവും ചെങ്കടലിലെ ഹൂതികളുടെ ആക്രമണവും തുടരുന്നതിനിടെയാണ് ഇറാൻ- പാക് സംഘർഷം.

‘ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനം’; മന്ത്രി ഗണേഷ് കുമാറിനെതിരേ എംഎൽഎ പ്രശാന്ത്
?️ഇലക്‌ട്രിക് ബസുകൾ വേണ്ടെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിലപാടിനെ എതിർ‌ത്ത് സിപിഎം എംഎൽഎ വി.കെ. പ്രശാന്ത്. ഇലക്‌ട്രിക് ബസുകൾ വാങ്ങുകയെന്നത് നയപരമായ തീരുമാനമാണെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഇ ബസുകൾ വാങ്ങാൻ തീരുമാനിച്ചതെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇലക്‌ട്രിക് ബസുകളെ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞുവെന്നും ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്‍റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.

കോടികൾ തട്ടിയെടുത്തെന്ന് പരാതി; ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യക്കെതിരെ കേസ്
?️നിധി ലിമിറ്റഡിനു കീഴിലെ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിന്‍റെ മറവിൽ കോടികൾ തട്ടിയെന്ന പരാതിയിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും ബാങ്കിന്‍റെഎക്സിക്യൂട്ടീവ്ഡയറക്‌ടറുമായ ഷറഫുന്നീസക്കെതിരെ കേസെടുത്ത് പൊലീസ്. വെസ്റ്റ്ഹിൽ സ്വദേശിനിയായ 62 കാരിയുടെ പരാതിയിലാണ് നടപടി. ഷറഫുന്നീസുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം സമാനമായ മൂന്നു പരാതികളാണ് ലഭിച്ചത്. നേരത്തെ നാലുപേരുടെ പരാതിയിലും കേസെടുത്തിരുന്നു. ഇതുവരെ അൻ‌പതോളം പരാതികളാണ് ഇവർക്കെതിരെ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബാങ്ക് അഴിമതി: ശരദ് പവാറിന്‍റെ കൊച്ചു മകനും ഇഡിയുടെ സമൻസ്
?️മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ എൻസിപി നേതാവ് ശരദ് പവാറിന്‍റെ കൊച്ചു മകനും എംഎൽഎയുമായ രോഹിത് പവാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ജനുവരി 24ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകിയിരിക്കുന്നത്. രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള ബരാമതി അഗ്രോയിൽ ഇഡി പരിശോധന നടത്തിയിരുന്നു. കർജാത്- ജാംഗെഡ് സീറ്റിൽ നിന്ന് വിജയിച്ച രോഹിത് ആദ്യമായാണ് എംഎൽഎ പദവിയിലെത്തുന്നത്. ബരാമതി അഗ്രോയുടെ സിഇഒയാണ് രോഹിത്. മുംബൈ പൊലീസ് 2019ലാണ് ബാങ്ക് അഴിമതിക്കേസിൽ എഫ്ഐആർ രേഖപ്പെടുത്തിയത്.

കണ്ടല ബാങ്ക് ക്രമക്കേട്:പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം
?️തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ ആദ്യഘട്ട കുറ്റപത്രം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. സിപിഐ മുൻ നേതാവും ബാങ്കിന്‍റെ മുൻ പ്രസിഡന്‍റുമായ എൻ. ഭാസുരാംഗൻ, മകൻ അഖിൽ, രണ്ട് പെൺമക്കൾ അടക്കം 6 പ്രതികൾക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടെത്തിയിരുന്നു.

അയോധ്യയിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹത്തിന്‍റെ ആദ്യ ചിത്രം പുറത്ത്
?️അ‍യോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠക്കൊരുങ്ങുന്ന ആദ്യ രാമവിഗ്രഹത്തിന്‍റെ ചിത്രങ്ങൾ പുറത്ത്. 51 ഇഞ്ചാണ് വിഗ്രഹത്തിന്‍റെ ഉയരം. നിലവിൽ വിഗ്രഹത്തിന്‍റെ മുഖവും നെഞ്ചും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുണികൊണ്ട് മറച്ചനിലയിലാണ്. മൈസൂരുവിൽ നിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തത്. കൃഷ്ണശിലയിൽ നിർമിച്ചെടുത്ത ഈ വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. ജനുവരി 22 നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നു നൽകുമെന്നാണ് വിവരം.

22ന് വയനാട്ടിൽ വന്‍ ആഘോഷം സംഘടിപ്പിക്കാൻ എൻഡിഎ
?️അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന 22ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ വൻ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ എൻഡിഎ നേതൃത്വം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവഡേക്കർ ഉൾപ്പെടെ പങ്കെടുക്കും. അയോധ്യയിലെ ചടങ്ങുകൾ പൊൻകുഴി ക്ഷേത്രത്തിൽ പ്രത്യേക സ്ക്രീൻ തയാറാക്കി തൽസമയം പ്രദർശിപ്പിക്കും.

മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു
?️തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയാൻ എസ്റ്റേറ്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിയ സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്. ചൊവ്വാഴ്ചയാണ് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ‌ ആവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്.

രാഹുലിന്‍റെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസമിൽ കേസ്
?️രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‌പ്രദേശത്ത് കലാപസമാനമായ സാഹചര്യമുണ്ടായെന്ന് പൊലീസ് പറയുന്നു. മുൻകൂട്ടി അറിയിക്കാതെ യാത്രാപഥം മാറ്റിയത് ഗതാഗതം താറുമാറാക്കിയെന്നും ബരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പൊലീസിനെ മർദിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പൊലീസ് ആരോപിക്കുന്നു.

മോദിക്ക് കഠിനവ്രതം; ഉറങ്ങുന്നത് നിലത്ത്
?️രാമക്ഷേത്രത്തിൽ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത് കഠിന വ്രതമെന്നു റിപ്പോർട്ട്. 11 ദിവസത്തെ വ്രതമാണു മോദി അനുഷ്ഠിക്കുന്നത്. കരിക്കിൻ വെള്ളം മാത്രമാണ് ഈ ദിവസങ്ങളിൽ അദ്ദേഹം കഴിക്കുന്നത്. ഉറക്കം വെറുംനിലത്ത്. പുലർച്ചെ സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റ് പതിവുള്ള യോഗയ്ക്കൊപ്പം ധ്യാനം, ജപം തുടങ്ങിയവയും അദ്ദേഹം അനുഷ്ഠിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഒഡീശയിൽ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി
?️ഒഡീശയിലെ ബസ് സ്റ്റാൻഡിൽ നിന്ന് 9 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഖല്ലിക്കോട്ട് നഗരത്തിലാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചു കുഞ്ഞുമായി വീടു വിട്ടിറങ്ങിയ യുവതി രണ്ടു ദിവസമായി ബസ് സ്റ്റാൻഡിലാണ് അന്തിയുറങ്ങിയിരുന്നത്. ബുധനാഴ്ച രാവിലെ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാതായതാണ് പരാതി. അമ്മ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. 45 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ്: യുപിയിൽ എസ് പി- ആർ എൽ ഡി സഖ്യം
?️ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിൽ സഖ്യം പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടിയും ആർഎൽഡിയും. എസ് പി പ്രസിഡന്‍റ് അഖിലേഷ് യാദവും ആർഎൽഡി മേധാവി ജയന്ത് ചൗധരിയും ചേർന്നാണ് സഖ്യം പ്രഖ്യാപിച്ചത്. നമുക്കെല്ലാവർക്കും വിജയത്തിനു വേണ്ടി ഒരുമിക്കാമെന്നാണ് അഖിലേഷ് യാദവ് എക്സിൽ കുറിച്ചിരിക്കുന്നത്. ദേശീയവും ഭരണഘടനാപരവുമായ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലായ്പ്പോഴും തയാറാണെന്ന കുറിപ്പോടെ ചൗധരിയുടെ പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്.

കൈവെട്ട് കേസ്: ഒന്നാം പ്രതി ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയിൽ
?️മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. സവാദിന്‍റെ തിരിച്ചറിയൽ പരേഡ് സബ് ജയിലിൽ പൂർത്തിയായിരുന്നു. പ്രൊഫ. ജോസഫ് സവാദിനെ തിരിച്ചറിയുകയും ചെയ്തിരുന്നു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ക്രിക്കറ്റ് താരം മിഥാലി രാജ്
?️അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്. മിഥാലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഥാലിയുടെ അസാന്നിധ്യത്തില്‍ അമ്മ ക്ഷണക്കത്ത് കൈപ്പറ്റിയതിന്‍റെ ചിത്രവും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും മിഥാലി എക്സിൽ കുറിച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് നേരത്തേ തന്നെ ക്ഷണക്കത്ത് ലഭിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ