എക്സാലോജിക് കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രി, മകളുടെ പേരിൽ കേസെടുത്തത് അച്ഛനെ കുടുക്കാൻ; എം.വി. ഗോവിന്ദൻ
?️എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മകൾ വഴി അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജിന് ബിജെപി ഭാരവാഹിത്വം നൽകിയതു തന്നെയാണ് കേസിനു പിന്നിലാരാണെന്നു വെളിപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവെന്നും ഗോവിന്ദൻ പറഞ്ഞു.
മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ: ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക്
?️മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവുമാക്കുന്ന 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വ്യാപകമായ അധികാരങ്ങള്‍ നല്‍കാനും ഭേദഗതി ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.മാലിന്യം വലിച്ചെറിയുന്നതിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വര്‍ധിപ്പിച്ചു. പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശികയായി കണക്കാക്കും.
നിക്ഷേപകർക്ക് 30 കോടി രൂപ തിരിച്ചു നൽകി: കരുവന്നൂർ ബാങ്ക്
?️കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 7800ഓളം നിക്ഷേപകർക്ക് മൂന്ന് മാസത്തിനുള്ളിൽ 30 കോടി രൂപയോളം തിരിച്ചു നൽകിയതായി ബാങ്ക് അധികൃതർ. നിക്ഷേപകർക്ക് പണം തിരികെ നൽകുന്ന പ്രക്രിയയും പുതിയ വായ്പകൾ അനുവദിക്കുന്ന പ്രവർത്തനവും തടസങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്നുണ്ട്. 2023 സെപ്റ്റംബർ 30ന് സേവിങ്സ് ബാങ്കിൽ നിക്ഷേപം ഉള്ളവർക്ക് 50,000 രൂപ വരെ പിൻവലിക്കാനും ഒരു ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപം ഉള്ളവരുടെ നിക്ഷേപം പൂർണമായി തിരിച്ചു കൊടുക്കുന്നതുമായ പാക്കേജ് നവംബർ ഒന്നു മുതൽ നടപ്പിലാക്കിയിട്ടുണ്ട്.
ശ്രുതിതരംഗം പദ്ധതി; അപേക്ഷിച്ച എല്ലാവർക്കും അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്
?️ശ്രുതിതരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയില്‍ എംപാനല്‍ ചെയ്യാൻ നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിക്കും. ജില്ലാതല ആശുപത്രികളില്‍ കൂടി പരിശീലനം നല്കി ഉപകരണങ്ങളുടെ മെയിന്റനന്‍സ് സാധ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ടീമിനെ മന്ത്രി യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.
വ്യാപാരികൾ 13ന് കടകളടച്ച് സമരം ചെയ്യും
?️ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങളുന്നയിച്ച് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായാണിത്.
ക്രിസ്മസ്-പുതുവത്സര ബംപർ വിജയി ശബരിമല തീർത്ഥാടനത്തിനെത്തിയ പോണ്ടിച്ചേരി സ്വദേശി
?️ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് ഭാഗ്യവാൻ. സമ്മാനര്‍ഹമായ ടിക്കറ്റുമായി യുവാവ് ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ടെത്തി ടിക്കറ്റ് ഹാജരാക്കി. വ്യക്തിപരമായ കാരണങ്ങളുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് യുവാവ് വകുപ്പിനോട് ആവശ്യപ്പെട്ടു. ടിക്കറ്റ് പരിശോധന നടത്തി പണം കൈമാറുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി ഏജൻസിയിൽ നിന്ന് 33കാരനായ ബിസിനസുകാരന്‍ ടിക്കറ്റ് എടുത്തത്.
മാസപ്പടി വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചു; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
?️മാസപ്പടി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടനാണ് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. അന്വേഷണം നടക്കുന്ന വിഷയമായതിനാൽ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്ക് നൽകാത്ത സേവനത്തിനു പണം ലഭിച്ചതെന്നതിൽ അന്വേഷണം നടക്കുന്നത് സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടാണ് പ്രതിപക്ഷം പ്രമേയം നൽകിയത്. പ്ലക്കാഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു.
തണ്ണീര്‍ക്കൊമ്പനെ മയക്കുവെടിവച്ചു
?️വയനാട് മാനന്തവാടിയിൽ 12 മണിക്കൂർ നാടിനെ നടുക്കിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാൻ സാധിച്ചത്. തണ്ണീർ കൊമ്പന്റെ പിൻകാലിന് മുകളിലാണ് മയക്കുവെടിയേറ്റത്. ശ്രമം വിജയകരമായെന്നു ദൗത്യസംഘം മാധ്യമങ്ങളോട് പറഞ്ഞു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുന്ന കൊമ്പൻ പൂര്‍ണമായി മയങ്ങി കഴിഞ്ഞാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റും.
അഭിനയം നിർത്തുന്നു; നിർണായക പ്രഖ്യാപനവുമായി വിജയ്
?️രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപനത്തിനു പിന്നാലെ സുപ്രധാന തീരുമാനം പങ്കുവച്ച് നടൻ വിജയ്. കരാർ ഒപ്പുവച്ച ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുന്നതായും രാഷ്ട്രീയ ജീവിത്തതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാഗ്രഹിക്കുന്നതായുമാണ് വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്കെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കാലങ്ങളായി പറഞ്ഞു കേട്ടിരുന്നതായിരുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
?️ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇഡി അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ രാജിവച്ചതോടെയാണ് ചംപയ് സോറൻ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്നു ചംപയ് സോറൻ. സര്‍ക്കാരിന്‍റെ ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സമയമാണ് ചംപയ് സോറൻ അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം വ്യക്തമാക്കി.
രേവന്തിനെ വിശ്വാസം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 44 ഝാർഖണ്ഡ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി
?️ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഭരണപക്ഷ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി ഝാർഖണ്ഡ് മുക്തി മോർച്ച. 2 ചാർട്ടേഡ് വിമാനങ്ങളിലാണ് 44 എംഎൽഎമാരെ ഹൈദരാബാദിലെത്തിച്ചത്. ജെഎംഎം എംഎൽഎമാർക്കൊപ്പം ആർജെഡി നിയമസഭാ അംഗങ്ങളും ഉണ്ട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
പൊതുമുതൽ നശിപ്പിച്ചാൽ ജാമ്യം കിട്ടാൻ പാടുപെടും
?️പൊതു മുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യ വ്യവസ്ഥയിൽ കർശന ശുപാർശയുമായി ദേശീയ നിയമ കമ്മീഷൻ. ജാമ്യം ലഭിക്കണമെങ്കിൽ ഇനി മുതൽ നശിപ്പിച്ച മുതലിന് തുല്യമായ തുക കെട്ടിവയ്ക്കണമെന്നാണ് ശുപാർശ. ഇത് സംബന്ധിച്ച നിയമഭേദഗതിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും. സുപ്രീംകോടതി നിർദേശത്തിന്‍റേയും വിവിധ ഹൈക്കോടതി വിധികളുടേയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷന്‍റെ ശുപാർശ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ആഹ്വാനം ചെയ്ത് പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഭാരവാഹികളെ പ്രതികളാക്കാമെന്നും ശുപാര്‍ശയിലുണ്ട്. കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കുന്നതിനും കർശനനിർദ്ദേശങ്ങൾ അടങ്ങുന്ന ശുപാർശ കമ്മീഷൻ സമർപ്പിച്ചു.
ചാരപ്രവർത്തനമെന്ന് സംശയം: പ്രാവിനെ കസ്റ്റഡിയിൽ വച്ചത് 8 മാസം; ഒടുവിൽ മോചനം
?️ചാരപ്രവർത്തനത്തിനെത്തിയെന്ന് സംശയിച്ച് 8 മാസത്തോളം കസ്റ്റഡിയിൽ വച്ചിരുന്ന പ്രാവിനെ തുറന്നു വിട്ടു. ചിറകിൽ ചൈനീസ് ലിപിയോട് സാദൃശ്യമുള്ള സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ തുറമുഖത്തു നിന്നുമാണ് പ്രാവിനെ പിടികൂടിയത്. പിന്നാലെ ചാരപ്രവർത്തനത്തിന് കേസെടുത്ത് പ്രാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് 8 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കുറ്റം ഒഴിവാക്കി പ്രാവിനെ മോചിപ്പിക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശമുള്ള ഒരു കുറിപ്പ് പ്രാവിൽനിന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് മുസ്ലീം ലീഗ്
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസത്തെ ഉഭയകക്ഷി ചർച്ചയിലും ഈ ആവശ്യം ലീഗ് നേതാക്കൾ ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണം. ഇത് ലഭിച്ചില്ലെങ്കിൽ കാസർകോഡ് വടകര വേണമെന്നാണ് ആവശ്യം.നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് ആവശ്യമുയരുന്നത്. ലീഗിന് സ്വാധീനമുള്ള നിലവിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ കാസർകോഡാണ് ഉന്നം വയ്ക്കുന്നതെന്നാണ് സൂചനകൾ. എപ്പോഴും പറയുംപോലെയല്ലെന്നും,ഇത്തവണ സീറ്റ് വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ദയാവധത്തിന് അനുമതി തേടിയ ജോഷിയുടെ പണം കരുവന്നൂർ ബാങ്ക് തിരിച്ചുനൽകി
?️ദയാവധത്തിന് ഹര്‍ജി നല്‍കിയ മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി ആന്‍റണിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിന്നു നിക്ഷേപത്തുക തിരികെ ലഭിച്ചു. ബാങ്ക് അധികൃതരുമായി മണിക്കൂറുകൾ നീണ്ട ചര്‍ച്ചയിലാണ് 28 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും ജോഷി സമീപിച്ചിരുന്നു.കഴിഞ്ഞ 20 വർഷത്തിനിടെ രണ്ടുതവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ കഴിഞ്ഞയാളാണ് 53കാരനായ ജോഷി.
മാലിന്യ ശേഖരണം: ഹരിതകർമ സേനയുടെ യൂസർ ഫീ വർധിപ്പിച്ചേക്കും
?️വീടിന്‍റെ വലുപ്പം, അംഗങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ യൂസര്‍ ഫീയില്‍ മാറ്റം വരുത്തുന്നത് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ.വാണിജ്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യത്തിന്‍റെ അടിസ്ഥാനത്തിലും യൂസര്‍ഫീസില്‍ മാറ്റം വരുത്താം. അതിദരിദ്രരെ യൂസര്‍ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് ഒഴിവാക്കാമെന്ന നിലപാടും സർക്കാർ സ്വീകരിച്ചേക്കും.എന്നാല്‍, ഒഴിവാക്കുന്ന ഫീസ് തദ്ദേശ സ്ഥാപനങ്ങള്‍ ഹരിത കര്‍മസേനയ്ക്ക് നല്‍കണം.
ബിനീഷിന്‍റെ ജാമ്യം റദ്ദാക്കില്ല; ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
?️ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേയാണ് നടപടി.2021 ഒക്‌ടോബറിൽ കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചതായി ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു.
ഗുഡ്‌സിനായി എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു; സ്ഥിരം യാത്രക്കാർക്ക് പകുതി ശമ്പളം നഷ്ടം
?️ഗുഡ്‌സ് ട്രെയിൻ കടന്നുപോകാൻ വേണ്ടി പാലരുവി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൺട്രോളിംഗിലെ പിഴവിൽ പകുതി ശമ്പളം നഷ്ടമായത് സ്ഥിരം യാത്രക്കാരായ നൂറുകണക്കിന് ജീവനക്കാർക്ക്. സമയത്ത് ഓഫീസിലെത്താൻ ഇവർക്കാർക്കും സാധിച്ചില്ല.വന്ദേഭാരത് സർവീസ് നടത്താത്ത വ്യാഴാഴ്ച ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവരും ഇതോടെ ബുദ്ധിമുട്ടിലായി.
40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക്
?️റെയ്‌ൽ ഗതാഗതത്തിൽ മുന്നേറ്റത്തിനും ആധുനീകരണത്തിനും വഴിയൊരുക്കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 40,000 റെയ്‌ൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും.സെമി ഹൈ സ്പീഡ് ട്രെയ്‌ൻ വന്ദേഭാരതിന്‍റെ നിലവാരം കൂടുതൽ കോച്ചുകളിലേക്കു ലഭിക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.പുതിയ മൂന്ന് റെയ്‌ൽ ഇടനാഴികൾ സ്ഥാപിക്കുമെന്നും മന്ത്രി. പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമാണ് ഇടനാഴികൾ. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായമാകും. ഊർജം, ധാതുക്കൾ, സിമന്‍റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമിക്കുക.
അഞ്ചാം തവണയും ഇഡിക്കു മുന്നിൽ കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന
?️മദ്യനയ അഴിമതി കേസിൽ ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അ രവിന്ദ് കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എഎപി നിലപാട് വ്യക്തമാക്കിയെങ്കിലും ഹാജരാകാൻ സാധ്യതയില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റി ഇഡി ഓഫീസിൽ എത്തുമോയെന്ന സംശയവും ഉയരുന്നുണ്ട്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അഞ്ചാം തവണയാണ് ഇഡി നോട്ടീസയക്കുന്നത്. മുമ്പു നാലു തവണയും കെജ്രിവാൾ ആവശ്യം തള്ളിയിരുന്നു.
ഗ്യാന്‍വാപിയിൽ പുലർച്ചെ വീണ്ടും ആരതി; മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു
?️വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വെള്ളിയാഴ്ച പുലർച്ചയും ഹിന്ദുക്കൾ ആരാധന നടത്തി. ഹിന്ദുക്കൾ ആരാധന നടത്താന്‍ അനുമതി ലഭിച്ച വാരാണസി കോടതി വിധിക്കു പിന്നാലെയാണ് വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയത്. അതേസമയം, ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം; തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്
?️ചെന്നൈ അടക്കം തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ്. നിരോധിത സംഘടനയായ എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്ഡ്. ശിവഗംഗ, കോയമ്പത്തൂർ ജില്ലകളിലും പ്രത്യേകസംഘം പരിശോധന നടത്തുന്നത്.
കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി
?️കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയേയും മക്കളേയും ബന്ധുക്കളെയുമാണ് കാണാതായത്. ജനുവരി 20 മുതലാണ് ഇവരെ കാണാതായത്. ഇവരുടെ മൊബൈൽ ഫോണുകളും ഓഫാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കാണാതാകുന്നത്. തുടർന്ന് 24ന് മധു ഷെട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണു; പശ്ചിമബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം
?️തലശേരിയിൽ വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു വീണ് പശ്ചിമബംഗാൾ സ്വദേശി മരിച്ചു. സിക്കന്ദർ (45) ആണ് മരിച്ചത്. തലശേരി മാടപ്പീടികയിൽ സ്വകാര്യ വ്യക്തിയുടെ വീട് നിർമാണത്തിനിടെയാണ് കോൺക്രീറ്റ് ബീം തകര്‍ന്നു വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.
സാബു എം.ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
?️ട്വന്‍റി20 പാര്‍ട്ടി ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്‍റെ പരാതിയിൽ പുത്തൻ കുരിശ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലാണ് കോടതി നിർദേശം . തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയിലാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് കാട്ടി ശ്രീനിജിൻ നൽകിയ പരാതിയിൽ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം അനുസരിച്ചാണ് സാബു എം.ജേക്കബിനെതിരേ കേസെടുത്തിരുന്നത്.
രണ്ടാം ടെസ്റ്റ്: ഇന്ത്യ 336/6, ജയ്സ്വാൾ 179 നോട്ടൗട്ട്
?️ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് എന്ന നിലയിൽ. 179 റൺസുമായി ഓപ്പണർ യശസ്വി ജയ്സ്വാളും അഞ്ച് റൺസുമായി ആർ. അശ്വിനും ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമയും (14) യുവതാരം ശുഭ്‌മൻ ഗില്ലും (34) വലിയ സംഭാവനകൾ നൽകാതെ പുറത്തായപ്പോൾ, ജയ്സ്വാളിന്‍റെ സെഞ്ചുറിയാണ് ഇന്ത്യയെ തകർച്ചയിൽ നിന്നു കരകയറ്റിയത്. ശ്രേയസ് അയ്യർക്കും (27) രജത് പാട്ടീദാറിനും (32) അക്ഷർ പട്ടേലിനും (27) ഒപ്പം ജയ്സ്വാൾ അർധ സെഞ്ചുറി കൂട്ടുകെട്ടുകൾ പടുത്തുയർത്തി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ