കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. മറന്നുവെച്ച കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയ യുവാവ് തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. പുനെ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിൽ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ ട്രെയിനിൽ കയറി. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങാൻശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാണ് ദീപക് ജോർജ് വീണത്.