◾ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ റാലിയുടെ മുന്‍നിരയിലുണ്ടെന്ന് ആരോപിച്ചു നടന്ന കല്ലേറോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്കു വെടിവച്ചു. റാലിയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയംതേടി. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ രംഗത്തെത്തി.
◾ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നും നാളേയും സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് പരിശോധന. ലൈസന്‍സിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടിയെടുക്കും.
◾അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്റെ മൃതദേഹം നാളെ രാവിലെ 11 നു വക്കത്തു സംസ്‌കരിക്കും. മൂന്നു തവണ മന്ത്രിയും രണ്ടു തവണ സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ അനുശോചിച്ചു.
◾നൗഷാദ് തിരോധാന കേസില്‍ ഭാര്യ അഫ്സാനക്കെതിരേ കൊലക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത പൊലീസിനെതിരേ വകുപ്പുതല അന്വേഷണം. പത്തനംതിട്ട ജില്ലാ അഡീഷണല്‍ എസ്പി ആര്‍ പ്രദീപ്കുമാര്‍ അന്വേഷണം നടത്താന്‍ ദക്ഷിണ മേഖല ഡിഐജി നിര്‍ദ്ദേശിച്ചു. തന്നെ പൊലീസ് മര്‍ദിച്ച് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പറയിപ്പിച്ചച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്സാന ആരോപിച്ചിരുന്നു.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അതിജീവിതയുടെ മൊഴിയെടുത്തു. പീഡനക്കേസ് ഒതുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ജോയിന്റ് ഡിഎംഇ ഡോ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
◾മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാതീതമായ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഐ ജി ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറെക്കാലമായി ഒരു സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ വെളിപെടുത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപജാപ സംഘത്തിനു നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലിലാണ്. ഇപ്പോള്‍ ആളു മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. സതീശന്‍ ആരോപിച്ചു.
◾യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിനു ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തെന്നും തന്നെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്തു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും കോടതി.
◾ശമ്പളം കൊടുക്കാന്‍ പോലും കടപ്പത്രം ഇറക്കേണ്ടി വരുന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
◾നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവരെ വനം വകുപ്പില്‍ തുടരാന്‍ അനുവദിക്കില്ലെന്നു വന മന്ത്രി എ.കെ. ശശീന്ദ്രന്‍. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഉള്‍പ്പെടെ വിരമിക്കുന്ന പിസിസിഎഫുമാരുടെ യാത്രയയപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസംഗിച്ച വേദിയില്‍ പാമ്പ്. കണ്ണൂര്‍ കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെ പാമ്പിനെ കണ്ടതോടെ സദസിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ പരിഭ്രാന്തരായി ചിതറിയോടി.
◾അനാരോഗ്യകരമായ ചര്‍ച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ഒഴിവാക്കാന്‍ സമസ്ത- മുസ്ലിം ലീഗ് നേതാക്കളുടെ യോഗം ധാരണയായി. കൂടുതല്‍ വിപുലമായ യോഗം പിന്നീടു നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ ആണ് മാര്‍പ്പാപ്പയുടെ പ്രതിനിധിയായി എറണാകുളത്തെത്തുക. ഏകീകൃത കുര്‍ബാന വേണമെന്ന സിനഡ് നിര്‍ദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.
◾മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിനെ വിമര്‍ശിച്ചു പോസ്റ്റിട്ടതിനു ഭീഷണിയെന്നു നടന്‍ സുരാജ് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. ഫോണില്‍ വിളിച്ച് വധഭീഷണിയും അസഭ്യ വര്‍ഷവും നടത്തിയതിനു സൈബര്‍ പൊലീസ് കേസെടുത്തു.
◾വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള മോട്ടോര്‍ വാഹ വകുപ്പിന്റെ ക്ലാസില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
◾ട്രെയിനില്‍നിന്നു വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികില്‍സയിലായിരുന്ന 19 കാരി മരിച്ചു. വര്‍ക്കല ഇടവ കാപ്പില്‍ മൂന്നുമൂല വീട്ടില്‍ രേവതി (19) ആണ് മരിച്ചത്. ട്രെയിനിലെ വാഷ് ബേസിനില്‍ കൈ കഴുകുന്നതിനിടെ പുറത്തേക്കു വീഴുകയായിരുന്നു.
◾കാഞ്ഞിരംകുളം തടത്തിക്കുളത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനേഴുകാരന്‍ മരിച്ചു. കാഞ്ഞിരംകുളം മേലെവിളാകം ലക്ഷംവീട് കോളനിയില്‍ ബിജു- സുനി ദമ്പതികളുടെ മകന്‍ പൊന്നു എന്ന ബിജിത്ത് (17) ആണ് മരിച്ചത്.
◾തൃശൂര്‍ കൊണ്ടാഴിയില്‍ കാണാതായ വയോധിക വനത്തില്‍ മരിച്ച നിലയില്‍. കേരകകുന്നില്‍ വയലിങ്കല്‍ വീട്ടില്‍ തങ്കമ്മ (94) ആണു മരിച്ചത്. ഇവരെ പത്തു ദിവസം മുമ്പു കാണാതായെന്നു ബന്ധുക്കള്‍ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വട്ടപ്പാറ വനത്തിലാണു മൃതദേഹം കണ്ടെത്തിയത്.
◾ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24 കാരന് 40 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടൂക്കര പാലിയ താഴത്തു വീട്ടില്‍ ഷിനാസി (24) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
◾ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഇരുമ്പു ഗേറ്റ് മോഷ്ടിച്ചു വിറ്റ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരന്‍ എ വി സത്യനാണ് പിടിയിലായത്.
◾സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കീഴ്പെടുത്തി. കഠിനംകുളം സ്വദേശി റോബിന്‍ (39) നെതിരെ പൊലീസ് കേസെടുത്തു.
◾കോട്ടയത്ത് സ്ത്രീയെ ആക്രമിച്ച കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സസ്പെന്‍ഷനിലായിരുന്ന വൈക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എസ് ഐ അജ്മല്‍ ഹുസൈന്‍, പൊലീസുകാരായ സാബു, വിനോയ്, വിനോദ് എന്നിവരുടെ സസ്പെന്‍ഷനാണ് ഡിഐജി എ. ശ്രീനിവാസ് പിന്‍വലിച്ചത്.
◾മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഇരയായ സ്ത്രീകള്‍. സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് ആസാമിലേക്കു മാറ്റരുതെന്നും ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ എവിടെ വേണമെന്ന് കോടതിക്കു തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോടു യോജിപ്പാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
◾മറ്റിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മണിപ്പൂരില്‍ നടന്നതിനെ ന്യായീകരിക്കരുതെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയെന്ന കേസിന്റെ വിചാരണ മണിപ്പൂരില്‍നിന്നു മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അഭിഭാഷകന്‍ ബംഗാളിലും രാജസ്ഥാനിലുമുള്ള അതിക്രമങ്ങളെക്കുറിച്ചു സംസാരിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
◾ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് കാറുകളും ആഭരണങ്ങളും പിടിച്ചെടുത്തു. ധരം സിംഗ് ചോക്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലാണ് റെയ്ഡ് നടത്തിയത്. നാല് ആഡംബര കാറുകളും പതിനാലര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും പിടിച്ചെടുത്തു.
◾ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളില്‍ ഭാര്യയുടെ പേരു തിരുകിക്കയറ്റി ശമ്പളം ഇനത്തില്‍ ലക്ഷങ്ങള്‍ വെട്ടിച്ച കമ്പനി മാനേജര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ രാധാബല്ലവ് നാഥിനെയാണ് അറസ്റ്റു ചെയ്തത്. 10 വര്‍ഷമായി ഇയാള്‍ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കു ശമ്പളമെന്ന പേരില്‍ മാസംതോറും പണം മാറ്റിയിരുന്നു.
◾46,000 വര്‍ഷമായി ജീവനോടെയുള്ള പുഴുവിനെ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞരുടെ അവകാശവാദം. ഡ്രെഡ്സണിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്‌സിലെ ശാസ്ത്രജ്ഞരാണ് മരവിച്ച അവസ്ഥയിലുള്ള പുഴുവിനെ കണ്ടെത്തിയത്. സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ ഉപരിതലത്തില്‍ നിന്ന് 40 മീറ്റര്‍ താഴെയായി ക്രിപ്‌റ്റോബയോസിസ് എന്നു വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴു. ശാസ്ത്രജ്ഞസംഘത്തിനു നേതൃത്വം നല്‍കുന്ന പ്രൊഫ. ടെയ്മുറാസ് കുര്‍സാലിയ പറഞ്ഞു.
◾അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പരുക്കുമൂലം 11 മാസം വിശ്രമത്തില്‍ കഴിയുകയായാരുന്ന ജസ്പ്രീത് ബുമ്ര നയിക്കും. സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ എന്നിവരെല്ലാം ടീമിലുണ്ട്. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് മത്സരങ്ങള്‍.
◾ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ആവേശ ജയം. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. പരമ്പര സമനിലയിലായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വിജയികളായതിനാല്‍ ഓസീസ് ആഷസ് കിരീടം നിലനിര്‍ത്തി. രണ്ടാം ഇന്നിങ്‌സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ ഇന്നലെ കളി ആരംഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 135 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയും 334 റണ്‍സിന് ഓസീസിനെ പുറത്താക്കിയാണ് ഇംഗ്ലണ്ടിനായി വിജയമൊരുക്കിയത്.
◾ഇന്ത്യയില്‍ നിക്ഷേപ ഏകോപന സേവനങ്ങള്‍ ആരംഭിക്കുന്നതിനായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും യു.എസ്. ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കും സംയുക്ത സംരംഭം രൂപീകരിക്കും. 150 മില്യണ്‍ ഡോളര്‍ വീതം പ്രാരംഭ നിക്ഷേപമാണ് ‘ജിയോ ബ്ലാക്ക്‌റോക്ക്’ എന്ന സംയുക്ത സംരംഭത്തില്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് മേഖലയെ ഡിജിറ്റലാക്കാനും ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നിക്ഷേപ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ബ്ലാക്ക് റോക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നത്തിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് താങ്ങാനാവുന്നതും നൂതനവുമായ നിക്ഷേപ പരിഹാരങ്ങള്‍ നല്‍കുന്നതിന് ഈ സംരംഭം സഹായിക്കും. ഒരാഴ്ചയ്ക്ക് മുന്‍പാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വേര്‍പെടുത്തിയത്. ജിയോ ഫിനാന്‍ഷ്യലില്‍ നിന്നുള്ള ആദ്യത്തെ പ്രധാന പ്രഖ്യാപനമാണ് ബ്ലാക്‌റോക്കുമായുള്ള സംയുക്ത സംരംഭം. റെഗുലേറ്ററി, സ്റ്റാറ്റിയൂട്ടറി അംഗീകാരങ്ങള്‍ ലഭിച്ചതിന് ശേഷം സംയുക്ത സംരംഭം പ്രവര്‍ത്തനം ആരംഭിക്കും.
◾ഷാരൂഖ്-അറ്റ്‌ലീ ഒന്നിക്കുന്ന ‘ജവാന്‍’ ചിത്രത്തിലെ ഗാനം പുറത്തെത്തി. ആയിരം നര്‍ത്തകര്‍ അണിനിരക്കുന്ന ‘സിന്ദാ ബന്ദാ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കി ആലപിച്ച ഗാനത്തില്‍ ഡപ്പാം കൂത്ത് സ്‌റ്റൈലില്‍ തകര്‍ത്താടുന്ന ഷാരൂഖിനെ കാണാം. ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നു. ‘ചെന്നൈ എക്‌സ്പ്രസ്’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖിനൊപ്പം പ്രിയാമണി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. മൊട്ടയടിച്ചത് അടക്കം മൂന്നോളം വ്യത്യസ്ത ലുക്കുകളിലാണ് ഷാരൂഖ് ഖാന്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായികയായ നയന്‍താരയുടെ മാസ് എന്‍ട്രിയും ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാരൂഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
◾ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24ന് ഓണം റിലീസ് ആയി ചിത്രം തിയേറ്ററില്‍ എത്തും. പാന്‍ ഇന്ത്യന്‍ ലെവലില്‍ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ടീസറും ‘കലാപകാര’ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
◾30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഡുക്കാട്ടി മോണ്‍സ്റ്റര്‍ 30 ആനിവേഴ്സറി എഡിഷന്‍ പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ 500 യൂണിറ്റുകള്‍ മാത്രമേ ഡുക്കാട്ടി നിര്‍മ്മിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോണ്‍സ്റ്ററിന് 188 കിലോഗ്രാം ഭാരമുള്ളപ്പോള്‍ പുതിയ പതിപ്പിന് 184 കിലോഗ്രാം മാത്രമാണ് ഉണ്ടാവുക. ഗോള്‍ഡ് ഫിനിഷുള്ള ഫോര്‍ജ്ഡ് അലുമിനിയം വീല്‍സ്, ഓഹ്ലിന്‍സ് സസ്പെന്‍ഷന്‍, ടെര്‍മിഗ്നോണി സൈലന്‍സര്‍, കാര്‍ബണ്‍ ഫൈബര്‍ മഡ്ഗാര്‍ഡുകള്‍, പ്രത്യേകം എംബ്രോയ്ഡറി ചെയ്ത സീറ്റ് എന്നിവയെല്ലാം വാര്‍ഷിക പതിപ്പിലുണ്ട്. 937 സിസി, ടെസ്റ്റാസ്ട്രെറ്റ 11-ഡിഗ്രി, വി ട്വിന്‍ എഞ്ചിനാണ് ഈ ബൈക്കിലുള്ളത്. എഞ്ചിന്‍ 9,250 ആര്‍പിഎമ്മില്‍ 109 പിഎച്ച്പി പവറും 6,500 ആര്‍പിഎമ്മില്‍ 93 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയാല്‍ ഡുക്കാട്ടി മോണ്‍സ്റ്റര്‍ ആനിവേഴ്സറി എഡിഷന് വില മോണ്‍സ്റ്റര്‍ എസ്പിയേക്കാള്‍ കൂടുതലായിരിക്കും. മോണ്‍സ്റ്റര്‍ എസ്പിയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില 15.95 ലക്ഷം രൂപയാണ്.
◾ദിവസവും രണ്ട് നേരം സ്‌ട്രോബെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. സാന്‍ ഡീഗോ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. സ്‌ട്രോബെറി ഓര്‍മ്മശക്തി കൂട്ടുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ധാരാളം ബയോആക്ടീവ് സംയുക്തങ്ങളുടെ ഉറവിടമായ സ്‌ട്രോബെറിയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ഫൈറ്റോസ്‌റ്റൈറോളുകള്‍, പോളിഫൈനോള്‍സ് തുടങ്ങി ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സ്‌ട്രോബെറി നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്‌ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംശയമില്ലാതെ കഴിക്കാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇവ. മാത്രമല്ല, സ്‌ട്രോബെറിയില്‍ കാണപ്പെടുന്ന ഒരു ബയോകെമിക്കല്‍, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.