തുടരും.. നെന്മാറ-ഒലിപ്പാറ റോഡിൻ്റെ ദുരവസ്ഥ തുടരും.. ചീഫ് എഞ്ചിനിയർ നിർമ്മാണ മേഖല സന്ദർശിച്ചു. മെയ് 15 നകം ടാറിങ് പണി ആരംഭിക്കുമെന്ന് ചീഫ് എൻജിനീയർ.

നെന്മാറ-ഒലിപ്പാറ റോഡിൻ്റെ ദുരവസ്ഥ ആക്ഷൻ കമ്മിറ്റി ചീഫ് എൻജിനീയറെ ധരിപ്പിച്ചു. നിർമ്മാണം തുടങ്ങി രണ്ടു വർഷമായിട്ടും നവീകരണം പൂർത്തിയാക്കാതെ പാത തകർന്നു കിടക്കുന്നതുമൂലമുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ട് പൊതുമരാമത്ത് എൻ.എച്ച്. വിഭാഗം ചീഫ് എൻജിനീയറെയും സംഘത്തെയും ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും ബോധ്യപ്പെടുത്തി. നിരവധിതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞുനീങ്ങുന്നതിലും തകർന്നുകിടക്കുന്ന റോഡിലെ ദുരിത യാത്രയും അധികൃതർക്ക് മുന്നിൽ പ്രദേശവാസികൾ വിവരിച്ചു. ആറുമാസത്തിനകം പൂർത്തീകരിക്കാൻ വ്യവസ്ഥ ചെയ്ത റോഡ് നവീകരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു നൽകിയ പരാതികൾക്കൊടുവിലാണ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിക്കാൻ എത്തിയത്. റോഡ് പണിയുടെ വേഗതക്കുറവ്, പണി നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് സൂചകബോർഡുകൾ ഇല്ലാത്തത്, റോഡ് പണിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് പൊട്ടി പോകുന്ന കാര്യം, കുടിവെള്ള വിതരണത്തിനായി പത്തിലധികം ഭാഗയങ്ങളിൽ റോഡ് ക്രോസ് ചെയ്ത് നടത്താൻ നിശ്ചയിച്ച പണികൾ വേഗം പൂർത്തീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പ്രദേശവാസികളുടെ ആശങ്കകൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഉദ്യോഗസ്ഥ സംഘത്തെ ധരിപ്പിച്ചു.ടാറിംഗ് പണി ഈ മാസം 15-ാം തിയ്യതിയ്ക്കകം തുടങ്ങുമെന്ന്ചീഫ് എഞ്ചിനിയർ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. രഘുകുമാർ, ജനറൽ കൺവീനർ എസ്.എം. ഷാജഹാൻ, എസ്. ഉമർ, റോയ് പുൽപ്ര, വി.എം. സ്കറിയ, കെ.ജി. രാഹുൽ എന്നിവരുടെ സംഘമാണ് ചീഫ് എൻജിനീയറെ കണ്ടത്.