തൃശ്ശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്. ഗതാഗത നിയന്ത്രണം ഇങ്ങനെ.👇

ജോജി തോമസ് ✍️

ഇന്ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിൻ്റെ ഭാഗമായി സ്വരാജ് റൌണ്ടിൽ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല! കൂടാതെ ഇന്നേ ദിവസം റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകുവാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ട്രാഫിക്ക് SHO അറിയിച്ചു.
സ്വകാര്യവാഹനങ്ങൾക്ക് റൌണ്ടിൻെറ ഔട്ടർ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ.

നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിൻെറ നമ്പറും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്.

പൂരം ദിവസമായ 6 ന് രാവിലെ 6 മുതൽ സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടേയും ഗതാഗത നിയന്ത്രണം താഴെ പറയുന്നു.

ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളേജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് അതേ റൂട്ടിൽ തന്നെ തിരികെ സർവ്വീസ് നടത്തേണ്ടതും, കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പൂങ്കുന്നത്തു നിന്നും പാട്ടുരായ്ക്കൽ വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് വീണ്ടും തിരിച്ച് വടക്കേ സ്റ്റാൻറിൽ നിന്നും പുറപ്പെട്ട് പാട്ടുരായ്ക്കൽ പൂങ്കുന്നം വഴി പൂങ്കുന്നത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെ കോട്ട അയ്യന്തോൾ വഴി സർവ്വീസ് നടത്തേണ്ടതാണ്

അമ്മാടം, കോടന്നൂർ, ആമ്പല്ലൂർ, കല്ലൂർ, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൊടകര, നെടുപുഴ, കൂർക്കഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി സർവ്വീസ് അവസാനിപ്പിച്ച് തിരികെ ശക്തൻ സ്റ്റാൻറിൽ നിന്ന് തന്നെ സർവീസ് നടത്തേണ്ടതാണ്.
കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ പടിഞ്ഞാറെ കോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച്, വെസ്റ്റ് പോലീസ് സ്റ്റേഷൻെറ സമീപത്തുള്ള കുന്നത്ത് ടെക്സ്റ്റൈൽസ് പാർക്കിം ങ്ങ് ഗ്രൗണ്ടിലേക്ക് പോയി അവിടെ നിന്നും തിരികെ പുറപ്പെടേണ്ട സമയത്ത് വെസ്റ്റ് ഫോർട്ടിലെത്തി വീണ്ടും സർവ്വീസ് ആരംഭിക്കേണ്ടതാണ്.

പൂരം ദിവസം നഗരത്തിനു പുറത്തുള്ള ഭാഗങ്ങളിൽ ബസുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി, നിലവിലുള്ള ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻറിനും നോർത്ത് ബസ് സ്റ്റാൻൻറിനും പുറമേ, വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ ഒരു താൽക്കാലിക ബസ് സ്റ്റാൻറ് ഉണ്ടായിരിക്കും. കാഞ്ഞാണി റോഡിൽ നിന്ന് വരുന്ന ബസുകൾ, സിവിൽ ലെയ്ൻ റോഡിൽ നിന്നും അരണാട്ടുകര റോഡിൽ നിന്നും വരുന്ന ബസ്സുകൾ എന്നിവ ഗതാഗത സാഹചര്യത്തിനനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രം ഈ താൽക്കാലിക ബസ് സ്റ്റാൻഡിൽ നിർത്തേണ്ടതാണ്.
ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടുപാലം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് SKT സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് പ്രസ്തുത റോഡ് വൺവേ ആക്കുന്നതായിരിക്കും.

SKT ബസ് സ്റ്റാൻറിന് സമീപത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ട് പൂരം ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുകൾക്ക് മാത്രമായിരിക്കും.
അക്വാട്ടിക് കോംപ്ലക്സിൻറ സമീപത്തുള്ള പാർക്കിങ്ങ് ഗ്രൗണ്ട് പൂരം ദിവസങ്ങളിൽ പ്രൈവറ്റ് ബസ്സുകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസുകളുടെ ഗതാഗത ക്രമീകരണങ്ങൾ..

കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ കിഴക്കേ കോട്ടയിൽ തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തണം.
തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, കൊക്കാലൈ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
ഈ ബസുകൾ തിരികെ മാതൃഭൂമി ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജംഗ്ഷൻ വഴി പുതിയ റോഡിലൂടെ വലതുഭാഗത്തേക്ക് ഒല്ലൂർ, പാലിയേക്കര ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ് ദിവാൻജിമൂല വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.

ഗതാഗതസാഹചര്യങ്ങൾക്കനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതമായ ഗതാഗതം ഒരുക്കാൻ എല്ലാ ബസ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതുമാണ്.