തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയുടെ മാല കവർന്ന കേസിൽ എയ്ഡഡ് സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. നെന്മാറ പുത്തൻതറ സ്വദേശി സമ്പത്താണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് ആലത്തൂർ കാട്ടുശ്ശേരിയിൽ വെച്ച് സമ്പത്ത് വയോധികയുടെ മാല തന്ത്രപൂർവ്വം കവർന്നത്. ബൈക്കിൽ പോകുന്നതിനിടെ തൊഴിലുറപ്പ് ജോലി കഴിഞ്ഞു മടങ്ങിപ്പോകുന്ന വയോധികയെ സമ്പത്ത് കാണുന്നു. ബൈക്കിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വയോധികയുടെ അടുത്തെത്തിയതും, കഴുത്തിൽ ഉണ്ടായിരുന്ന ഒന്നര പവൻ്റെ സ്വർണ്ണമാല പൊട്ടിച്ച സമ്പത്ത് കടന്നു കളഞ്ഞു. വയോധികയുടെ കുടുംബം നൽകിയ പരാതിയിൽ ആലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ ഇന്ന് ഉച്ചയോടെയാണ് സമ്പത്തിനെ നെന്മാറയിൽ നിന്നും പോലീസ് പിടികൂടിയത്. മോഷണത്തിന് ശേഷം നെന്മാറയിലെ ജ്വല്ലറിയിലെത്തി 1,10,000 രൂപയ്ക്ക് മാല വിറ്റുവെന്ന് പ്രതി പൊലിസിന് മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.👇