പ്രാണപ്രതിഷ്ഠക്ക് അയോദ്ധ്യ ഒരുങ്ങി
?️രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 12.20നും ഉച്ചയ്ക്ക് 2.20നും ഇടയിലാണു പ്രാണപ്രതിഷ്ഠ. ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിൽ 121 ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകൾക്കു കാർമികത്വം വഹിക്കുന്നത്. വേദപണ്ഡിതൻ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ചടങ്ങുകളുടെ ഏകോപനം.
കനത്ത സുരക്ഷയിൽ അയോധ്യ
?️പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ. കേന്ദ്ര സേനയിൽ നിന്നുൾപ്പെടെ 13000 രക്ഷാസേനാംഗങ്ങളെയാണു നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ബോംബ് വിരുദ്ധ സ്ക്വാഡിനെയും നിയോഗിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ക്യാംപ് സജ്ജമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 7000ലേറെ പേരാണു പങ്കെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പിന്തുണയുള്ള സിസിടിവി സംവിധാനത്തിന്‍റെ സുരക്ഷയിലാണു നഗരമെന്നു യുപി ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. 10000 സിസിടിവി ക്യാമറകൾ നഗരത്തിലാകെ സ്ഥാപിച്ചിട്ടുണ്ട്. സരയൂ നദിയിൽ മുഴുവൻ സമയവും പൊലീസിന്‍റെ ബോട്ട് പട്രോളിങ് ഏർപ്പെടുത്തി.
മഹാരാജാസ് കോളേജ് സംഘർഷം; രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
?️മഹാരാജാസ് കോളേജിലുണ്ടായ സംഘർഷത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെഎസ്യു പ്രവർത്തകനെ നേരത്തെ അറസ്റ്റിലായിരുന്നു.അതേസമയം വിദ്യാർഥി സംഘർഷത്തിൽ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാർഥി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പ്രിൻസിപ്പൽ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളെജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ജോഡോ യാത്രയ്ക്കിടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍; ബസില്‍ നിന്നും ഇറങ്ങി രാഹുല്‍
?️ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പൂരിൽ ബിജെപി നേതാക്കളുടെ പ്രതിഷേധം. കാവിക്കൊടിയുമായെത്തിയ സംഘം ജയ് മോദി, ജയ് ശ്രീരാം വിളികളുമായി രാഹുലിന്‍റെ വാഹനത്തെ വളഞ്ഞു. പിന്നാലെ രാഹുൽ വാഹനത്തിൽ നിന്നും ഇറങ്ങി. തുടർന്ന് രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസിലേക്ക് തിരികെ കയറുകയായിരുന്നു. കോൺഗ്രസിന് ബിജെപിയേയും ആർഎസ്എസ്സിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങൾ ഭയക്കുന്നില്ലെന്നും സംഘർഷത്തിനു പിന്നാലെ റാലിയിൽ രാഹുൽ പറഞ്ഞു.
കോഴിക്കോട് അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
?️വടകരയ്ക്ക് സമീപം യുവതിയേയും 2 മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര തിരുവള്ളൂരിലാണ് സംഭവം. കുന്നിയിൽ മഠത്തിൽ അഖില (32) മക്കളായ കശ്യപ് (6), വൈഭവ് (6 മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവച്ചശേഷം അഖില കിണറ്റിൽ ചാടുകയായിരുന്നു എന്നാണ് നിഗമനം.അഖിലയെ ഭർത്താവ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; എറണാകുളത്ത് ഒരാൾ പിടിയിൽ
?️ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാളാണ് അറസ്റ്റിലായത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ചിത്ര ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ പ്രതികരണം. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനമാണ് സൂരജിന് നേരെ നടന്നത്.
കുർബാനത്തർക്കം: സിനഡ് സർക്കുലർ തള്ളി വൈദികർ
?️സിനഡ് സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളില്‍ വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഏകീകൃത കുര്‍ബാന ആഹ്വാനം ചെയ്തുകൊണ്ടുള്ള സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ടതാണ് തര്‍ക്കം ഉണ്ടായത്. കിഴക്കമ്പലം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.മലയാറ്റൂര്‍ പള്ളിയിലും സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായി.
”ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോവുന്ന ഏറ്റവും വലിയ വിൽപ്പന ചരക്കാണ് ശ്രീരാമന്‍റെ പേര്”; ടി. പത്മനാഭൻ
?️ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോവുന്ന ഏറ്റവും വലിയ വിൽപ്പന ചരക്കാണ് ശ്രീരാമന്‍റെ പേരെന്ന് കാഥാകൃത്ത് ടി. പത്മനാഭൻ. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുറുപ്പു ചീട്ടാണ് രാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.ശ്രീരാമന്‍റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ കുത്തികൊല്ലുന്ന നാടാണിത്.അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയും. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക.ഈ തുറുപ്പുചീട്ട് വച്ചായിരിക്കും അവരുടെ കളി- അദ്ദേഹം പറഞ്ഞു.
ശബരിമല നട അടച്ചു
?️ഇത്തവണത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ 5ന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം നടന്നു.പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി. തിരുവാഭരണ സംഘം 24ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും. രാവിലെ 6.30ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.
അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് കെഎസ്‌യുവിനു പരാതി
?️കെപിസിസി നേതൃത്വത്തില്‍ നിന്ന് കൃത്യമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി കെഎസ്‌യു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ പോഷക സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, അവഗണിക്കപ്പെടുന്നു എന്ന പരാതി കെഎസ്‌യു നേതാക്കള്‍ ഉന്നയിച്ചത്.നവകേരളാ സദസിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും സമരം നയിക്കുകയും ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരില്‍ പലരും അറസ്റ്റിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ കെപിസിസി നേതൃത്വം ജാഗ്രത കാണിച്ചില്ല.
അവധി ഉത്തരവ് വിവാദത്തിൽ; തീരുമാനം പിൻവലിച്ച് എയിംസ്
?️അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് 22 ന് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ച് ഡൽഹി എയിംസ്. അവധി ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. രോഗികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യം കണക്കിലെടുത്താണ് അവധിക്കുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് അറിയിപ്പ്. നാളെ ഒപി വിഭാഗം ഉൾപ്പെടെ പതിവുപോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു.
കോൺഗ്രസ് നേതൃത്വം പോഷക സംഘടനകളുമായി ചർച്ചയിൽ
?️ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പോഷക സംഘടനകളുടെ ഭാരവാഹികളുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ആദ്യദിനം മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി ഡിജിറ്റല്‍ മീഡിയ ഭാരവാഹികളുമായും രണ്ടാം ദിനം കെപിസിസി മീഡിയ ആന്‍റ് കമ്യൂണിക്കേഷന്‍സ്, ഐഎന്‍ടിയുസി, ദലിത് കോണ്‍ഗ്രസ്, സേവാദള്‍, സംസ്ഥാന വാര്‍ റൂമിന്‍റെ ചുമതലവഹിക്കുന്നവര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
രാമവിഗ്രഹത്തിന് ഉപയോഗിച്ചത് 300 കോടി വർഷം പഴക്കമുള്ള ശില
?️അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹം രൂപം കൊണ്ടത് 300 കോടി വർഷം പഴക്കമുള്ള കൃഷ്ണശിലയിൽ നിന്ന്. മൈസൂരു സർവകലാശാലയിലെ ഭൗമശാസ്ത്ര വിഭാഗം മുൻ അധ്യാപകൻ പ്രൊഫ. ഡോ. സി. ശ്രീകാന്തപ്പയാണ് മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് ശിൽപ്പനിർമാണത്തിന് ഉപയോഗിച്ച ശിലയെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാറയാണിതെന്നും ശ്രീകാന്തപ്പ. കർണാടകയിലെ എച്ച്.ഡി. കോട്ട താലൂക്കിലുള്ള ജയപുര ഹോബ്ലിക്കു സമീപം ഗുജ്ജഗൗഡനപുരയിൽ നിന്നാണ് വിഗ്രഹ നിർമാണത്തിനു ശില തെരഞ്ഞെടുത്തത്.
അയോധ്യ പ്രതിഷ്ഠ: ഹിമാചലിൽ പൊതു അവധി
?️അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജനുവരി 22 ന് ഹിമാചാൽ പ്രദേശിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത്. സ്കൂളുകൾ, കോളെജുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കെല്ലാം അവധിയാണ്. അയോധ്യയിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും പകുതി ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിൽ ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധിയാണ്.
‘അയോധ്യാ പ്രതിഷ്ഠാ ദിനത്തിലെ പൊതുഅവധി റദ്ദാക്കണം’; ഹർജി തള്ളി ബോംബെ ഹൈക്കോടതി
?️അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്ട്രാ സർക്കാർ തീരുമാനത്തിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളി. 4 നിയമവിദ്യാർഥികൾ നൽകിയ ഹർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി തള്ളിയത്. ഹർജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി പറഞ്ഞു. നിയമ വിദ്യാർഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾക്ക് പൊതു അവധി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്; അഭിഷേകത്തിന് പാക് അധീന കശ്മീരിൽ നിന്നുള്ള ജലം
?️അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളിൽ അഭിഷേകത്തിന് പാക് അധീന കശ്മീരിലെ ശാരദാപീഠ് കുണ്ഡിൽ നിന്നുള്ള ജലവും. പാക് അധീന കശ്മീർ സ്വദേശി തൻവീർ അഹമ്മദും സുഹൃത്തുക്കളും ശേഖരിച്ച ജലമാണ് ബ്രിട്ടൻ വഴി ഇന്ത്യയിലെത്തിച്ചത്. ശാരദാകുണ്ഡിൽ നിന്നുള്ള ജലം ശേഖരിച്ചശേഷം തൻവീർ ഇത് ഇസ്ലാമാബാദിലെത്തിച്ച് യുകെയിലുള്ള മകൾ മഗ്രിബിക്ക് അയയ്ക്കുകയായിരുന്നു. അവർ ഇത് ഇന്ത്യയിലെത്തിച്ചെന്ന് സേവ് ശാരദ കമ്മിറ്റി കശ്മീർ സ്ഥാപകൻ രവീന്ദർ പണ്ഡിറ്റ്.
മാർപാപ്പ നിർദേശിച്ച ശിക്ഷ നടപ്പാക്കണം: സഭാ സംരക്ഷണ സമിതി
?️അനുസരിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താകുമെന്ന മാർപാപ്പയുടെ നിർദേശം ഇനിയെങ്കിലും അതിരൂപതയിൽ നടപ്പാക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തയാറാകണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി.സർക്കുലർ വായിക്കാതെയും ഏകീകൃത കുർബാന അർപ്പിക്കാതെയും അനുസരണക്കേട് കാണിച്ച വൈദികർക്ക് ഇനിയും സഭയിൽ തുടരാൻ അർഹതയില്ല. മാർപാപ്പയെയും അതിരൂപത അധ്യക്ഷനെയും അംഗീകരിക്കുന്നില്ല എന്നതിന്‍റെ പരസ്യ പ്രഖ്യാപനം കൂടിയാണ് മാർ ബോസ്കോ പുത്തൂരിന്‍റെ സർക്കുലർ തിരസ്കരണത്തിലൂടെ ഇവർ വ്യക്തമാക്കിയിരിക്കുന്നത്.
ബംഗാളിൽ കോൺഗ്രസിന് മുന്നറിപ്പുമായി മമത ബാനർജി
?️ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തൃണമൂലിന്‍റെ ഭീഷണി. പശ്ചമബംഗാളിൽ വേണ്ടിവന്നാൽ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി മുന്നറിയിപ്പ് നൽകി. ബംഗാളിൽ കോൺഗ്രസ് ടിഎംസിയുമായി സ ഹകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് മമത മുന്നറിയിപ്പ് നൽകിയത്. നിലവിൽ അധിർ രഞ്ജൻ ചൗധരിയുടേത് ഉൾപ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകൾ കോൺഗ്രസിന്‍റേതാണ്.
കുളത്തില്‍ വീണ് മരണം!
?️സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് മരിച്ചു. പഴുന്നന സ്വദേശി അഷ്‌കറിന്‍റെ മക്കളായ ഹസ്‌നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തില്‍ കാല്‍ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
കോഴിക്കോട് കാട്ടുപോത്ത് ആക്രമണം; സഞ്ചാരികൾക്ക് വിലക്ക്
?️കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കരിയാത്തംപാറ കക്കയം ഡാം സെറ്റിലാണ് ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരുക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്‍റെ പരുക്ക് ഗുരുതരമല്ല.
ആൾക്കൂട്ടത്തിൽ വച്ച് സിവിൽ പൊലീസ് ഓഫിസർക്ക് ഇൻസ്പെക്‌ടറുടെ മർദനം
?️ആൾക്കൂട്ടത്തിൽ വെച്ച് സിവിൽ പൊലീസ് ഓഫീസർക്ക് ഇൻസ്പെക്‌ടറുടെ മർദനമേറ്റതായി പരാതി. വൈത്തിരി ഇൻസ്പെക്‌ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദിച്ചത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്‍റെ ദൃശങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇൻസ്പെക്‌ടർ അസഭ്യം പറയുന്നതും മർദിക്കുന്നതുമാണ് ദൃശങ്ങളിൽ.
‘ഈ പോക്ക് പോകാനാണ് തീരുമാനമെങ്കിൽ വീൽ ചെയറിൽ പോകേണ്ടി വരും’; പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണി
?️പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽ ചെയറിൽ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാൻ ആവില്ലെന്നുമാണ് ഭീഷണി സന്ദേശം.മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് മുഈനലി തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ മലപ്പുറം പൊലീസിൽ അദ്ദേഹം പരാതി നൽകി.
”ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നു”; മുഖ്യമന്ത്രി
?️സഹകരണ മേഖലയിലെ അഴിമതി ഗൗരവകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങൾ ഒറ്റപ്പെട്ട രീതിയിൽ കാണുന്നുണ്ട്. സഹകരണ മേഖലയിൽ നിലനിൽക്കുന്നത് രാഷ്ട്രീയത്തിനതീതമായ യോജിപ്പാണുള്ളതെന്നും ഒന്‍പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ ചിത്രമിടുന്നത് സംബന്ധിച്ച് തർക്കം; ചാത്തമംഗലത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം
?️ചാത്തമംഗലത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 പേർക്ക് പരുക്കേറ്റു. മുഖത്തും തലയ്ക്കും പരുക്കേറ്റ ചാത്തമംഗലം സ്വദേശി അഥർവ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലാണ്.ചാത്തമംഗലത്തുള്ള സ്കൂളിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികളും ഹയർ സെക്കൻഡറി വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇൻസ്റ്റഗ്രാമിൽ ചിത്രമിടുന്നത് സംബന്ധിച്ച് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി
?️തൃപ്പുണിത്തുറ കണ്ണൻകുളങ്ങരയിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്‍റെ ഭാഗവും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവിൽ റോഡിൽ നിർമാണം നടക്കുന്ന വീടിന്‍റെ പറമ്പിൽ നിന്നാണ് അസ്ഥികൂടം കിട്ടിയത്.മൂന്ന് മാസമായി നിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു തള്ളിയതെന്നാാണ് സംശയിക്കുന്നത്. തൃപ്പൂണിത്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
”ആ പൂതി മനസ്സിലിരിക്കട്ടെ! പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ല”; കെ.ടി. ജലീൽ
?️യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോൺ വഴി ഭീഷണിപ്പെടുത്തിയ സംഭവത്തെ പ്രതികരണമായി മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ലെന്നും ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം: തണുത്തുവിറച്ച് മലയോര മേഖല
?️മലയോര മേഖലകളിൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയതോടെ ഇതുവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് കാലാവസ്ഥാ വിദഗ്ധർ പഠനം തുടങ്ങി. ആഗോളതാപനവും എൽ-നിനോ പ്രതിഭാസവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് മെറ്റ്‌ബിറ്റ് വെതർ അധികൃതർ പറയുന്നു. തമിഴ്നാട്ടിലെ മലയോര മേഖലയിലെ അതിശൈത്യം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. വൈകിയാണ് തണുപ്പ് തുടങ്ങിയത്. അത് കൊടുംതണുപ്പായി മാറിയത് നീലഗിരിക്ക് വെല്ലുവിളിയായി. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തണമെന്ന് കാലാവസ്ഥാ വിദഗ്ധർ ആവശ്യപ്പെടുന്നു.
രാഹുലിന്‍റെ ബട്ടദ്രവ സത്രം സന്ദർശനത്തെ എതിർത്ത് അസം മുഖ്യമന്ത്രിയും
?️അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാഹുൽ ഗാന്ധി ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിങ്കളാഴ്ച ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്നതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5780 രൂപ
പവന് 46240 രൂപ