തലമുടി വച്ചുപിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

ഡോക്ടർ ശരത് കുമാർ, ജീവനക്കാരായ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിലിൻ്റെ പരാതിയെ തുടർന്നാണ് കേസ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തി മുടി വെച്ചുപിടിപ്പിച്ചത്. എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.