ഒമ്പതാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ
?️ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഒമ്പതാം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് വട്ടം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിട്ടുള്ള നിതീഷ് ആറാം വട്ടവും അതേ പാർട്ടിയുമായി കൂട്ടുചേർന്നാണ് അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. മൂന്നു വട്ടം ആർജെഡി പിന്തുണയോടെയായിരുന്നു ഭരണം.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു മുൻപ് പ്രഖ്യാപിച്ച നിതീഷ്, ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും എത്തിയിരുന്നു.
തേജസ്വിക്ക് നന്ദി; ബിഹാറിലെ പത്രങ്ങളിൽ ആർജെഡിയുടെ പരസ്യം
?️ബിഹാറിലെ രാഷ്ട്രീയ അട്ടിമറിക്കിടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് നന്ദി അറിയിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ പരസ്യപ്പെടുത്തി ആർജെഡി. ഞായറാഴ്ച പ്രസിദ്ധീകരിച്ച പത്രങ്ങളിലാണ് തേജസ്വി നന്ദി എന്ന കുറിപ്പോടു കൂടിയ പരസ്യം അച്ചടിച്ചു വന്നിരിക്കുന്നത്. നിതീഷ് കുമാറിന്‍റെ എൻഡിഎ പ്രവേശനത്തിന്‍റെ മുന്നോടിയായി നിതീഷ് കുമാർ രാജി വക്കുന്നതോടെ ആർജെഡി- ജെഡിയു സഖ്യത്തിന്‍റെ ഭരണം സംസ്ഥാനത്ത് അവസാനിക്കും.ഈ സാഹചര്യത്തിലാണ് ആർജെഡി ഉപമുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് പരസ്യം നൽകിയിരിക്കുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കും
?️സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷ്യസുരക്ഷാ ചട്ടം അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ആരാധനാലയങ്ങളിൽ ഈ ചട്ടം കർശനമാക്കിയതിനു പിന്നാലെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും ലൈസൻസ് ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്കൂൾ യൂണിഫോം: നെയ്ത്ത് തൊഴിലാളികൾക്ക് 20 കോടി അനുവദിച്ചു
?️സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌ത് നൽകിയ കൈത്തറി നെയ്‌ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചു.സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി 2 ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായ കൈത്തറിയുടെ ഉന്നമനത്തിനും സ്‌കൂൾ കുട്ടികൾക്ക് ഗുണമേന്മയേറിയ യൂണിഫോം ലഭിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്.
നഗര മാലിന്യം അളക്കാൻ സർവെ
?️സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്‍റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താനുള്ള സര്‍വെയുമായി കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ് ഡബ്ല്യുഎംപി). ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 42 നഗര തദ്ദേശ സ്ഥാപനങ്ങളിലെ സര്‍വെ പൂര്‍ത്തിയായി.
കൈമടക്ക് കൊടുത്തില്ലെങ്കിൽ ഒന്നും നടക്കില്ല: ജി. സുധാകരൻ
?️കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും ചെയ്യില്ലെന്ന് മുന്‍ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍. ”പെൻഷന് അപേക്ഷിച്ചാലും സഖാക്കൾ പാസാക്കില്ല. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളുടെ പ്രസിഡന്‍റുമാരിൽ ചിലർക്ക് സൂക്കേട് കൂടുതലാണ്. ഞാൻ തമ്പുരാൻ, ബാക്കിയുള്ളവർ മലയപ്പുലയൻ എന്നാണ് പലരുടെയും ചിന്ത”, സിപിഎം നിയന്ത്രിക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെഎസ്ടിഎ) പൊതുവേദിയിൽ സുധാകരൻ പറഞ്ഞു.
ജി. സുധാകരൻ പറഞ്ഞതാണ് കേരളത്തിന്‍റെ അവസ്ഥ: ചെന്നിത്തല
?️മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞതാണ് കേരളത്തിന്‍റെ ഇപ്പോഴത്തെ പൊതുവായ അവസ്ഥയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.സാധാരക്കാരന് കാര്യങ്ങൾ നേടാൻ കൈമടക്ക് കൊടുക്കേണ്ട സാഹചര്യമെന്ന സുധാകരന്റെ തുറന്നു പറച്ചിൽ ഈ സർക്കാർ എത്രത്തോളം ജീർണിച്ചു എന്ന് തെളിയിക്കുന്നതാണ്. കേരളം പൂർണമായും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിപ്പോയതായി ഒരു കമ്യൂണിസ്റ്റ് നേതാവിന് തന്നെ തുറന്നു പറയേണ്ട അവസ്ഥ എത്രയോ പരിതാപകരമാണ്.
കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്‍റ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ
?️തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്‍റെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ച് എൻഐഎ. ഇതിനായി കോടതിയില്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് എൻഐഎ നീക്കം.
ഗവർണറുടെ സുരക്ഷയെക്കുറിച്ച് കെ.വി. തോമസ്
?️തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ്.”സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയിൽ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്ര സേനയുടെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.കരിങ്കൊടി കണ്ടാൽ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കിൽ സിആർപിഎഫിനോട് ചോദിക്കേണ്ടി വരും. അവരൊട്ട് സമ്മതിക്കുകയുമില്ല. അതായത് ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നത്” കെ. വി തോമസ് പറഞ്ഞു.
അങ്കണവാടി പ്രവർത്തകരുടെ വേതനത്തിൽ വർധനവ്
?️അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചുവെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി ജീവനക്കാരുടെ വേതനത്തിൽ ആയിരം രൂപയുടെ വർധനവാണുള്ളത്. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപയുടെ വർധനവും ഉണ്ടാകും. 60,232 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
?️ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് അതിദാരുണമായി മരിച്ചത്.ഞായറാഴ്ച രാവിലെ 9 മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു.
പൂപ്പാറയിലെ 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
?️ഇടുക്കി പൂപ്പാറയിലെ 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. റോഡ്, പുറമ്പോക്ക് ഭൂമി, പുഴ എന്നിവ കൈയേറി കെട്ടിടങ്ങൾ നിർമിച്ചവർക്കെതിരേയാണ് നടപടി. ബിജെപി പ്രാദേശിക നേതൃത്വം 2022ൽ നൽകിയ ഹർജി പ്രകാരം ജില്ലാ കളക്ടറോട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പോർട്ട് പ്രകാരമാണ് 56 കൈയേറ്റങ്ങൾ കണ്ടെത്തിയത്.
രണ്ട് കോടി വിദ്യാർഥികളുമായി ‘പരീക്ഷാ പേ ചർച്ച’
?️രാജ്യത്തെ വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷാ പേ ചർച്ച മുഖാമുഖം പരിപാടിയിൽ രണ്ടേകാൽ കോടിയിലധികം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കും. തിങ്കളാഴ്ച നടത്തുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ MyGov പോർട്ടൽ വഴിയാണ് നടത്തിയത്. പരീക്ഷകളെ എങ്ങനെ നേരിടാം, അതുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുക. വിദ്യാർഥികൾക്ക് ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയോട് നേരിട്ട് ഉപദേശം തേടാനും സംവദിക്കാനും വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന അവസരമാണിത്.
അയവില്ലാതെ തൃണമൂൽ; ബംഗാളിൽ സഖ്യമില്ല
?️പശ്ചിമ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിൽ തൃണമൂൽ കോൺഗ്രസ് ഉറച്ചുനിൽക്കും. തൃണമൂലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് അണിയറ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന. 2019ൽ കോൺഗ്രസ് വിജയിച്ച ബഹറാംപുരും ദക്ഷിണ മാൾഡയും ഇത്തവണയും നൽകാമെന്നാണ് തൃണമൂലിന്‍റെ നിലപാട്. പരമാവധി മൂന്നു സീറ്റുകളാണ് കോൺഗ്രസിനായി മമത നീക്കിവയ്ക്കുന്നത്. എന്നാൽ, 10 സീറ്റുകൾ വേണമെന്നാണു കോൺഗ്രസിന്‍റെ നിലപാട്. അസമിൽ തങ്ങൾക്ക് സീറ്റ് വേണമെന്ന തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം കോൺഗ്രസ് തള്ളുകയും ചെയ്തു. ഇതോടെയാണ് പശ്ചിമ ബംഗാളിൽ സഖ്യമില്ലെന്നു മമത പ്രഖ്യാപിച്ചത്.
‘കേന്ദ്ര സർക്കാരിന്‍റെ പൂർണ പിന്തുണയോടെ ഗവർണർ വിഡ്ഡി വേഷം കെട്ടുന്നു’: എം വി ഗോവിന്ദൻ
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറുടെ വണ്ടി അടിച്ചു എന്നത് ശുദ്ധ കളവെന്നും ഇത് മാധ്യമങ്ങള്‍ പകല്‍വെളിച്ചം പോലെ കാണിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് തെറ്റായിരുന്നുവെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുള്ളതുമാണ്. ഗവർണറുടെ വിഡ്ഡി വേഷം കേന്ദ്ര സർക്കാരിന്‍റെ പൂർണ പിന്തുണയോടെയാണെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു.
നിതീഷ് പിണങ്ങിയത് പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാത്തതിന്?
?️’ഇന്ത്യ’ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ പ്രഖ്യാപിച്ചതാണ് ജെഡിയു നേതാവ് നിതീഷ് കുമാർ പ്രതിപക്ഷ മുന്നണി വിടാൻ കാരണമെന്ന് സൂചന.സംയുക്ത പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്വയം അവരോധിക്കാനാണ് നിതീഷ് ആഗ്രഹിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡൽഹിയിൽ ക്ഷേത്രത്തിലെ വേദി തകർന്നു വീണു; ഒരു സ്ത്രീ മരിച്ചു
?️ഡൽഹിയിലെ കൽകാജി ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നിർമിച്ച വേദി തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തിൽ ശനിയാഴ്ച നടത്തിയ ജാഗ്രൺ എന്ന ചടങ്ങിൽ 1600 പേർ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിപാടി സംഘടിപ്പിക്കുന്നതിനായി മുൻകൂട്ടി അനുവാദം നേടിയിരുന്നില്ല.
തെങ്കാശിയിൽ കാറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ച് 6 പേർ മരിച്ചു
?️തെങ്കാശിയിൽ കാറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ ആപകടത്തിൽ ആറ് പേർ മരിച്ചു. കാർ യാത്രക്കാരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തിൽ പെട്ടത്. തിരുമംഗലം- കൊല്ലം ദേശീയപാതയിൽ സിങ്കംപട്ടി എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, സുബ്രഹ്മണ്യൻ, മനോഹരൻ, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാരിസിൽ മോണാലിസ ചിത്രത്തിലേക്ക് തക്കാളി സൂപ്പ് എറിഞ്ഞ് പ്രതിഷേധം
?️ലിയോനാർഡ് ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് സൂപ്പ് എറിഞ്ഞ് പ്രതിഷേധം. പരിസ്ഥിതി വാദക ഉപയോഗത്തിനെതിരെ പ്രതിഷേധിച്ചാണ് പാരിസിലെ ലൂവ്രെയിലെ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന പെയിന്‍റിങ്ങിലേക്ക് തക്കാളി സൂപ്പ് എറിഞ്ഞതെന്നാണ് വിവരം. രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്റിംഗിന് മീതെ പ്രതിഷേധക്കാര്‍ സൂപ്പൊഴിക്കുകയായിരുന്നു. തക്കാളി സൂപ്പിന്‍റെ 2 ക്യാനുകളാണ് പെയിന്‍റിങ്ങിനു നേരെ എറിഞ്ഞത്. എന്നാൽ ചിത്രം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ സംരക്ഷിച്ചിരുന്നതിനാൽ പെയിന്‍റിങ് സുരക്ഷിതമാണ്.
ലക്ഷദ്വീപില്‍ സ്വിഗ്ഗി പ്രവര്‍ത്തനമാരംഭിക്കുന്നു
?️ലക്ഷദ്വീപില്‍ സ്വിഗ്ഗി ഭക്ഷ്യ വിതരണ സേവനങ്ങള്‍ ആരംഭിക്കുന്നു. ദേശവ്യാപകമായി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാകും സ്വിഗ്ഗി. നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച പ്രാദേശിക റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും ഇതോടെ അവസരമൊരുങ്ങും.
ഹാർട്ട്‌ലി മാജിക്കിൽ ഇന്ത്യ വീണു; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം
?️ബാസ്‌ബോൾ എന്ന ഒറ്റ തന്ത്രത്തിൽ കെട്ടിപ്പടുത്തതല്ല തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ആദ്യ ടെസ്റ്റിൽ 28 റൺസിന്‍റെ ആവേശകരമായ വിജയം കുറിച്ചു. രണ്ടാം ഇന്നിങ്സിൽ 196 റൺസിന്‍റെ ഐതിഹാസിക ഇന്നിങ്സ് കെട്ടിപ്പടുത്ത ഒലി പോപ്പും, ഇന്ത്യയുടെ ഏഴ് രണ്ടാമിന്നിങ്സ് വിക്കറ്റുകൾ പിഴുതെറിഞ്ഞ അരങ്ങേറ്റക്കാരൻ സ്പിന്നർ ജോ ഹാർട്ട്‌ലിയും ചേർന്നാണ് അസാധ്യമെന്നു കരുതിയ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സിൽ 190 റൺസിന്‍റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചത് എന്നത് അവരുടെ വിജയത്തിനു മാറ്റ് കൂട്ടുന്നു. ഇന്ത്യൻ പിച്ചിൽ പോപ്പിനെ തളയ്ക്കുന്നതിൽ ഇന്ത്യൻ സ്പിന്നർമാരും, നിലവാരമുള്ള സ്പിന്നിനെ നേരിടുന്നതിൽ ഇന്ത്യയുടെ യുവ ബാറ്റർമാരും പരാജയപ്പെട്ടതാണ് ആതിഥേയർക്ക് കനത്ത തിരിച്ചടിയായത്.
യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ
?️ഓസ്ട്രേലിയൻ ഓപ്പണിൽ പുതിയ ചാംപ്യൻ. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട ശേഷം വീരോചിതമായ തിരിച്ചുവരവ് നടത്തി ഡാനിൽ മെഡ്‌വദേവിനെ മറികടന്ന യാനിക് സിന്നറാണ് തന്‍റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം ഓസ്ട്രേലിയയിൽ വച്ച് സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ സിന്നർ ഒരു മേജർ ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നതു പോലും ഇതാദ്യമായിരുന്നു. സെമിഫൈനലിൽ നൊവാക് ജോക്കോവിച്ചിന്‍റെ അപ്രമാദിത്വത്തിന് വിരാമമിട്ടതോടെയാണ് ലോകം ഇയാളെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്.
പെപ്രയുടെ പരുക്ക് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
?️സൂപ്പർ താരം അഡ്രിയാൻ ലൂണയ്ക്കു പിന്നാലെ ക്വാമെ പെപ്രയ്ക്കും പരുക്കേറ്റത് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. മുന്നേറ്റനിരയിലെ മികച്ച താരമായ പെപ്രയ്ക്ക് സീസണിൽ ഇനി കളിക്കാനാവില്ലെന്നാണ് വിശദീകരണം. സൂപ്പര്‍ കപ്പില്‍ ജംഷദ്പുര്‍ എഫ്സിക്കെതിരായ മത്സരത്തിനിടെ എതിര്‍ ടീം ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് പെപ്രയ്ക്ക് പരുക്കേറ്റത്. ഇതോടെ താരം കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തില്‍ കളിച്ചിരുന്നില്ല.
അണ്ടർ-19 ലോകകപ്പ്: ഇന്ത്യക്ക് 201 റൺസ് വിജയം
?️ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് എ മത്സരത്തിൽ യുഎസ്എയെ 201 റൺസിനാണ് ഇന്ത്യൻ കൗമാര താരങ്ങൾ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. യുഎസ്എയുടെ മറുപടി 50 ഓവറിൽ 125/8 എന്ന നിലയിൽ ഒതുങ്ങുകയായിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ