വാർത്താകേരളം


        
ബുദ്ധികേന്ദ്രം മ​നോ​ര​ഞ്ജ​ന്‍, ആസൂത്രകന്‍ ലളിത് ഝാ
?️ലോ​ക്സ​ഭാ ചേം​ബ​റി​ലേ​ക്ക് അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ച സംഭവത്തിൽ ആസൂത്രകന്‍ അധ്യാപകനായ ലളിത് ഝായെന്ന് സൂചന ലഭിച്ചതായി പൊലീസ്. സുരക്ഷാവീഴ്ചയുണ്ടായ സമയത്ത് ഇ‍യാൾ പാർലമെന്‍റിന് പുറത്തുണ്ടായിരുന്നതായും ഇയാൾക്കായി ശക്തമായ തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി. ​മ​നോ​ര​ഞ്ജ​നാണെന്നാണ് പൊലീസ് പറയുന്നത്. ലളിത് ഝായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു.

ഇടുക്കിയിൽ 6 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു
?️ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്നു കാട്ടി പൊലീസ് അറസ്റ്റു ചെയ്ത അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. എന്നാൽ കോടതി വിധി നിരാശപ്പെടുത്തുന്നതായിരുന്നു.

പ്രതിയെ വെറുതെ വിട്ട വിധിക്കെതിരേ അപ്പീൽ നൽകാൻ പൊലീസ്
?️ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെ വിട്ട കട്ടപ്പന പോക്സോ അതിവേഗ കോടതിയുടെ നടപടിക്കെതിരേ അപ്പീൽ നൽകാനൊരുങ്ങി പൊലീസ്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

ഏകീകൃത കുർബാന: മാര്‍പ്പാപ്പയുടെതാണ് അവസാന വാക്കെന്ന് മാർ ആന്‍ഡ്രൂസ് താഴത്ത്
?️കത്തോലിക്ക സഭയില്‍ പരമാധികാരം മാര്‍പാപ്പയ്ക്കാണെന്നും മാര്‍പ്പാപ്പയുടെതാണ് അവസാന വാക്കെന്നും ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെയാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. തര്‍ക്ക പരിഹാരത്തിന് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ കൊച്ചിയില്‍ എത്തിയതിനു പിന്നാലെയാണ് മാർ താഴത്തിന്‍റെ അഭിപ്രായപ്രകടനം. കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയ്ക്കും തെറ്റ് പറ്റാമെന്നും, മാര്‍പാപ്പയുടെ വീഡിയോ തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചതാണെന്നും പ്രചാരണമുണ്ട്.

ലോക്സഭയിലെ സുരക്ഷാ വീഴ്ച: എട്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍
?️ലോ​ക്സ​ഭാ ചേം​ബ​റി​ലേ​ക്ക് അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് പുതിയ സഭാമന്ദിരത്തിലേക്ക് യുവാക്കൾ കടന്നുകയറിയ സംഭവത്തിൽ നടപടിയുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്. 8 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഗ്യാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ഗേറ്റിലൂടെ മാത്രമാണ് എംപിമാർക്ക് പാര്‍ലമെന്‍റിലേക്ക് പ്രവേശനാനുമതിയുള്ളത്.

കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു
?️ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കായി എടുക്കുന്ന വായ്പ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാ വിരുദ്ധമായ നടപടികൾ സംസ്ഥാനത്തെ ഗുരുതരമായ വൈഷമ്യത്തിൽ എത്തിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്‍റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെന്നും ഈ നിയമ പോരാട്ടം രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം കുറവിലങ്ങാട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

തലവേദനയ്ക്ക് കുത്തിവയ്‌പ്പെടുത്ത 7 വയസുകാരന്‍റെ കാൽ തളർന്നു; ഡോക്‌ടർക്കും നഴ്സിനുമെതിരേ കേസ്
?️തൃശൂർ ചാവക്കാട് ആശുപത്രിയിൽ തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത 7 വയസുകാരന്‍റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്‌ടർക്കും നഴ്സിനുമെതിരേ കേസ്. ഡോക്ടറെ ഒന്നാം പ്രതിയാക്കിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്‍റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലാണ് കുത്തിവെപ്പെടുത്തത് മൂലം തളർന്നു പോയത്.

തോമസ് ഐസക്കിനെതിരേയുള്ള സമൻസ് പിൻവലിച്ച് ഇഡി
?️മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും എതിരായ മുഴുവൻ സമൻസുകളും പിൻവലിച്ചതായി ഇഡി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത വിവരങ്ങളാണ് സമൻസിലൂടെ ആവശ്യപ്പെട്ടതെന്നും, നിയമവിരുദ്ധമായ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്‌ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലായിരുന്നു ഇഡി നിലപാട് അറിയിച്ചത്. സമൻസുകൾ പിൻവലിച്ച സാഹചര്യത്തിൽ ഹർജി ഹൈക്കോടതി തീർപ്പാക്കി.

നവകേരള സദസ്: വേദിയുടെ 50 മീറ്റര്‍ അകലെയുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് നിര്‍ദേശം
?️നവകേരള സദസ് നടക്കുന്ന ദിവസം, വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്ത് നവകേരള സദസ് നടക്കുന്ന വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ കടകള്‍ മൂടിയിടാനാണ് അധികൃതരുടെ നിര്‍ദേശം. സദസിനെത്തുന്ന ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാചക വാതകം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

ബഹളം വച്ച 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെന്‍ഷന്‍
?️ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് സഭയില്‍ ബഹളം വച്ചതിന് പ്രതിപക്ഷാംഗങ്ങൾക്കെതിരെ കൂട്ടനടപടി. ഇരുസഭകളിൽ നിന്നുമായി 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെന്‍ഷന്‍. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍. ലോക്സഭയിലെ 14 എംപിമാർക്കും ഒരു രാജ്യസഭാംഗത്തിനുമാണ് സസ്പെന്‍ഷന്‍. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ നവകേരളസദസ് പൂർത്തിയായി
?️വൈക്കം മണ്ഡലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത നവകേരളസദസോടെ ജില്ലയിലെ 9 മണ്ഡലങ്ങളിലേയും നവകേരളസദസ് പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും അടങ്ങുന്ന ജനകീയ മന്ത്രിസഭയെ കാണാൻ 9 മണ്ഡലങ്ങളിലും പതിനായിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്.

ജവാന്‍ മദ്യക്കുപ്പിയില്‍ അളവ് കുറവ്; കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം
?️ജവാൻ റം ബോട്ടിലിൽ അളവ് കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം മണിക്കൂറുകളോളം സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു.

പ്രോസിക്യൂഷനും പ്രതികൾക്കൊപ്പം നിന്നു, എന്നിട്ടും തിരിച്ചടി
?️ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഗവർണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരേ ആദ്യം ചുമത്തിയത് താരതമ്യേന ദുർബല വകുപ്പുകളായിരുന്നു. ഒടുവിൽ ഗവർണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരേ ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്.

കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാന്‍ പ്രതിനിധി വീണ്ടും കൊച്ചിയില്‍
?️എറണാകുളം – അങ്കമാലി അതിരൂപതയില്‍ തുടരുന്ന കുര്‍ബാന പ്രശ്നത്തില്‍ വൈദീകരും സഭാ നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വത്തിക്കാനില്‍ നിന്നുള്ള മാര്‍പാപ്പയുടെ പ്രതിനിധി സിറില്‍ വാസില്‍ വീണ്ടും കൊച്ചിയിലെത്തി. ഒരാഴ്ച്ച കൊച്ചിയില്‍ തങ്ങി പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരിയിലിറങ്ങിയ ആര്‍ച്ച് ബിഷപ്പിനെ എറണാകുളം – അങ്കമാലി അതിരൂപതയിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ സ്വീകരിച്ചു.

പുതുവത്സര തലേന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
?️പുതുവത്സര ആഘോഷം നടക്കുന്ന ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. പുതുവത്സര തലേന്ന് രാത്രി 7 മണി മുതല്‍ ജനുവരി പുലര്‍ച്ചെ 6 മണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചത്. മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് സംഘടന പ്രസിഡന്‍റ് ടോമി തോമസ് പറഞ്ഞു.

മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
?️അടുത്തിടെയായി കാൽനടക്കാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർഗ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. ഫെയ്സ് ബുക്കിലൂടെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശങ്ങൾ. സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം. • കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക. • വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം . • തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നിങ്ങനെയാണ് നിർദേശങ്ങൾ.

‘രഞ്ജിത്തിനെ മാറ്റണം’; ചെയര്‍മാനെതിരേ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം
?️ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനിടെ ചെയർമാൻ രഞ്ജിത്തിനെതിരേ ചലച്ചിത്ര അക്കാദമിയിലും പടനീക്കം. ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നാരോപിച്ച് അക്കാദമി ഭാരവാഹികളിൽ ചിലർ സമാന്തര യോഗം ചേർന്നു. അക്കാദമി ഭാരവാഹികളായ 15 പേരിൽ 9 പേരാണ് യോഗം ചേർന്നത്. രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകാനാണ് നീക്കമെന്നാണ് വിവരം. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തിൽ പരസ്യമായി രംഗത്തു വരേണ്ടെന്നാണ് ഇവരുടെ തീരുമാനം.

ആരാണ് നവകേരള സദസിന്‍റെ നടത്തിപ്പുകാർ; വിമർശനവുമായി ഹൈക്കോടതി
?️നവകേരള സദസിനായി മതിൽ പൊളിച്ചതിൽ ഹൈക്കോടതിയുടെ വിമർശനം. എന്തിനാണ് സ്കൂൾ മതിലുകൾ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസ് നടത്തിപ്പുകാരെന്നും കോടതി ചോദിച്ചു. മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. കൊല്ലം കുന്നത്തൂർ‌ മണ്ഡലത്തിൽ നവകേരള സദസിനായി ചക്കുവള്ളി പരബ്രഹ്മക്ഷേത്രം മൈതാനം വേദിയാക്കാനുള്ള തീരുമാനത്തിനെതിരേ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അതിനിടയിലാണ് സ്കൂൾ മതിൽ പൊളിക്കുന്നതിൽ കോടതിയുടെ വിമർശനം ഉയർന്നത്. കേസിൽ ചീഫ് സെക്രട്ടറിയെയും കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു.

റബർ മേഖലയോട് കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാട്
?️റബർ കൃഷിയോട് കേന്ദ്രസർക്കാർ കാണിക്കുന്നത് ശത്രുതാപരമായ നിലപാടെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കടുത്തുരുത്തി മണ്ഡലം നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളെജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം
?️കോട്ടയത്ത് മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചു. പോണ്ടിച്ചേരി സ്വദേശി അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്ന അറുമുഖന്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തില്‍ സമീപമായിരുന്നു അപകടം. പോണ്ടിച്ചേരിയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
?️അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തിക്കല്ല് ഊരിലെ പാർവതി- ധനുഷ് ദമ്പതികളുടെ 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്‍റെ തൂക്കം. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് റെഡ്ബസ് വഴിയും
?️ഓൺലൈൻ ബസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെഡ്ബസ്, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ പങ്കാളിത്തത്തോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യാത്രക്കാർക്ക് കേരളത്തിനകത്തുള്ള റൂട്ടുകളിലും കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലും മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ബസ് ബുക്കിങ് ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. പുതിയ ഉപയോക്താക്കൾക്ക് ബസ് ടിക്കറ്റിന് കിഴിവും റെഡ്ബസ് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർ‌ടിസി പ്ലാറ്റ് ഫോമുകൾക്ക് പുറമേ റെഡ് ബസിന്‍റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. കെഎസ്ആർടിസിയുടെ എണ്ണൂറിലധികം ബസ് സർവീസുകൾ ഇപ്പോൾ റെഡ്ബസിൽ ഓൺലൈൻ ബുക്കിങ്ങിനായി ലഭ്യമാണ്.

35 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം ചികിത്സാ പിഴവെന്ന് പരാതി
?️പന്തളത്ത് 35 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. പൂഴിക്കാട് എച്ച്ആർ മൻസിലിൽ ഹബീബ് റഹ്മാൻ-നജ്മ ദമ്പതികളുടെ മകളാണ് ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. ഗൈനക്കോളജി വിഭാഗം ഡോക്‌ടർ ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആർത്തവം വൈകല്യമല്ല, പ്രത്യേക അവധി ആവശ്യമില്ല: സ്മൃതി ഇറാനി
?️ആർത്തവം സ്ത്രീകളുടെ ജീവിതയാത്രയിലെ സ്വാഭാവിക ഘടകമാണെന്നും അതിനു പ്രത്യേക അവധി ആവശ്യമില്ലെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി. ആർത്തവത്തെ വൈകല്യമായി കണക്കാക്കരുതെന്നും രാജ്യസഭയിൽ മനോജ് കുമാർ ഝാ എംപിയുടെ ചോദ്യത്തിനു മറുപടിയായി സ്മൃതി വ്യക്തമാക്കി. ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ ആർത്തവവും ആർത്തവ ചക്രവും വൈകല്യമായി കാണരുതെന്നാണു പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു.

മഥുരയിലെ മോസ്കിൽ സർവേ
?️അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ച് രാമൻ ജനിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം പണിയുന്നതിൽ വിജയം കണ്ട സംഘപരിവാറിന്‍റെ ശ്രദ്ധ മഥുരയിൽ കൃഷ്ണൻ ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തുള്ള മോസ്കിലേക്കു തിരിയുന്നു. ഉത്തർ പ്രദേശിലെ മഥുരയിൽ, കൃഷ്ണജന്മഭൂമി ക്ഷേത്രത്തിനു സമീപത്തായുള്ള ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിച്ചുമാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

കൊച്ചിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ സംസ്‌കാരം പൊലീസ് നടത്തും
?️എളമക്കരയില്‍ ലോഡ്ജിൽ മരിച്ച നിലയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ സംസ്‌കാരം പൊലീസ് നടത്താന്‍ തീരുമാനം. കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്ത സാഹചര്യത്തിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

തീർഥാടകരെ തെറ്റിദ്ധരിപ്പിച്ചത്‌ ഐഎൻടിയുസി നേതാവ്‌
?️ശബരിമല തീർഥാടകരെ തെറ്റിദ്ധരിപ്പിച്ച കെഎസ്‌ആർടിസി ജീവനക്കാരൻ കോൺഗ്രസ്‌ പ്രാദേശിക നേതാവ്‌. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ട്രാൻസ്‌പോർട്ട്‌ ഡെമോക്രാറ്റിക്‌ ഫെഡറേഷൻ (ഐഎൻടിയുസി) യൂണിറ്റ്‌ പ്രസിഡന്റുമായ ജി എസ്‌ സനൽകുമാറാണ്‌ കഴിഞ്ഞദിവസം വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ തീർഥാടകരെ പൊലീസിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്‌. ജോലിക്കിടയിൽ ‘വില്ലേജ് വാർത്ത’ എന്ന ഓൺലൈൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ കലാപത്തിന്‌ വഴിയൊരുക്കുന്ന രീതിയിൽ സനൽകുമാർ സംസാരിച്ചിരുന്നു. തീർഥാടകരെ തടയുന്നത്‌ പൊലീസാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പൊലീസിനോട്‌ പറയാനും ആഹ്വാനം ചെയ്തിരുന്നു.

വാടക ​ഗർഭധാരണം രാജ്യത്ത് പ്രോത്സാഹിപ്പിക്കരുത്: ഡൽഹി ഹൈക്കോടതി
?️വാടക ​ഗർഭധാരണ വ്യവസായം ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. ക്യാനഡയിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ ഹർജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം. കോടതിയുടെ നിർദേശപ്രകാരമാണ് വാടക ​ഗർഭധാരണ നിയമങ്ങളിൽ മാറ്റം വരുത്തിയതെന്ന് ജസ്റ്റിസുമാരായ മൻമോഹനും മിനി പുഷ്കർണയും പറഞ്ഞു.

ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ
?️ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. പ​ഞ്ചാ​ബ് എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാണ് ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ക്കിയത്. ക​ളി​യു​ടെ 51-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം ഡി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സ് പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്. ബ്ലാസ്റ്റഴ്സിന്‍റെ ലെഫ്റ്റ് വിങ്ങർ മുഹമ്മദ് അയ്മറെ പഞ്ചാബ് പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയിനു ലഭിച്ച പെനാൽറ്റി ഡയമന്‍റക്കോസ് അനായാസം വലയിലാക്കി. വി​ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റ​ഴ്സ് 10 ക​ളി​ക​ളി​ല്‍നി​ന്ന് 20 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​തെ​ത്തി. എ​ട്ടു ക​ളി​ക​ളി​ല്‍നി​ന്ന് 20 പോ​യി​ന്‍റു​ള്ള ഗോവ​യാ​ണ് മു​ന്നി​ല്‍.

പലസ്‌തീന്‌ പിന്തുണ എഴുതിയ ഷൂ വിലക്കി ഐസിസി; കറുത്ത ബാൻഡ്‌ ധരിച്ച്‌ ഉസ്‌മാൻ ഖ്വാജ
?️മാനുഷിക സന്ദേശങ്ങള്‍ കളിക്കളത്തില്‍ പ്രകടിപ്പിക്കുന്നത് വിലക്കുന്ന ഐസിസി നയത്തിനെതിരെ പൊരുതുമെന്ന് പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഉസ്‌മാന്‍ ഖ്വാജ. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ കറുത്ത ആംബാൻഡ്‌ അണിഞ്ഞാണ്‌ ഖവാജ ബാറ്റ് ചെയ്യാനെത്തിയത്‌. 98 പന്തിൽ 41 റൺസെടുത്ത ഖ്വാജയെ ഷഹീൻ ആഫ്രിഡിയാണ്‌ മടക്കിയത്‌. പരിശീലനത്തില്‍ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ ‘സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്’, ‘എല്ലാ ജീവനും തുല്യമാണ്’ തുടങ്ങിയ സന്ദേശങ്ങള്‍ തന്റെ ഷൂവില്‍ ഖ്വാജ പ്രദര്‍ശിപ്പിച്ചിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5765 രൂപ
പവന് 46120 രൂപ