സിന്തറ്റിക് ലഹരി പിടിമുറക്കി; കേരളത്തിൽ 10 വർഷത്തിനുള്ളിൽ പിടിച്ചത് 544 കോടിയുടെ മയക്കുമരുന്ന്. അറസ്റ്റിലായവരിൽ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും.

സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത് 544 കോടിയുടെ മയക്കുമരുന്നെന്ന് റിപ്പോര്‍ട്ട്. കഞ്ചാവിന്റെയും സിന്തറ്റിക് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം മദ്യത്തിന്റെ ഉപയോഗത്തില്‍ നേരിയ കുറവുണ്ട്.

2014 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്രവിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ 53,789 മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 52,897 പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 154 കേസുകളാണുള്ളത്. അറസ്റ്റിലായതില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും.