സ്‌നേഹത്തിലും ത്യാഗത്തിലും ഒരുമിക്കുന്നവരാണ് ദൈവ ജനമെന്നും, പാലക്കാട് രൂപയുടെ അമ്പത് വർഷത്തെ വളർച്ചയുടെ ആകെ തുക ഈ കൂട്ടായ്മയുടെ ശക്തിയാണെന്നും പാലക്കാട് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മേലാർകോട് ഫൊറോനാ തല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപത നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പേ മലബാറിലെ ആദ്യ ക്രൈസ്തവ സാന്നിധ്യങ്ങളിലൊന്നായി മേലാർകോട്ടെ സുറിയാനി ക്രൈസ്തവ സമൂഹത്തെ ചരിത്രം രേഖപ്പെടുത്തിയതാണ്. മുന്തിവള്ളിയും ശാഖകളും പോലെ സഭാംഗങ്ങൾ തമ്മിലുള്ള ദൃഡബന്ധം നല്ലഫലം പുറപ്പെടുവിക്കുമെന്നും മാർ കൊച്ചുപുരക്കൽ പറഞ്ഞു. ഫൊറോനാ വികാരി ഫാ. സേവ്യർ വളയത്തിൽ അധ്യക്ഷനായി. എ.കെ.സി.സി. ഫൊറോന സമിതി പ്രസിഡന്റ് ജോബ് ജെ. നെടുംകാടൻ, പോത്തുണ്ടി സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സി. ഷെറിൻ, മാതൃവേദി ഫൊറോനാ പ്രസിഡന്റ് മേരിക്കുട്ടി പുത്തൻവീട്ടിൽ, കെ.സി.വൈ.എം. ഫൊറോനാ പ്രസിഡന്റ് ജോമോൻ കൊച്ചുപുരക്കൽ, കൈക്കാരൻ ജോഷി തൈക്കാടൻ , മുതിർന്ന അൽമായ പ്രതിനിധി കെ.പി. ലോറൻസ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് സംഗമത്തിന് മുന്നോടിയായി മേലാർകോട് സെന്റ് ആന്റണീസ് പള്ളിയിയിൽ രൂപതാധ്യക്ഷന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു. ഫൊറോനയിലെ ഇടവക വികാരിമാരും വൈദികരും സഹകാർമ്മികരായി. ബൈബിൾ ദൃശ്യാവിഷ്‌കാരം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. ആലത്തൂർ, മേലാർകോട്, നെന്മാറ, ചിറ്റില്ലഞ്ചേരി, കയറാടി, പോത്തുണ്ടി, നെല്ലിയാമ്പതി ഇടവകളിൽ നിന്നുള്ള അൽമായ, ഭക്ത സംഘടനാ പ്രതിനിധികളും സന്യസ്തരും മറ്റും പങ്കെടുത്തു.