ഏഴരവര്‍ഷത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കിയത് 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വി. ശിവന്‍കുട്ടി*

കൊടുവായൂര്‍ ജി.ബി.എല്‍.പി, എത്തന്നൂര്‍ ജി.ബി.യു.പി, സ്‌കൂളുകളിലെ
പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ 3800 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതായും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കെ. ബാബു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച എത്തന്നൂര്‍ ജി.ബി.യു.പി സ്‌കൂളിലെയും കൊടുവായൂര്‍ ജി.ബി.എല്‍.പി. സ്‌കൂളിലെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തെ പല സ്‌കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. മഴയും വെയിലും കൊള്ളാതെ സ്‌കൂളിലിരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അത്തരം ഒരു അവസ്ഥയില്‍ നിന്നാന്ന് ഇന്ന് കാണുന്ന വളര്‍ച്ച സാധ്യമാക്കിയത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യസവും ആരോഗ്യ സംരക്ഷണവും പ്രധാനമാണ്.

സംസ്ഥാനത്ത് പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ് എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. അത്യാധുനികശാസ്ത്ര സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തില്‍ അധ്യാപകര്‍ കാലഘട്ടത്തിനനുസരിച്ചുള്ള തയ്യാറെടുപ്പും ഒരുക്കവും നടത്തണം. പഠനനിലവാരം ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണം, അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, കൃത്യസമയത്ത് പരീക്ഷകള്‍ നടത്തുക, പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുക, പരീക്ഷാഫലം പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ 100 ശതമാനം വിജയിച്ചതായും കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു കുറവും കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ക്ലാസ്മുറികളും വരാന്തയും ഉള്‍പ്പടെ 2500 ഓളം ചതുരശ്ര അടിയില്‍ 53 ലക്ഷം രൂപ ചെലവിലാണ് രണ്ട് സ്‌കൂളുകളിലും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെ. ബാബു എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. രാജന്‍, കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുട്ടുമണി, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സച്ചിദാനന്ദന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ശബരീശന്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സരിത ശശി, കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തംഗം പി.ആര്‍ സുനില്‍, ജി.ബി.യു.പി.എസ് പ്രധാനധ്യാപിക എസ്. സുമ, ജി.ബി.എല്‍.പി.എസ് ഹെഡ് മാസ്റ്റര്‍ എസ്. മുരുകവേല്‍ എന്നിവര്‍ പങ്കെടുത്തു.