അഴിമതി-കൈക്കൂലി ആരോപണങ്ങളും ക്രമക്കേടുകളും നേരിടുന്ന ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ്. അജിത് കുമാറിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. റവന്യു വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭ്യമാകുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ഇന്സ്പെക്ഷന് സ്ക്വാഡ് ഷോളയൂര്‍ വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. ജോലിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനു പുറമേ കൈക്കൂലി നല്കിയാല് മാത്രമേ ഇദ്ദേഹം സേവനം നല്‍കാറുള്ളൂ എന്നും പൊതുജനങ്ങള്‍ പരിശോധന സംഘത്തിന് പരാതി നല്കി. ജോലിയില്‍ ക്രമേക്കേട്, അഴിമതി എന്നിവ കാണിച്ചതായി കണ്ടെത്തിയതിന്റെയും സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ് അജിത് കുമാറിനെ ഉടന്‍ പ്രാബല്യത്തില്‍ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു