
ജോജി തോമസ്
വ്യാപാര സ്ഥാപനങ്ങൾ സ്കൂൾ സീസൺ കച്ചവടത്തിന് ഒരുങ്ങി. വ്യാപാരം നടക്കുന്നില്ലെന്ന് വ്യാപാരികളും. വ്യാപാരസ്ഥാപനങ്ങൾ സ്കൂൾ വിപണി ലക്ഷ്യമാക്കി നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ബാഗ്, വാട്ടർബോട്ടിൽ, കുട, പേന, പെൻസിൽ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പല വർണ്ണത്തിലും വലിപ്പത്തിലും ഒരുക്കി പ്രദർശിപ്പിച്ച് വ്യാപാരത്തിന് ഒരുങ്ങിയിരിക്കുകയാണ്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വ്യാപാരം കാര്യമായി നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന വ്യാപാരം നടക്കുന്ന നോട്ടുബുക്കുകൾ തുടങ്ങിയവ സ്കൂൾ അധികൃതർ നിർബന്ധിച്ചു വില്പന നടത്തുന്നതിനാലും, പുസ്തകങ്ങൾ പൊതിയുന്നതിന് ഒരേ നിറത്തിലുള്ള ചട്ട കടലാസ്സുകൾ വരെ സ്കൂൾ അധികൃതർ അനുബന്ധ സ്ഥാപനങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ വിൽപ്പന നടത്തുന്നു. യൂണിഫോം തുണികൾ പോലും ചില സ്ഥാപനങ്ങൾ തയ്ച്ചു നൽകുകയും ചില സ്ഥാപനങ്ങൾ അവർ നിശ്ചയിച്ച സ്ഥാപനങ്ങളിൽ നിന്നുതന്നെ വാങ്ങണം എന്ന് നിർബന്ധിക്കുന്നതും വസ്ത്ര വ്യാപാരസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ജിഎസ്ടി യും പഞ്ചായത്ത്, ഹരിത കർമ്മ സേന തുടങ്ങിയ നികുതിയും യൂസർ ഫീ യും നൽകിയിട്ടു നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾ വായ്പയെടുത്തു നടത്തുന്നവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി പറയുന്നു. സീസണിൽ മാത്രം ലഭിക്കുന്ന സ്കൂൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രതീക്ഷകൾ തകർത്തുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവടത്തിന് ഇറങ്ങിയതിൽ വ്യാപാരികളും കടുത്ത അമർഷത്തിലാണ്. സ്കൂൾ വിപണി ലക്ഷ്യം വെച്ച് സ്കൂൾ ബസാർ എന്ന പേരിൽ പ്രാദേശിക സഹകരണ സംഘങ്ങളും സ്കൂൾ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച വിൽപ്പന നടത്തുന്നുണ്ട്.
സ്കൂൾ വിപണിയിൽ മത്സരം കൊഴുപ്പിക്കാൻ നോട്ട് ബുക്കുകൾ ഉൾപ്പെടെയുള്ളവ പലരീതിയിൽ അടുക്കി ഭംഗിയാർന്ന പുറംചട്ട പ്രദർശിപ്പിച്ചാണ് സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ളവർ പ്രത്യേക കൗണ്ടറുകൾ ഒരുക്കി പ്രദർശിപ്പിച്ച് വില്പനയ്ക്ക് ഒരുങ്ങിയിട്ടുള്ളത്.
പേന പെൻസിൽ, റബ്ബർ, ഇൻസ്ട്രുമെന്റ് ബോക്സ്, പെൻസിൽ ബോക്സ് തുടങ്ങിയവയും വിൽപ്പന തകൃതിയാണ്, പേന പെൻസിൽ എന്നിവ പെൻസിൽ ബോക്സ് പോലുള്ള പ്ലാസ്റ്റിക് പെട്ടികളിലും ടിന്നുകളിലും ആക്കി 10 ഉം 20 എണ്ണം അടങ്ങിയവ ഒന്നിച്ചു വിൽപ്പനയും സജീവമായി നടക്കുന്നു.
കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ബാഗുകൾക്കാണ് ആവശ്യക്കാർ ഏറെ ഉള്ളതെങ്കിലും വില 1500 വരെ ഉയരുന്നുണ്ട്. പ്ലാസ്റ്റിക് വെള്ളം കുപ്പികൾക്ക് ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരോധനം ഏർപ്പെടുത്തിയതിനാൽ സ്റ്റീൽ വെള്ളം കുപ്പികൾക്ക് ആവശ്യക്കാർ വരുന്നുണ്ട്. പുസ്തകങ്ങൾ വയ്ക്കുന്ന ബാഗിന് പുറമെ വെള്ളവും ഭക്ഷണവും കൊണ്ടുപോകാനുള്ള പ്രത്യേക ബാഗും വിപണിയിൽ വിൽപ്പനക്ക് എത്തിയിട്ടുണ്ട്. കുട്ടികളെ ആകർഷിക്കാൻ വൈവിധ്യമാർന്ന നിറങ്ങളിലും കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കുടകളും കടകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുടകളിൽ പ്രമുഖ ബ്രാൻഡുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
സ്കൂൾ വിപണിയിൽ നോട്ട് ബുക്കുകൾ ഉൾപ്പെടെയുള്ളവരുടെ വിൽപ്പന ഇപ്പോൾ സജീവമായില്ലെങ്കിൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചാൽ മാത്രമേ പൊതു മാർക്കറ്റിൽ പുസ്തക വിപണിക്ക് ഉണർവ് ഉണ്ടാവുകയുള്ളൂ എന്നും വ്യാപാരികൾ പറയുന്നു. പുസ്തകത്തിന്റെ നീളവും വീതിയും പേജുകളുടെ എണ്ണവും കുറച്ച് വില കുറവ് എന്ന രീതിയിലുള്ള വിൽപ്പനയും സജീവമാണ്.