27.11.2023
കുസാറ്റ് ദുരന്തം; വീഴ്ച സംഭവിച്ചതായി വൈസ് ചാൻസിലർ
?️കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി കുസാറ്റ് വൈസ് ചാൻസിലർ ഡോ.പി.ജി ശങ്കരൻ. പരിപാടിയുടെ സമയം അനുസരിച്ച് കുട്ടികളെ ഓഡിറ്റോറിയത്തിനകത്തേക്കു കയറ്റിവിടുന്നതിൽ പാളിച്ചയുണ്ടായെന്നും നല്ല ചരിവുള്ള സ്റ്റെപ്പുകളായതിനാൽ അപകടത്തിന് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
‘അപകടം ഞെട്ടിക്കുന്നത്’: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ
?️കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടം ഞെട്ടിക്കുന്നതാണെന്നും നാലു വിദ്യാർഥികളുടെ മരണത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നെന്നും ഗവർണർ വ്യക്തമാക്കി.
ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല: ഹൈക്കോടതി
?️ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി വ്യക്തമാക്കി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. റോബിൻ ബസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം
?️വണ്ടിച്ചെക്കു കേസിൽ അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം ലഭിച്ചു. 2012 മുതൽ കോടതിയിൽ നില നിൽക്കുന്ന കേസിലുള്ള വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസ് റോബിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരമൊരു കേസിനെക്കുറിച്ച് അറിയില്ലെന്നും ഇതു വരെ സമൻസോ വാറണ്ടോ തനിക്ക് ലഭിച്ചിട്ടില്ലെന്നും പമ്പാ സർവീസുമായി മുന്നോട്ടു പോകുമെന്നും ഗിരീഷ് പ്രതികരിച്ചു. ലോറി വാങ്ങുന്നതിനായി സ്വകാര്യ ബാങ്ക് നൽകിയ വായ്പയിൽ ഗിരീഷ് ബാങ്കിൽ സമർപ്പിച്ച ചെക്ക് മടങ്ങിയതിലാണ് കേസ്. ഇടമറുകിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയെ നരാധമനെന്നു വിളിച്ചു; ജെയ്ക്കിനു വക്കീൽ നോട്ടീസ്
?️പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരാധമനെന്നു വിശേഷിപ്പിച്ച സിപിഎം നേതാവ് ജെയ്ക്ക് സി. തോമസിനെതിരേ വക്കീൽ നോട്ടീസ്. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നു ബിജെപിയുടെ മുൻ ദേശീയ ബൗദ്ധിക വിഭാഗം കൺവീനറും, പാർട്ടിയുടെ ദേശീയ പ്രചാരണ-പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ. ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
പകര്‍ച്ച വ്യാധി വ്യാപനം; 3 ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിർദേശം
?️സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് നിര്‍ദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍.
എസ്എഫ്ഐ നേരിട്ട തിരിച്ചടി സിപിഎം പരിശോധിക്കും
?️കോളെജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന ക്യാംപസുകളില്‍ തിരിച്ചടി നേരിട്ടതു പരിശോധിക്കാനൊരുങ്ങി സിപിഎം. ക്യാംപസ് യൂണിയനുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും വർഷങ്ങളായി എസ്എഫ്ഐ ജയിച്ച് വന്നിരുന്ന കോളെജുകൾ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ സംഘടനാ സംവിധാനത്തിന് പിഴവ് സംഭവിച്ചുവെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനുള്ളത്.
ചൈനയിൽ ന്യൂമോണിയ പടരുന്നു
?️ചൈനയിൽ ന്യുമോണിയ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാരുകൾ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നിർദേശം. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ പാലിച്ചാൽ മതിയെന്നും കാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഹെൽത്ത് സെക്രട്ടറി കത്തയച്ചു. ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കത്തിൽ നിർദേശിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം പുറപ്പെടുവിച്ച നിർദേശങ്ങൾ തന്നെയാണ് ന്യുമോണിയയുടെ കാര്യത്തിലും നൽകുന്നത്.
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
?️കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പരിശോധന നടത്തി എൻഐഎ. പാകിസ്ഥാൻ പിന്തുണ നൽകുന്ന ഗസ്വ -ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് റെയ്ഡ്. കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് റെയ്ഡ് നടത്തിയത്. മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഖ്, ഉത്തർപ്രദേശിലെ അസംഗഡ് എന്നിവിടങ്ങളിലും പരിശോധന നടത്തി. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് എൻഐഎ പുറത്തു വിടുന്ന വിവരം.
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം
?️ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ- ലൂജ് മീഡിയയും ഐടി വകുപ്പും ചേർന്ന് ലഡാക്കിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
കേന്ദ്രവിഹിത പ്രസ്താവന; മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം
?️കേന്ദ്രവിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കൃത്യമായി കേന്ദ്രധനമന്ത്രി കണക്കവതരിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ കഴിവില്ലായ്മ കേന്ദ്രസർക്കാരിന്റെ മേൽ കെട്ടിവെച്ച് രക്ഷപെടാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറിയോട് വിശദീകരണം തേടി മുസ്ലീം ലീഗ്
?️ കൊടുവള്ളിയിലെ നവകേരള സദസിൽ പങ്കെടുത്ത മുസ്ലീം ലീഗ് മണ്ഡലം ഭാരവാഹിയോട് വിശദീകരണം തേടി പാർട്ടി. കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ ഹുസൈനോടാണ് ലീഗ് വീശദീകരണം തേടിയത്. ഇരുപത്തിനാലു മണിക്കൂറിനകം കാരണം ബോധിപ്പിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.ലീഗിനെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ടെന്ന പ്രചാരണങ്ങൾക്കിടയിലാണ് യുഡിഎഫ് ബഹിഷ്കരണാഹ്വാനം കൊണ്ടുവന്നത്. ഇതിനിടെ ലീഗ് നേതാവ് നവകേരള സദസിൽ പങ്കെടുക്കാനെത്തിയതാണ് ചർച്ചയായത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
?️ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
സുപ്രീം കോടതി ‘വിശുദ്ധ പശു’; നിർദേശങ്ങൾ പാലിക്കുമെന്ന് ഗവർണർ
?️സുപ്രീംകോടതി വിശുദ്ധ പശുവാണെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതിയുടെ നിർദേശങ്ങൾ പാലിക്കുമെന്നു പറഞ്ഞ അദ്ദേഹം പഞ്ചാബ് വിധി പരിശോധിക്കാൻ ആവശ്യപ്പെട്ടത് സെക്രട്ടറിയോടാണെന്നും അക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. നിയമസഭ ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച
?️കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാവ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ 7 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫിറോസ്പൂർ ജില്ലയിലെ അന്നത്തെ പൊലീസ് സൂപ്രണ്ടും രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രി മോദി പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാവീഴ്ചയുണ്ടായത്. പ്രതിഷേധിച്ച കർഷകരുടെ ഉപരോധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നു. ഇത് സുരക്ഷാ വീഴ്ചയാണെന്നാരോപിച്ചിരുന്നു.
മുംബൈ വിമാനത്താവളത്തിലെ ബോംബ് ഭീഷണി: ഒരാൾ കൂടി അറസ്റ്റിൽ
?️മുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടിയതിന് പിന്നാലെ സംഭവത്തിൽ ഒരാളെക്കൂടി മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് തിരുവനന്തപുരത്ത് നിന്ന് പിടികൂടി. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻ (23) നെയാണ് ശനിയാഴ്ച പുലർച്ചയോടെ കസ്റ്റഡിയിൽ എടുത്തത്. ഫെബിന്റെ വീടും പരിസരവും വെള്ളിയാഴ്ച മുതൽ മുതൽ ഭീകരവിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ മുംബൈയിലേക്ക് കൊണ്ടുപോയി. കേസിൽ പൂന്തുറ സ്വദേശി അമീനെ വെള്ളിയാഴ്ച വൈകുന്നേരം ഭീകര വിരുദ്ധ സ്ക്വാഡ് തിരുവനന്തപുരത്ത് നിന്നും പിടികൂടിയിരുന്നു. ഇ-മെയിൽ അയച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കടക്കമാണ് പിടിച്ചെടുത്തത്.
വിവാഹങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ ആക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം
?️ഇന്ത്യയിൽനിന്നുള്ള വലിയ കുടുംബങ്ങളിലെ വിവാഹങ്ങൾ വിദേശരാജ്യങ്ങളിൽ നടത്തുന്ന പ്രവണത വർധിച്ചു വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആഘോഷങ്ങൾ ഇന്ത്യയുടെ മണ്ണിൽ തന്നെ നടത്തിയാൽ രാജ്യത്തിന്റെ പണം വിദേശത്തേക്കു പോകുന്നത് ഒഴിവാക്കാമെന്ന് അദ്ദേഹം പ്രതിമാസ മൻ കി ബാത്ത് പരിപാടിയിൽ ആഹ്വാനം ചെയ്തു. വിവാഹത്തിനു വേണ്ടിയുള്ള ഷോപ്പിങ്ങിലും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ് അടിച്ചേൽപ്പിക്കപ്പെട്ടത്: എം.കെ. സ്റ്റാലിൻ
?️മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ ‘നീറ്റ്’ തമിഴ്നാടിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതു സംസ്ഥാനത്തെ മെഡിക്കൽ രംഗത്തിന്റെ അടിസ്ഥാനം തകർത്തു. പൊതുജന പിന്തുണയോടെ തമിഴ്നാട് നീറ്റിൽ നിന്നു മോചനം നേടുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡോക്റ്റർമാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവച്ചിട്ടു
?️ആയുധങ്ങളും ലഹരിമരുന്നുമായി അതിർത്തി കടന്നെത്തിയ പാക് ഡ്രോണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചിട്ടു. അമൃത്സറിലെ ചക്ക് അല്ലാ ഭക്ഷ് ഗ്രാമത്തിനു സമീപമായിരുന്നു സംഭവം. ഇന്ത്യ-പാക് അതിര്‍ത്തിക്കു സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രണ്ട് പിസ്റ്റളുകള്‍, തിരകള്‍, 5.2 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് ഡ്രോണില്‍ ഇന്ത്യയിലേക്കു കടത്താന്‍ ശ്രമിച്ചത്.
17 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചു
?️നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളുടെ രണ്ടാമത്തെ സംഘത്തെയും ഹമാസ് മോചിപ്പിച്ചു. 13 ഇസ്രയേൽ പൗരന്മാരെയും നാല് തായ് പൗരന്മാരെയുമാണ് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. ഇതിൽ 6 പേർ സ്ത്രീകളും 7 പേർ കുട്ടികളും കൗമാരക്കാരുമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ബന്ദികളെ സ്വീകരിക്കാനായി തയാറെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
ഹമാസ് ധാരണ ലംഘിച്ചെന്ന് ഇസ്രയേൽ
?️ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച ധാരണ ഹമാസ് ലംഘിച്ചതായി ഇസ്രയേല്‍ ആരോപിക്കുന്നു. ബന്ദികളുടെ മോചിപ്പിക്കുമ്പോൾ, കുട്ടികളെ അമ്മയില്‍ നിന്നു വേര്‍പിരിക്കില്ലെന്നു ധാരണയുണ്ടായിരുന്നു. അതായത്, കുഞ്ഞിനെ ബന്ദിയാക്കിക്കൊണ്ട് അമ്മയെയോ, അമ്മയെ ബന്ദിയാക്കി കുട്ടിയെയോ മോചിപ്പിക്കരുതെന്നായിരുന്നു ധാരണയില്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഹമാസ് ഈ വ്യവസ്ഥ ലംഘിച്ചെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
ക്യാനഡയ്ക്ക് ഇന്ത്യയുടെ മറുപടി
?️ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ലെന്നു ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ. അന്വേഷണം പൂർത്തിയാകും മുൻപേ ക്യാനഡ ഇന്ത്യയ്ക്കു മേൽ കുറ്റംചാർത്തിയെന്നും അദ്ദേഹം പറഞ്ഞു. ക്യാനഡയിലെ ഏറ്റവും വലിയ സ്വകാര്യ ടിവി ചാനൽ സിടിവി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് വർമ നിലപാട് വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഇന്ത്യ അന്വേഷണത്തോടു സഹകരിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വർമ.
സ്റ്റോക്സിനു പിന്നാലെ റൂട്ടും ഐപിഎല്ലിൽനിന്നു പിൻമാറി
?️ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനു പിന്നാലെ ബാറ്റർ ജോ റൂട്ടും അടുത്ത വർഷത്തെ ഐപിഎല്ലിൽനിന്നു പിൻമാറി. സ്റ്റോക്സ് ചെന്നൈ സൂപ്പർകിങ്സിന്റെ താരമാണെങ്കിൽ, റൂട്ട് കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലാണു കളിച്ചത്. റൂട്ടിന്റെ തീരുമാനം മാനിക്കുന്നു എന്ന് രാജസ്ഥാൻ റോയൽസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5710 രൂപ
പവന് 45680 രൂപ