സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നാളെ; അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്.

പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് നടക്കുമെന്ന് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്.ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് ഇമ്യൂണൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുക. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ നാളെ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കും. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ നാളെ വൈകിട്ട് എട്ടു വരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും 12, 13, 14 ദിവസങ്ങളിൽ പ്രവർത്തിക്കും.