ബെന്നി വര്‍ഗീസ്
തൃശൂര്‍: റിസർവ് വനമേഖലയിൽ ഉൾപ്പെട്ട റബർ എസ്റ്റേറ്റിൽ നിന്നു മരം മുറിക്കാൻ സ്വകാര്യ കമ്പനിക്ക് വനംവകുപ്പിന്റെ ഒത്താശ
. നിലവിലെ ഉടമ പാട്ടക്കരാർ ലംഘിച്ചു നിയമവിരുദ്ധമായി മറിച്ചു വിറ്റെന്നു കണ്ടെത്തിയതിനെ തുടർന്നു കരാർ റദ്ദാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകിയിട്ടുള്ള 2703 ഏക്കർ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ജൂങ് ടോളി എന്ന സ്വകാര്യ ടി കമ്പനിക്കാണെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡന്റെ കത്ത്. ഈ ഭൂമിയിൽ നിന്നു മരം മുറിക്കാനുള്ള പാസുകളും കമ്പനിക്ക് അനുവദിച്ചു. ഈ ഭൂമിയിലെ മരങ്ങൾ മുറിച്ചു കിട്ടുന്ന തുക വന വകുപ്പിന് അവകാശപ്പെട്ടതാണ് എന്നുള്ള രണ്ട് ഹൈക്കോടതി ഉത്തരവുകൾ നിലനിൽക്കെയാണു വൈൽഡ് ലൈഫ് വാർഡൻ സ്വകാര്യ കമ്പനിക്കു മരം മുറിക്കാൻ അനുമതിനൽകിയത്.
വനഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കേസ് നൽകിയിട്ടുള്ള ജൂങ് ടോളി ടീ കമ്പനി, തെളിവായി ഈ ഹൈക്കോടതിയിൽ ഹാജരാക്കിയതോടെയാണ് സംഭവം വിവാദമായത്. കേസ് സർക്കാർ തോൽക്കുമെന്ന ആശങ്ക ശക്തമായി. കേസ് ജയിക്കണമെങ്കിൽ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നു ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോർട്ടും വനംവകുപ്പ്
ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ നൽകിയ പാസുകളും അനുമതിയും റദ്ദാക്കി തടിയൂരാനുള്ള ശ്രമം മാത്രമാണ് അധികൃതർ നടത്തിയത്. ഫെബ്രുവരിയിലാണു വൈൽഡ് ലൈഫ് വാർഡൻ ജൂങ് ടോളിക്ക് അനുമതിക്കത്തും പാസും നൽകിയത്. ഭൂമിയിൽ നിന്ന് 2.27 ഘനമീറ്റർ തടിയും 2 ടൺ വിറകും മുറിച്ചെടുക്കാനാണ് പാസ്. ഈ പാസ് പ്രകാരമുള്ള മരം മുറി ച്ചു കടത്തിയ ശേഷമാണ് അനുമതി സിസിഎഫ് റദ്ദാക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിലെ ചിമ്മിണി റേഞ്ചിലും ചാലക്കുടി ഡിവിഷനിലെ പാലപ്പള്ളി റേഞ്ചിലുമായി റിസർവ് വനഭൂമിയിലാണ് എസ്റ്റേറ്റ്.
കൊച്ചി ദിവാൻ 1911-13 കാലയളവിൽ പാട്ടത്തിനു വിവിധ കമ്പനികൾക്കായി നൽകിയ ഭൂമിയാണിത്. 1930-56ൽ ഈ കമ്പനികൾ ഭൂമി കൊച്ചിൻ മലബാർ കമ്പനിക്കു വിറ്റു. കൊച്ചിൻ മലബാർ കമ്പനി പിന്നീടു സർക്കാരിനെ അറിയിക്കാതെ ഈ ഭൂമി ജൂങ് ടോളി കമ്പനിക്കു മറിച്ചു വിൽക്കുകയായിരുന്നു.
ജൂങ് ടോളി കമ്പനിയുടെ പേരിൽ പാട്ട വാടക അടയ്ക്കുന്നതിനും ഭൂമിയിലെ മരം മുറിക്കുന്നതിനും അനുമതി തേടി 2013-14 കാലയളവിൽ ഡിഎഫ്ഒയ്ക്കും തൃശൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും അപേക്ഷ നൽകി
യെങ്കിലും 1980ലെ വനസംരക്ഷണ നിയമപ്രകാരം ഭൂമി കൈമാറ്റത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ലംഘിച്ചതിനാൽ നിരസിക്കുകയായിരുന്നു.