പ്രധാന വിഷയങ്ങളിൽ നിന്ന് മാറി തനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കാനാണ് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ശ്രമിക്കുന്നതെന്ന് റോബർട്ട് വദ്ര. പാർലമെന്റിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമർശത്തിനെതിരെയാണ് റോബർട്ട് വദ്ര രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
വ്യവസായി ഗൗതം അദാനിക്കൊപ്പമുള്ള വദ്രയുടെ ചിത്രം ലോക്സഭയിൽ ഇറാനി കാണിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന
‘മണിപ്പൂർ കത്തുമ്പോൾ, ഈ മന്ത്രിക്ക് [സ്മൃതി ഇറാനി] പാർലമെന്റിൽ പോലുമില്ലാത്ത എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു’- മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ പിടിഐയോട് പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ‘ഐഎൻഡിഐ’യെക്കുറിച്ചും വദ്ര പ്രതികരിച്ചു. സഖ്യം എൻഡിഎയ്ക്ക് ശക്തമായ പോരാട്ടം നൽകുമെന്ന് വദ്ര വ്യക്തമാക്കി
“പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ഉണ്ടായിരിക്കണമെന്ന് തോന്നുന്നു. പ്രിയങ്കയ്ക്ക് എല്ലാ യോഗ്യതകളും ഉണ്ട്, കോൺഗ്രസ് പാർട്ടി ഇതേക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – വദ്ര പറഞ്ഞു. ഇതാദ്യമായല്ല ഗൗതം അദാനിക്കൊപ്പമുള്ള വാദ്രയുടെ ചിത്രം ബിജെപി പുറത്തുവിടുന്നത്. അദാനി വിഷയത്തിൽ ലോക്സഭയിൽ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ, ഈ വർഷം ഫെബ്രുവരിയിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള അദാനിയുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു.