വാർത്താകേരളം


                     

30.11.2023  

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു.

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്
?️കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കാണ്ടുപോയ സംഘാംഗമെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു. സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഘത്തിന് പുറത്തുനിന്ന് പലതവണ സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി
?️കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമം കാട്ടുന്നവർക്കെതിരേ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താനായതു വലിയ ആശ്വാസമാണ്. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പൊലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു.

കേരള വർമയിൽ റീ കൗണ്ടിംഗ് ഡിസംബർ 2 ന്
?️കേരളവർമ കോളെജിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ റീകൗണ്ടിങ് ഡിസംബർ രണ്ടിന്. പ്രിൻസിപ്പലിന്‍റെ ചേംബറിൽ രാവിലെ ഒൻപതിനാണു റീകൗണ്ടിങ്. വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം, തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ സ്ഥാനാർഥി കെ.എസ്.അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീണ്ടും വോട്ടെണ്ണാനാണ് കോടതിയുടെ നിർദേശം.

ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 മുതൽ
?️സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ ശുപാര്‍ശ. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക. എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.

ചൈനയിൽ ശ്വാസകോശ രോഗം വ്യാപിക്കുന്നു
?️ചൈനയിൽ കുട്ടികളിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ടു ചെയ്തതിനു പിന്നാലെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് , ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദേശം. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു.

തൊഴിലാളികളുമായി സംസാരിച്ച് മോദി
?️ഉത്തരകാശിയിലെ തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികളുടെ ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും മോദി അഭിനന്ദിച്ചു. ”ഉത്തരകാശിയിലെ നമ്മുടെ സഹോദരൻമാർക്കായുള്ള രക്ഷാ ദൗത്യം വിജയകരമായത് എല്ലാവരെയും വികാരഭരിതരാക്കി. തുരങ്കത്തിൽ കുടുങ്ങിയ സഹോദങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം സുഹൃത്തുക്കൾക്ക് സ്വന്തക്കാരെ കാണാൻ സാധിച്ചത് സംതൃപ്തി നൽകുന്നു. ഈ സമയത്ത് കുടുംബാംഗങ്ങൾ കാണിച്ച ധൈര്യവും ക്ഷമയും അഭിനന്ദിച്ചാൽ മതിയാകില്ല” – മോദി ട്വിറ്ററിൽ കുറിച്ചു.

കണ്ടല ബാങ്ക് തട്ടിപ്പ്; അഖിൽ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി
?️കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ‌ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്. തനിക്കെതിരേ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. ബാങ്കിൽ നിന്നും നിയമപരമായി ലോണെടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഭരണ സമിതി നടത്തിയ ക്രമക്കേടുകളിൽ തനിക്ക് പങ്കില്ലെന്നും അഖിൽ ഹർജിയിൽ‌ പറയുന്നു.

കരുവന്നൂർ തട്ടിപ്പു കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു
?️കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ വ്യവസായി ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. 4 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഹാജരാവണമെന്നു കാട്ടി ഗോകുലം ഗോപാലന് ഇഡി നോട്ടീസ് അയച്ചിരുന്നു. ബാങ്കിന്‍റെ ഡെയ്‌ലി ഡെപ്പോലിറ്റ് സ്കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യൽ.

കോഴിക്കോട് ഡിസിപിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം
?️പ്രവർത്തകർക്ക് നേരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകന്‍റെ കഴുത്തുഞെരിച്ച പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു; വെള്ളത്തിലായത് 80 ലക്ഷം
?️വൻ തുക ചെലവാക്കി ചാവക്കാട് കടൽത്തീരത്ത് നിർമിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബ്രിഡ്ജ് തകർന്ന് രണ്ടു കഷണമായത്. അധികം ആളുകൾ ഇല്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. ഇതേത്തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ നടത്തിപ്പുകാർ എത്തി ബ്രിഡ്ജ് കടലിൽ നിന്ന് കരയിലേക്ക് കയറ്റി. രണ്ടു മാസം മുൻപ് ഒക്റ്റോബർ 1നാണ് മന്ത്രി മുഹമ്മദ് റിയാദ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. ബ്രിഡ്ജിലേക്ക് പ്രവേശിക്കാൻ‌ 120 രൂപയാണ് ഒരാൾക്ക് ഈടാക്കിയിരുന്നത്. വരുമാനം മുഴുവൻ സ്വകാര്യ കമ്പനിക്കാണ് ലഭിച്ചിരുന്നതെന്നും ആരോപണമുണ്ട്.

ഡെങ്കിപ്പനി വ്യാപന സാധ്യത; വീണാ ജോർജിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം
?️ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനാൽ ജാഗ്രത പാലിക്കണം. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്പോട്ടുകൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
?️മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ റോയയുടെ മകൻ ജെസ്‌വിൻ റോയി (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.കിടങ്ങൂർ പൊലീസും പാലയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസിയും ടീം നന്മക്കൂട്ടവുമാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല, തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആന എഴുന്നെള്ളിപ്പിനടുത്ത് വെടിക്കെട്ട് പാടില്ല
?️ആന എഴുന്നള്ളിപ്പു നടക്കുന്നതിനടുത്ത് വെടിക്കെട്ടു നടത്താന്‍ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മറ്റി. ഉത്സവ സീസണ്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4വരെ ആന എഴുന്നെള്ളിപ്പുകള്‍ക്ക് അനുവാദം നൽകില്ല. ആനകളുടെതലപ്പൊക്ക മത്സരം നടത്താൻപാടില്ല.

രാജീവ് ചന്ദ്രശേഖറിനെതിരേ രണ്ടാഴ്ച്ചത്തേക്കു നടപടി പാടില്ലെന്നു ഹൈക്കോടതി
?️കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണക്കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ രണ്ടാഴ്ച്ചത്തേക്കു നടപടി പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കളമശേരി സ്ഫോടനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമര്‍ശം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയിലാണു സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

കല്ലടി കോളെജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി
?️മണ്ണാർക്കാട് കല്ലടി എംഇഎസ് കോളെജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിനു പിന്നാലെ കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ കൗൺസിൽ യോഗം തീരുമാനിച്ചു. മാത്രമല്ല 18 രണ്ടാം വർഷ വിദ്യാർഥികളെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി.

കണ്ണൂരിൽ കിണറ്റിൽ നിന്നു പുറത്തെടുത്ത പുലി ചത്തു
?️കണ്ണൂർ പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ നിന്നു പുറത്തെടുത്ത പുലി ചത്തു. കിണറ്റിലെ വെള്ളം വറ്റിച്ച് വലയിൽ കുരുക്കിയ ശേഷം മുകളിലേക്ക് ഉയർത്തി മയക്കുവെടി വച്ചാണു പുലിയെ പുറത്തെടുത്തത്. പുലിയെ കൂടുതൽ പരിശോധനകൾക്കായി കണ്ണവത്തേക്കു മാറ്റിയിരുന്നു. പുറത്തെടുക്കുമ്പോൾ തന്നെ പുലി അവശനിലയിലായിരുന്നു. 8 മണിക്കൂറിനു ശേഷമാണു പുലിയെ പുറത്തെടുക്കാനായത്.

വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ
?️തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. താനും ഭാര്യയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. യോഗം നടന്നു എന്നു പറയുന്ന സമയത്ത് ഭാര്യാസമേതം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ വലിയ വിളക്ക് ചടങ്ങിൽ ആയിരുന്നുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

അഭിഭാഷകർക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
?️കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 29 അഭിഭാഷകർക്കെതിരേയാണ് കേസ്. ബാർ അസോസിയേഷൻ പ്രസഡന്‍റ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്നത്.

ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 22 കാരിക്ക് ദാരുണാന്ത്യം
?️ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ (23) ഗുരുതര പരുക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ കൊച്ചി മെട്രൊ പില്ലറിന് സമീപമായിരുന്നു അപകടം. ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

കൽപ്പറ്റയിൽ‌ 75 കാരനെ കാണാതായതായി പരാതി
?️വയനാട്ടിൽ 75 കാരനെ കാണാതായതായി പരാതി. വീടിനു സമീപത്തുള്ള കടയിലേക്ക് പോയതായിരുന്നു മണിച്ചിറ സ്വദേശി ചന്ദ്രൻ. സുൽത്താൻ ബത്തേരിയിലാണ് സംഭവം.ഈ കഴിഞ്ഞ 27 നാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി.

പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച 2പേർ അറസ്റ്റിൽ
?️എരുമേലിയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ മുഹമ്മദ് ഫഹദ് (21), എരുമേലി ഉറുമ്പി പാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടിൽ ആൽബിൻ കെ.അരുൺ(21) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.

വിജയകാന്ത് ആശുപത്രിയിൽ
?️നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം, ചികിത്സയുടെ ഭാഗമായി പതിനാലു ദിവസം കൂടി ഡോക്‌ടർമാരുടെ നീരിക്ഷണത്തിൽ തുടരണമെന്നാണ് റിപ്പോർട്ട്. ശ്വാസകോശ ബുദ്ധിമുട്ടുകൾക്കാണ് വിജയകാന്ത് ചികിത്സ തേടിയത്.

ബിഹാറിൽ നഴ്സറികുട്ടികളെ ബലാത്സംഗം ചെയ്തു; സ്കൂൾ ഡ്രൈവർ അറസ്റ്റിൽ
?️സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ നഴ്സറി വിദ്യാർഥികൾ ക്രൂരമായി ബലാത്സംഗത്തിനിരകളായതായി റിപ്പോർട്ട്. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിർപുരിലാണ് സംഭവം. ചൊവ്വാഴ്ച സ്കൂളിൽ പോയി മടങ്ങി വരും വഴി സ്കൂൾ വാനിന്‍റെ ഡ്രൈവർ കുട്ടികളെ ബലാത്സംഗം ചെയ്തതായാണ് പരാതി. ഡ്രൈവർ സിക്കന്ദർ റായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് രണ്ടു കുട്ടികളും രക്തം പുരണ്ട വസ്ത്രത്തോടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടികൾ ആക്രമിക്കപ്പെട്ടതായി തുറന്നു പറഞ്ഞത്.

വിരാട് കോലി ഏകദിന, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിട്ടുനിൽക്കും
?️ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ടോപ് സ്കോററായ വിരാട് കോലി ഏകദിന, ട്വന്‍റി20 ഫോർമാറ്റുകളിൽ നിന്ന് തത്കാലം വിട്ടുനിൽക്കും. ഇന്ത്യൻ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് ടീമിലേക്കു മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചതായാണ് സൂചന. മൂന്നു വീതം ഏകദിന, ട്വന്‍റി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഡിസംബറിൽ ആരംഭിക്കുന്ന പര്യടനത്തിലുള്ളത്. വൈറ്റ് ബോൾ ഫോർമാറ്റുകൾക്കു ശേഷമാണ് ടെസ്റ്റ് മത്സരങ്ങൾ.

എസ്. ശ്രീശാന്ത് അമേരിക്കൻ പ്രീമിയർ ലീഗിൽ കളിക്കും
?️മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ്. ശ്രീശാന്തും ഓൾറൗണ്ടർ സ്റ്റ്യുവർട്ട് ബിന്നിയും അമേരിക്കൻ പ്രീമിയർ ലീഗ് (എപിഎൽ) ടി20 ടൂർണമെന്‍റിൽ കളിക്കും. യുഎസിലെ ഹൂസ്റ്റണിൽഡിസംബർ 19 മുതൽ 31 വരെയാണ് ടൂർണമെന്‍റ്. ശ്രീശാന്തും ബിന്നിയും സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നതിനു തടസമില്ല. ഐസിസി അംഗീകാരത്തോടെ നടത്തുന്ന എപിഎഎല്ലിൽ ഏഴു ടീമുകളിലായി 40 അന്താരാഷ്‌ട്ര താരങ്ങൾ അണിനിരക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന് സമനില
?️കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ പുളകം കൊള്ളിച്ച മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ത്രില്ലര്‍ സമനില. ഇരു ടീമും മൂന്നു ഗോള്‍ വീതം നേടി. 2-3ന് പിന്നില്‍നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ സമനില പിറന്നത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ദിമിത്രിയോസ് ഡയമന്‍റക്കോസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ക്വാമെ പെപ്ര വകയായിരുന്നു മൂന്നാം ഗോള്‍.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5735 രൂപ
പവന് 45380 രൂപ