നെല്ലിയാമ്പതി ചുരം റോഡ് തകർന്നു

നെന്മാറ : നെന്മാറ – നെല്ലിയമ്പതി ചുരം റോഡ് ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡില്‍ നേരത്തെ തകര്‍ന്ന ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനിടെ ടാര്‍ റോഡിനു അടിവശത്തുള്ള മണ്ണ് ഇടിഞ്ഞാണ് റോഡിനു ബലക്ഷയവും അപകടനിലയും ഉണ്ടായത്.ഇരുമ്പുപാലത്തിനും പതിനാലാം മൈലിനും ഇടയ്ക്കുള്ള പ്രദേശത്താണ് ഗതാഗത തടസമുണ്ടായത്.
കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ കോണ്‍ക്രീറ്റ് ചെയ്യാനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ വാഹനഗതാഗതം നടന്നുകൊണ്ടിരുന്ന ടാര്‍പാതയ്ക്കു അടിവശത്തുള്ള മണ്‍തിട്ട ഇടിഞ്ഞുവീണത്. ഇതോടെ ടാര്‍റോഡിന് അടിവശം പൊള്ളയായ നിലയിലായി. പൊതുമരാമത്ത് വനം വകുപ്പ് അധികൃതര്‍ ഇടപെട്ട് ഗതാഗതം താത്കാലികമായി നിയന്ത്രിച്ചു. നെല്ലിയാമ്പതിയില്‍ കുടുങ്ങിയ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കാരെ ഇറക്കി മറുവശത്ത് എത്തിച്ച്‌ യാത്ര തുടര്‍ന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം നെല്ലിയാമ്ബതിയിലേക്ക് ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ ഭാഗത്തുകൂടെ കടത്തിവിടുന്നത്.

ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ ഭാഗത്ത് റോഡിലൂടെ മലവെള്ളം ഒഴുകിയെത്തിയത് കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തി.

സന്ധ്യയോടെ മഴ ആരംഭിച്ചതിനാല്‍ റോഡിന്‍റെ സ്ഥിതി എന്താകുമെന്ന കാര്യത്തില്‍ പ്രദേശവാസികളും അധികൃതരും ആശങ്ക പ്രകടിപ്പിച്ചു.നെല്ലിയാമ്ബതിയിലേക്കുള്ള രാത്രിയാത്ര പൂര്‍ണമായും നിരോധിച്ചു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം, ചിറ്റൂര്‍ തഹസില്‍ദാര്‍, റവന്യൂ, വനം അധികൃതര്‍ എന്നിവര്‍ സ്ഥല പരിശോധനയ്ക്ക് നെല്ലിയാമ്പതിയിലേക്കു പോയി.
വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചിച്ച്‌ ചെറു വാഹനങ്ങള്‍ക്കുള്ള ഭാഗിക യാത്രാസംവിധാനം ഒരുക്കാനാണ് അധികൃതരുടെ കൂടിയാലോചന നടക്കുന്നുണ്ട്.താല്‍ക്കാലികമായി ചെറു വാഹനങ്ങള്‍ക്കെങ്കിലും യാത്രാസൗകര്യം ഒരുക്കിയില്ലെങ്കില്‍ നെല്ലിയാമ്പതി ഒറ്റപ്പെടും.