19.12.2023
ക്രിസ്മസിന് മുൻപായി ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യും
?️ഒരു മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് തുക ലഭ്യമാക്കുക. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
പ്രതിഷേധം ശക്തമാക്കി എസ്എഫ്‍ഐ; ക്രിമിനലുകളെന്ന് ആവർത്തിച്ച് ഗവർണർ
?️കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരേ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഗവർണർ പങ്കെടുക്കുന്ന സെമിനാർ ആരംഭിക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐ പ്രവർത്തകർ പരീക്ഷാ ഭവനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം ഗവർണറുടെ ഗെസ്റ്റ് ഹൗസിന് സമീപമെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന് അകത്തു പ്രവേശിക്കാൻ ശ്രമിച്ച വനിത നേതാക്കളടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബലൂണുകൾ പറത്തിയും കരിങ്കൊടി ഉയർത്തിയുമാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടെ ഗവർണറുടെ സംഘപരിവാർ നയങ്ങൾക്കെതിരേ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കി പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.
വെല്ലുവിളിച്ച് ഗവർണർ തെരുവിൽ
?️എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോഴിക്കോട് തെരുവിലൂടെ നടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരേ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഗവർണർ തെരുവിലിറങ്ങിയത്. നാട്ടുകാർക്ക് കൈ കൊടുത്തും കുട്ടികളെ വാരിയെടുത്തു കൊഞ്ചിച്ചുമാണ് ഗവർണർ മാനാഞ്ചിറ മൈതാനത്തെത്തിയത്. മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങിയാണ് ഗവർണർ മടങ്ങിയത്.
ഗൺമാൻ ആരെയും ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
?️യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ഗൺമാനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൃശ്യമാധ്യമങ്ങളും പത്രവും താൻ കണ്ടില്ല. ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ല. താൻ നേരിട്ട് കണ്ടതാണ് പറയുന്നതെന്നും ഗൺമാൻ ആരെയും ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മാത്രമല്ല എസ്കോർട് ഉദ്യോഗസ്ഥന്‍റെ വെല്ലുവിളി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഗവർണർക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു . ഗവർണറുടേത് അസാധാരണമായ നടപടിയാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ആരാഞ്ഞു.
നടക്കുന്നത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ ബോധപൂർവമായ ശ്രമം
?️സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ വിലയിരുത്തൽ. ഇന്നലെ ചേര്‍ന്ന അവൈലബിൾ യോഗത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തിയത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച എ.കെ. ബാലൻ ഗവർണർക്കെതിരേ രൂക്ഷ വിമർശനം ഉന്നയിക്കുകയും എസ്എഫ്ഐക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഭരണ സംവിധാനത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുകയാണ്. പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ഗവർണറുടെ ശ്രമം. മുൻ കേരള ഗവർണറായിരുന്ന ജസ്റ്റിസ് സദാശിവന്‍റെ കാൽ കഴുകി വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 227 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം
?️സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഞായറാഴ്ച മാത്രം 227 അധിക കേസുകൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 60 ആക്‌ടീവ് കേസുകളും.
കൊവിഡ് കേസുകളിൽ വര്‍ധന; സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം
?️കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. ജില്ലാ തലത്തില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കൊവിഡ് കേസുകൾ ഉയരുന്നതിൽ തീവ്രമായ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ശ്വാസകോശ അണുബാധ, ഫ്ളു എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം. ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്. പുതുക്കിയ കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വീണ്ടും മാസ്ക് അണിയേണ്ടി വരുമോ കേരളം?
?️സംസ്ഥാനത്ത് പനി വ്യാപകമാവുന്നു. കൊവിഡ് വീണ്ടും സംസ്ഥാനത്ത് മരണത്തിനിടയാക്കിയ സാഹചര്യത്തിൽ മാസ്കിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. തൊണ്ട വേദന, മസിൽ വേദന, ക്ഷീണം എന്നിവയാണ് പനിയുടെ ലക്ഷണം. ഇത് മിക്കവാറും വൈറൽ പനിയായാണ് കാണപ്പെടുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് കാണപ്പെടുന്നതിനാൽ ഒരു പനിയും നിസാരമായി കാണരുതെന്നാണ് ഡോക്റ്റർമാരുടെ മുന്നറിയിപ്പ്.
കൊവിഡ്: കേരളത്തില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; ആരോഗ്യ മന്ത്രി
?️കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.നവംബര്‍ മാസത്തില്‍ തന്നെ കൊവിഡ് കേസുകളില്‍ ചെറുതായി വർധന കണ്ടതിനെതുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
നവകേരളാ സദസ് ചെലവിനായി കളക്ടര്‍മാര്‍ പണം കണ്ടെത്തണമെന്ന ഉത്തരവിന് സ്‌റ്റേ
?️നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം ശേഖരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്നതിനാലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചേക്കും.
കൊവിഡ്: കർണാടകയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി
?️കൊവിഡ്-19 കേസുകൾ പെരുകുന്ന സാഹചര്യത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി കർണാടക. അറുപതു വയസ്സു കഴിഞ്ഞ പൗരന്മാരും ഹൃദ്രോഗമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്നാണ് നിർദേശം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കർണാടകയുടെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
13 ഇന സബ്സിഡി സാധനങ്ങളുമായി ക്രിസ്മസ് ചന്ത വ്യാഴാഴ്ച മുതൽ
?️സപ്ലൈകോ ക്രിസ്മസ് ചന്ത 21 ന് ആരംഭിക്കും. ക്രിസ്മസ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് നടക്കും. 13 ഇന സബ്സിഡി സാധനങ്ങളാണ് വിലക്കുറവിൽ ക്രിസ്മസ് ചന്തയുടെ ഭാഗമായി ലഭ്യമാക്കുക. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലും ജില്ലാ ചന്തകളുണ്ടാവും. 1600 ഓളം ഔട്ട്ലെറ്റുകളിലാവും വിൽപ്പന ഉണ്ടാവുക.
ആര്യനാട് ഗവ.ആശുപത്രിയിൽ ഡോക്‌ടർക്ക് മർദനം
?️ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്‌ടറെ മർദിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടയിരുന്ന ഡോക്‌ടർ ജോയിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കളിൽ ഒരാളാണ് ഡോക്‌ടറെ ആക്രമിച്ചത്. പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇവരോട് ഒപി ടിക്കറ്റെടുക്കാൻ ഡോക്‌ടർ ആവശ്യപ്പെട്ടു. പിന്നാലെ ഡോക്‌ടറുടെ മുറിയിൽനിന്ന് പുറത്തിറങ്ങി സെക്യൂരിറ്റി ജീവനക്കാരെയും നഴ്സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിയെത്തി ഡോക്‌ടറെ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഡോക്‌ടർ വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി.
തെക്കൻ തമിഴ്നാട്ടിൽ പ്രളയം
?️കനത്ത മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിൽ പ്രളയം രൂപപ്പെട്ടു. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തുത്തുക്കുടി ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. വൈഗ നദിയിലെ ജലനിരപ്പുയർന്നതോടെ തേനി, മധുര,ശിവഗംഗ, രാമനാഥപുരം, ദിണ്ടിഗൽ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 50 അംഗങ്ങൾ വീതമുള്ള രണ്ട് എൻഡിആർഎഫ് സംഘം തിരുനെൽവേലി,തുത്തുക്കുടി ജില്ലകളിൽ എത്തിയിട്ടുണ്ട്. കന്യാകുമാരിയിൽ മുന്ന് എൻഡിആർഎഫ് സംഘത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ
?️അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കറാച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിഷം ഉള്ളിൽ ചെന്നതാണ് ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിച്ചതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പട്ടിട്ടില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രിയുടെ ഒരു നില മുഴുവൻ ദാവൂദിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. രണ്ടു ദിവസം മുൻപേ ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളെയും ആശുപത്രിയിലെ ഉന്നത അധികൃതരേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.
4 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
?️ഐഎസ്ഐഎസ് നെറ്റുവക്ക് കേസുമായി ബന്ധപ്പെട്ട് നാലു ജില്ലകളിൽ റെയ്ഡ് നടത്തി എൻഐഎ. കർണാടകയിലെ 11 ഇടത്തും ജാർഖണ്ഡിലെ നാലിടത്തും മഹാരാഷ്ട്രയിലെ മൂന്നിടത്തും ഡൽഹിയിൽ ഒരിടത്തുമാണ് റെയ്ഡ്. കഴിഞ്ഞാഴ്ച മഹാരാഷ്ട്രയിലെ നാൽപ്പതിടങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ, പതിനഞ്ചു പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസ്ഐഎസ് മൊഡ്യൂളിലെ നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.
മഥുര പള്ളി: സർവെയ്ക്കുള്ള മാർഗനിർദേശങ്ങളിൽ തീരുമാനം മാറ്റി
?️മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവെയ്ക്കുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ച ഉത്തരവ് അലഹാബാദ് ഹൈക്കോടതി മാറ്റിവച്ചു. പള്ളിയിൽ അഭിഭാഷക കമ്മിഷണറുടെ പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്മിഷനിലേക്കുള്ള 3 അഭിഭാഷകരുടെ പേരും പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങളും 18ന് തീരുമാനിക്കുമെന്നാണു ഹൈക്കോടതി പറഞ്ഞിരുന്നത്.
അയോധ്യയിലെ പള്ളി നിർമാണം മേയിൽ തുടങ്ങും
?️അയോധ്യയിലെ തർക്കഭൂമി സംബന്ധിച്ച വിധിയിൽ സുപ്രീം കോടതി നിർദേശിച്ച പള്ളിയുടെ നിർമാണം മേയിൽ തുടങ്ങും. ഇന്ത്യ- ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ധനിപുരിലാണു പള്ളി നിർമിക്കുന്നത്. പള്ളിക്കുവേണ്ടി സംഭാവന സ്വീകരിക്കാൻ ഓരോ സംസ്ഥാനത്തും പ്രതിനിധികളെ ചുമതലപ്പെടുത്താനും ട്രസ്റ്റ് ആലോചിക്കുന്നുണ്ട്. ഫെബ്രുവരിയിൽ ഇവരെ നിയമിച്ചേക്കും. 2019 നവംബർ ഒമ്പതിനാണ് തർക്കഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുത്തുകൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ഇവിടെ നിർമിച്ച ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങുകൾ ജനുവരി 22ന് നടക്കാനിരിക്കുകയാണ്. എന്നാൽ, പള്ളി നിർമിക്കാൻ ഇതേവരെ നടപടി തുടങ്ങിയിട്ടില്ല.
33 ലോക്സഭാ എംപിമാർക്ക് കൂടി സസ്പെൻഷൻ
?️ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംഎൽഎമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി. ഇതോടെ ആകെ 46 എംപിമാരാണ് സസ്പെൻഷനിലായത്.കേരളത്തിൽ നിന്നുള്ള 6 എംപിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും സസ്പെൻഷൻ നൽകി.
ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു; പ്രിൻസിപ്പൽ അറസ്റ്റിൽ
?️കർണാടകയിൽ ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചതിന് പ്രിൻസിപ്പൽ അറസ്റ്റിൽ. കോലാറിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്കുൾ പ്രിൻസിപ്പൽ ഭരതമ്മയാണ് അറസ്റ്റിലായത്. കൂടാതെ സംഭവത്തിൽ ഒരു അധ്യാപകനെയും നാലു കരാർ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കുട്ടികളെക്കൊണ്ട് ടാങ്ക് വൃത്തിയാക്കുന്നതിനെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടിടപെടുകയായിരുന്നു.
റുവാന്‍ അസര്‍ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍
?️ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായി റുവാന്‍ അസറിനെ നിയമിച്ചു. റുവാന്‍റെ നിയമനത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയെ കൂടാതെ, ശ്രീലങ്കയിലെയും ഭൂട്ടാനിലെയും നോണ്‍ റസിഡന്‍റ് അംബാസഡറായി റുവാന്‍ പ്രവര്‍ത്തിക്കും.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിവിധ പദവികൾ പ്രവര്‍ത്തിച്ചിട്ടുള്ള റുവാന്‍ അറിയപ്പെടുന്ന നയതന്ത്രജ്ഞനാണ്. നിലവില്‍ റൊമാനിയയിലെ ഇസ്രയേല്‍ അംബാഡസറാണ്.
വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി
?️വയനാട്ടിൽ കൂടല്ലൂരിൽ പിടിതരാതെ നടന്നിരുന്ന നരഭോജി കടുവ കൂട്ടിലായി. കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങൾ ഈ പ്രദേശത്തിനടുത്തെല്ലാം കടുവ എത്തിയിരുന്നു. കർഷകനെ കൊന്ന് പത്താം ദിനമാണ് കടുവ കൂട്ടിലാവുന്നത്. ഡബ്ലുഡബ്ലുഎൽ 45 എന്ന കടുവയാണ് വനം വകുപ്പിന്‍റെ കൂട്ടിൽ വീണത്. നേരത്തെ കടുവയെ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചിരുന്നു.
പത്ത് വർഷം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകൾ!
?️ചുരുങ്ങിയ കാലം കൊണ്ട് 5000 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. സുവർണ നേട്ടം കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയരായവരുടെ ഒത്തുചേരലും സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയായി.
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
?️ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. എം.സി. റോഡിൽ ചെങ്ങന്നൂർ കല്ലിശേരിയിൽ തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്നും പിറവത്തേക്കും കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കും പോവുകയായിരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മുപ്പതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുന്‍ സർക്കാർ അഭിഭാഷകനെതിരായ ബലാത്സംഗക്കേസ്
?️അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനുവിനെതിരായ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ശാരീരിക, മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്റ്റർമാരുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അതിജീവിതയുടെ നിലവിലെ സ്ഥിതി മനസിലാക്കാൻ മുതിർന്ന വനിതാ അഭിഭാഷകയെ അയയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
2034ലെ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലും?
?️2034 ലോകകപ്പ് ഫുട്ബോളിലെ ചില മത്സരങ്ങള്‍ ഇന്ത്യയിലും നടത്തുതിന്റെ സാധ്യത പരിശോധിക്കണമെന്ന് ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) എക്സിക്യുട്ടീവ് അംഗങ്ങള്‍ക്ക് അധ്യക്ഷന്‍ കല്യാണ്‍ ചൗബേ നിര്‍ദേശം നല്‍കി. സൗദി അറേബ്യയാണ് 2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 18-ന് നടന്ന ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ (എഎഫ്.സി.) അടിയന്തര യോഗത്തില്‍ ലോകകപ്പ് സൗദി ആതിഥ്യം വഹിക്കുന്നതിനെ എഐഎഫ്എഫ് പിന്തുണച്ചിരുന്നു. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന 2034 ലോകകപ്പില്‍ ആകെ 104 മത്സരങ്ങളുണ്ടാകും. ഇതില്‍ 10 മത്സരമെങ്കിലും ഇന്ത്യയില്‍ നടത്താനാകുമോ എന്നാണ് എഐഎഫ്എഫ് പരിശോധിക്കുന്നത്. ഇക്കാര്യം ഉടന്‍ സൗദി സംഘാടകസമിതിയുമായി ചര്‍ച്ച ചെയ്യും.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5740 രൂപ
പവന് 45920 രൂപ