റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് നവംബര്‍ അഞ്ചു വരെ അവസരം

ജില്ലയിലെ മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ചു വരെ നീട്ടി. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്ന് ഇനിയും മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി നവംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ (ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാലു മണി വരെ) അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ വെച്ച് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും. കൈവിരലുകള്‍ ഉപയോഗിച്ച് മസ്റ്ററിങ് സാധിക്കാതെ വന്ന റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൈവശം വെക്കേണ്ടതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു. ഇതോടൊപ്പം ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസില്‍ നവംബര്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയും ക്യാമ്പ് ഉണ്ടാവും.
ആലത്തൂര്‍ താലൂക്കില്‍ നവംബര്‍ രണ്ടിന് ചൂലന്നൂര്‍ ന്യായവില ഷോപ്പ് പരിസരം, വണ്ടാഴി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും നവംബര്‍ നാലിന് കുഴല്‍മന്ദം ന്യായവില ഷോപ്പ് (നം. 95) പരിസരം, വടക്കഞ്ചേരി പഞ്ചായത്ത് കല്യാണ മണ്ഡപം എന്നിവിടങ്ങളിലും നവംബര്‍ അഞ്ചിന് കോട്ടായി ന്യായവില ഷോപ്പ്, തരൂര്‍ കെ.പി കേശവമേനോന്‍ ഹാള്‍ ന്യായവില ഷോപ്പ് എന്നിവിടങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ നടക്കും. രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെയാണ് പ്രത്യേക ക്യാമ്പുകളുടെ സമയക്രമം