ബെന്നി വർഗീസ്
വടക്കഞ്ചേരി :മംഗലംഡാം പുലിപ്പേടി വിട്ടൊഴിയാതെ ഓടംതോട് മലയോര മേഖല. ഓടംതോട്ടില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് പുലിയുടെ ജഡം തോട്ടത്തില്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് മലയോര ഗ്രാമത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പുലിയിറങ്ങുന്നത് സംബന്ധിച്ച് നാട്ടുകാര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാൻ അധികൃതര്‍ തയാറാവുന്നില്ലെന്ന പരാതിയും കര്‍ഷകരും നാട്ടുകാരും ഉന്നയിക്കുന്നു.വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളായി മലയോര കുടിയേറ്റ ഗ്രാമങ്ങള്‍ മാറുമ്ബോള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ജൂലൈ 12 ന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ വനിതാ ഡ്രൈവര്‍ വിജീഷ സോണിയ മരണപ്പെട്ടിരുന്നു.മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു.വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മംഗലംഡാം വനമേഖലയില്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും കമ്ബിവേലികള്‍ നിര്‍മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.