പ്രഭാതത്തിലെ നോവായി.. കാണാതായ 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവെന്ന് മൊഴി.

ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്ന മൊഴിയ്ക്ക് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണി ആണ് സംഭവത്തിൽ മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. 

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത്തിരച്ചില്‍ നടത്തിയിരുന്നു. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന്ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷം ആണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കല്യാണിയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് ലഭിക്കുന്നത്.

താന്‍ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായകല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി.