പൊതുപ്രവർത്തകൻ പി ഒ ജോസഫിന് സഹായഹസ്തവുമായി ഐടിഎൽ.👇

നെല്ലിയാമ്പതിയിൽ സദാസമയവും ജനസേവനത്തിനായി മുന്നിട്ടിറങ്ങുന്ന പി. ഒ. ജോസഫിന് സഹായഹസ്തവുമായി ഐടിഎൽ മാനേജർ. രാപകൽ വ്യത്യാസമില്ലാതെ നെല്ലിയാമ്പതിയിൽ ഏതു സമയത്തും മരം വീണാൽ ഓടിയെത്തുന്ന പൊതുപ്രവർത്തകൻ ജോസഫിനാണ് ഐടിഎൽ മാനേജർ വിനോദ് മരം മുറിക്കാനായി ഉപകരണങ്ങൾ നൽകിയത്. കാറ്റിലും മഴയിലും ഈ മേഖലയിൽ മരം കടപുഴകി വീഴുന്നത് പതിവാണ്. ഞൊടിയിടയിൽ ജോസഫ് മരം മുറിക്കാനുള്ള ഉപകരണങ്ങളുമായി ഓടിയെത്തും. പിന്നീട് ഒറ്റയ്ക്ക് ആണെങ്കിലും, എത്ര വൈകിയാലും മരം മുറിച്ച ശേഷമേ ജോലി നിർത്തു . കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടുകാർക്കും നെല്ലിയാമ്പതിയിൽ എത്തുന്നവർക്കും സുപരിചിതനാണ് പി. ഒ. ജോസഫ്. ഇദ്ദേഹത്തിന്റെ പ്രവർത്തനം വർഷങ്ങളായി നേരിട്ട് അറിയാവുന്ന വിനോദാണ് വിഷമതകൾ ചോദിച്ചറിഞ്ഞ് സഹായവുമായി രംഗത്ത് എത്തിയത് . മരം മുറിക്കുന്ന മെഷീന് ആവശ്യമായ രണ്ടു ചെയിനും രണ്ടു ബാറും രണ്ട് അരവും വാങ്ങി നൽകി. കഴിഞ്ഞദിവസം വിനോദ് ഇവ ജോസഫിന് കൈമാറി. ഇതുപോലെ സഹായിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും അതാണ് എന്റെ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നതെന്നും ജോസഫ് പറഞ്ഞു. തന്നാൽ ആവുംവിധം എല്ലാ സമയങ്ങളിലും നെല്ലിയാമ്പതിക്കൊപ്പം ഉണ്ടാവും എന്നും ജോസഫ് പറയുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസറായ ജയേന്ദ്രൻ മഴ നനഞ്ഞ മരം മുറിക്കുന്നത് കണ്ട് നേരിൽ വിളിച്ചാണ് മഴക്കോട്ട് തന്നത്. ഇതും ഒരു അംഗീകാരമായി കാണുന്നുവെന്നും നിരവധിപേർ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.