ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാല്‍ കമ്മിറ്റി യോഗം ഇന്ന് രാവിലെ 11 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. 2024-25 വര്‍ഷത്തെ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കല്‍, പി.എ.സി. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, വാട്ടര്‍ യൂസേഴ്സ് അസോസിയേഷന് രൂപീകരണം എന്നീ കാര്യങ്ങള്‍ക്കായാണ് യോഗം ചേരുന്നത്. യോഗത്തില്‍ മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അധ്യക്ഷത വഹിക്കും. പോത്തുണ്ടി ജലസേചന പദ്ധതിയുടെ കീഴിലുളള എല്ലാ പാടശേഖരങ്ങളുടെയും പ്രസിഡന്റ്/സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നെന്മാറ ഇറിഗേഷന്‍ സബ് ഡിവിഷന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈ രണ്ടാം തീയതി നെന്മാറ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ യോഗം വിവിധ പഞ്ചായത്തുകളിൽ നിന്നായി ഒരു കർഷകപ്രതിനിധിയെ മാത്രം തിരഞ്ഞെടുക്കുമെന്നും ബാക്കി അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യും എന്നുള്ള നിർദ്ദേശത്തെ തുടർന്ന് പാടശേഖരസമിതി ഭാരവാഹികൾ യോഗത്തിൽ നിന്ന് ഇറങ്ങി പോയതിനെ തുടർന്ന് ഡാം ഉപദേശക സമിതി രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പാടശേഖരസമിതി ഭാരവാഹികളെ ഉൾപ്പെടുത്താതെയുള്ള ഉപദേശക സമിതി രൂപീകരണം കർഷക താല്പര്യങ്ങൾക്ക് വിരുദ്ധമാവുമെന്ന് കർഷക പ്രതിനിധികൾ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പുതിയ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.