പോത്തുണ്ടി ഡാം ഷട്ടർ തകരാറിൽ. ജലവിതരണം തടസ്സപ്പെട്ടു.
മലമ്പുഴ മെക്കാനിക്കൽ ഡിവിഷൻ അധികൃതർ പരിശോധനയ്ക്ക് എത്തി . ഇടതുകര കനാലിലേക്ക് വെള്ളം തുറക്കുന്ന ഷട്ടറിനാണ് കേടു പറ്റിയത്. അയിലൂർ പഞ്ചായത്തിലേക്ക് പൂർണ്ണമായും, നെന്മാറ വണ്ടാഴി പഞ്ചായത്തുകളിലേക്ക് ഭാഗികമായും കൃഷിക്കുള്ള ജലവിതരണം ഇതുമൂലം തടസ്സപ്പെട്ടു.
ഡിസംബർ 23ന് അടച്ച് ഇടതുകര കനാലിലെ മൂന്നാംഘട്ട ജലവിതരണത്തിനായി ഡിസംബർ 28ന് ഷട്ടർ തുറക്കാനുള്ള ശ്രമത്തിനിടെയാണ് ഷട്ടറിന്റെ മുകൾഭാഗം ഷട്ടറിൽ നിന്ന് വേർപെട്ടുവന്നത്. 12 ദിവസത്തോളമായി ജലവിതരണം നിലച്ചതോടെ കൃഷിയിടങ്ങളിൽ വെള്ളം ഇല്ലാതായി ഉണക്ക ഭീഷണി നേരിടുന്നതായി കർഷകർ പരാതിപ്പെട്ടു.
വെള്ളത്തിനടിയിൽ കിടക്കുന്ന ഷട്ടറിന്റെ വേർപെട്ടു വന്ന ഭാഗങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിന് പാലക്കാട് മെക്കാനിക്കൽ ഡിവിഷൻ വിഭാഗം വ്യാഴാഴ്ച മുങ്ങൽ വിദഗ്ധരെ എത്തിച്ചിക്കും. മോട്ടോറും സ്റ്റീൽ റോപ്പും ഉപയോഗിച്ച് ഷട്ടർ തുറക്കുന്ന സംവിധാനവും പ്രവർത്തിക്കുന്നില്ല. മനുഷ്യപ്രയത്നത്താൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്ന ഭാഗമാണ് ഷട്ടറിൽ നിന്നും വേർപെട്ട് വന്നതെന്ന് അനുമാനിക്കുന്നതായി അസിസ്റ്റന്റ് എൻജിനീയർ രമ്യ പറഞ്ഞു. ഷട്ടർ മുകളിലേക്കും താഴേക്കും വരുന്ന ചാനലിൽ മരക്കഷണങ്ങളോ കോൺക്രീറ്റ് കഷണങ്ങളോ അടർന്നു വീണ് കുടുങ്ങിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. എമർജൻസി ഷട്ടർ ഉപയോഗിച്ച് വെള്ളം ഒഴുക്ക് നിയന്ത്രിച്ച് കുടുങ്ങിക്കിടക്കുന്ന ഷട്ടർ ഉയർത്തിയെടുത്ത് കേടുപാടുകൾ തീർത്ത് ജലവിതരണം ഉടൻ പുനസ്ഥാപിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. ഷട്ടറുകൾ ഉറപ്പിച്ചു നിർത്തിയ പാലത്തിനടിയിലെ തകരാർ ആയതിനാൽ പുറമെ നിന്ന് തകരാർ കണ്ടുപിടിക്കാൻ കഴിയില്ല. മാൻഹോളിലുള്ള ഇരുമ്പ് ഗോവണിയിലൂടെ അകത്തേക്ക് വെളിച്ചവും സുരക്ഷ സംവിധാനങ്ങളോടെയും ഇറങ്ങേണ്ട സ്ഥിതിയാണ്.
55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 40.87 അടി വെള്ളമുണ്ട് അതിനാൽ ഷട്ടറിലേക്ക് വെള്ളത്തിന്റെ മർദ്ദവും കൂടുതലായതിനാൽ കേടുവന്ന ഷട്ടർ ഉയർത്തുന്നതിന് കൂടുതൽ കായിക അധ്വാനവും വേണ്ടിവരും.
പോത്തുണ്ടി ഡാമിന്റെ ഹെഡ് വർക്ക് സെക്ഷനിൽ സ്ഥിരം മെക്കാനിക്ക് ജീവനക്കാർ ഇല്ലാത്തതും പ്രശ്നപരിഹാരത്തിന് തടസ്സമായി. മെക്കാനിക്ക് വിഭാഗത്തിൽ നിന്ന് വിരമിച്ചവർക്ക് പകരം പുനർ നിയമനം നടത്താത്തതും പ്രശ്നം സങ്കീർണ്ണമാക്കുന്നു. പകരം താൽക്കാലിക കരാർ തൊഴിലാളികളാണ് ഡാം ഷട്ടർ ഉയർത്തുന്നതും താഴ്ത്തുന്നതുമായ ജോലി ഇപ്പോൾ ചെയ്യുന്നത്.
കാലാകാലങ്ങളിൽ ഗ്രീസ് ഇടലും മറ്റ് അറ്റകുറ്റപ്പണികളും നടത്താറുണ്ടെന്നും അധികൃതർ പറഞ്ഞു. മെക്കാനിക്കൽ വിഭാഗവും ഡാം സുരക്ഷാ അതോറിറ്റിയും വർഷകാലത്തിന് മുമ്പ് ഷട്ടറുകളും ഡാം സുരക്ഷയും വിലയിരുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.