പോത്തുണ്ടി ഡാം നാളെ തുറക്കും

മഴക്കുറവു മൂലം ഉണക്കുഭീഷണിയിലായ നെല്‍കൃഷിയെ രക്ഷിക്കുന്നതിനായി പോത്തുണ്ടി അണക്കെട്ടില്‍ നിന്ന് ജലവിതരണം നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പോത്തുണ്ടി ജലസേചന വകുപ്പ് എക്‌സികുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് അയിലൂര്‍ കൃഷിഭവനിലെയും, മേലാര്‍കോട് കൃഷിഭവനു കീഴിലെയും വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പദ്ധതി ഉപദേശക സമിതി അംഗങ്ങളുടെ യോഗത്തില്‍ 26 നാണ് ഇടതുകര കനാലിലേക്കും, ജനുവരി 3 ന് വലതുകര കനാലിലേക്കും ജലവിതരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കതിരുവന്ന പാടങ്ങളില്‍ ഉള്‍പ്പെടെ വെള്ളമില്ലാതെ വിണ്ടുകീറിയ നിലയിലായിട്ടും ജലവിതരണം നീട്ടികൊണ്ടുപോയ സമിതിയംഗങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ജലസേചന വകുപ്പ് ഓഫീസില്‍ പ്രതിഷേധവുമായി എത്തിയത്.അയിലൂര്‍, പുതുച്ചി, പേരോട്, ബ്രാഹ്മണ്യാപുരം, തിരുവഴിയാട്, പാളിയമംഗലം, പാലമൊക്ക് പാടശേഖരങ്ങളിലെ കര്‍ഷകരും, വടക്കേത്തറ, കോന്നല്ലൂര്‍, കോട്ടേക്കുളം ഭാഗങ്ങളിലെ കര്‍ഷകരുമാണ് പ്രതിഷേധവുമായി എത്തിയത്. അടിയന്തിരമായി വെള്ളം തുറന്നുവിട്ടു കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷധം തുടര്‍ന്നു. തുടര്‍ന്ന് കെ.ബാബു എം.എല്‍.എ. സ്ഥലത്തെത്തി. പ്രതിഷേധിച്ച കര്‍ഷകരുമായും ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയറുമായി സംസാരിച്ചു. തുടര്‍ന്ന് 25 ന് ഇടതുകര കനാലിലൂടെ ജലവിതരണം 15 ദിവസവും വലതുകര കനാൽ ജനുവരി 1 മുതൽ തുടർച്ചയായി 18 ദിവസവും തുറക്കും.