
പോത്തുണ്ടി അണക്കെട്ടിൽ നിന്നും രണ്ടാം വിള ജലവിതരണം നിർത്തുന്നു. വലതുകര കനാൽ ഇന്ന് രാവിലെ അടയ്ക്കും. ഇടതുകര കനാൽ 28ന് വൈകിട്ട് അടയ്ക്കും. ഇതോടെ നവംബർ 14ന് ആരംഭിച്ച രണ്ടാം വിള ജലസേചനം പൂർത്തിയാക്കിയ ശേഷമാണ് ഡാം അടയ്ക്കുന്നത്. മുൻവർഷങ്ങളിൽ ഫെബ്രുവരി 15 ന് അടച്ചിരുന്ന ഡാം ഈ വർഷം വിളയിറക്കാൻ വൈകിയതിനെ തുടർന്നാണ് ഫെബ്രുവരി അവസാനം വരെ ജലസേചനം നീണ്ടത്. 55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ 54 അടി വെള്ളം ഉണ്ടായിരുന്നപ്പോഴാണ് ജലസേചനം ആരംഭിച്ചത്. നിലവിൽ 9.9 അടി വെള്ളമാണ് ശേഷിക്കുന്നത്. ഇതുപ്രകാരം ശേഷിക്കുന്ന വെള്ളം വിവിധ കുടിവെള്ള പദ്ധതികൾക്കും ഡാമിലെ മത്സ്യ സമ്പത്തിനുമായി നീക്കിവെക്കും. 7 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് നിലവിലെ കണക്ക് പ്രകാരം ഡാമിൽ ശേഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേ ദിവസം അണക്കെട്ടിൽ 5.80 വെള്ളമാണ് നീക്കിയിരിപ്പ് ഉണ്ടായിരുന്നത്. അതുപ്രകാരം ഈ വർഷം നാല് അടിയിലേറെ വെള്ളം അധികമായുണ്ട്. ഈ വർഷം ജലസേചനം ആരംഭിച്ച ശേഷം ഇടതുകര കനാലിലേക്കുള്ള ഷട്ടർ തകരാറിലായതിനെ തുടർന്ന് അയിലൂർ വണ്ടാഴി പഞ്ചായത്തിലെ വിവിധ മേഖലകളിലേക്ക് ജലവിതരണം കുറച്ചുദിവസം തടസ്സപ്പെട്ടിരുന്നു. തകരാറിലായ ഇടതുകര കനാൽ ഷട്ടർ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇരുമ്പ് ചങ്ങലകളും കൊളുത്തുകളും ഉപയോഗിച്ച് ഭാഗികമായി ഉയർത്തിയാണ് കൽച്ചാടി, കയറാടി, അയിലൂർ തുടങ്ങിയ വിവിധ ബ്രാഞ്ച് കലാലുകളിലേക്ക് നിയന്ത്രിത അളവിൽ മാത്രം വെള്ളം വിട്ടുനൽകാൻ കഴിഞ്ഞതിനാലാണ് ജലവിതരണം ഫെബ്രുവരി 28 വരെ ഇടതുകര കനാലിലൂടെ വിതരണം നടത്താൻ തീരുമാനിച്ചത്. കൽച്ചാടി ബ്രാഞ്ച് കനാലിൽ നിന്നും ഒലിപ്പാറ, അടിപ്പെരണ്ട കനാലുകളിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ഞായറാഴ്ചയോടെ നിർത്തിയിരുന്നു. ഇപ്പോൾ കയറാടി, അയിലൂർ ഭാഗങ്ങളിലേക്കാണ് ഫെബ്രുവരി 28 വരെ ജലസേചനം തുടരുന്നത്. രണ്ടാംവിള ജലസേചനം കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യാൻ കഴിഞ്ഞതായി ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.