
പോത്തുണ്ടി ജലനിരപ്പ് റെഡ് അലർട്ടിൽ. പുഴയിലേക്ക് വെള്ളം തുറന്നു. ചാത്തമംഗലത്ത് റോഡ് കവിഞ്ഞു വീടുകളിലേക്ക് വെള്ളം കയറി. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ജലനിരപ്പ് 54 അടിയായി ഉയർന്നതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച 53 അടി ജലനിർപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പുഴയിലേക്ക് മൂന്നു സ്പില്‍വെ ഷട്ടറുകളും രണ്ട് സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ജലനിരപ്പ് 54 അടിയിൽ എത്തിയത് വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു 54 അടിക്കും മുകളിലായതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി ഇന്നലെ രാവിലെ 8 മുതൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഷട്ടറുകൾ കൂടുതൽ തുറന്നു വിടാൻ തുടങ്ങിയത്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഓരോ മണിക്കൂർ ഇടവിട്ട് അല്പാല്പമായി ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് തുറക്കുകയായിരുന്നു. വൈകീട്ട് 4 ന് മൂന്ന് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാൻ തുടങ്ങി.
പോത്തുണ്ടി ഡാമിൽ നിന്നും കൂടുതൽ അളവിൽ പുഴയിലേക്ക് വെള്ളം തുറന്നതോടെ പുഴയോരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം പുഴ പാലത്തിനടുത്ത് നാലുമണിയോടെ റോഡിലേക്കും സമീപത്തെ വീട്ടിലേക്കും വെള്ളം കയറി. ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ചാത്തമംഗലം പുഴപ്പാലത്തിനടുത്ത വീട്ടുകാർ സമീപ വീടുകളിലേക്ക് താമസം മാറ്റി. മഴ ശമിക്കാത്തതിനാൽ ജലക്രമീകരണത്തിനായി ഏതു സമയവും കൂടുതൽ അളവിൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ടെന്നും അതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത വേണമെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പു നൽകി.