പോത്തുണ്ടി അണക്കെട്ടിന്റെ കനാലുകൾ വൃത്തിയാക്കാൻ ജലസേചന വകുപ്പ് കരാർ നൽകി. വിവിധ റീച്ചുകളിലായി ബ്രാഞ്ച് കനാലും സബ്കനാലുകളും ഉൾപ്പെടെ 45 കിലോമീറ്റർ ഇടതുകര കനാലും, 60 കിലോമീറ്ററോളം വലതുകര കനാലും വൃത്തിയാക്കാനാണ് ജലസേചന വകുപ്പ് കരാർ നൽകിയിരിക്കുന്നത്. മൂന്ന് ആഴ്ചക്കകം പ്രവർത്തികൾ ആരംഭിക്കും. മുൻ വർഷങ്ങളിൽ ജലസേചനത്തിന് കനാൽ തുറക്കാറായിട്ടും തൊഴിലുറപ്പ് തൊഴിലാളികൾ, പാടശേഖര സമിതികൾ മുഖേനയുമാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഒന്നാം വിളയ്ക്ക് വെള്ളം തുറക്കേണ്ടി വന്നപ്പോൾ താൽക്കാലികമായി ജലസേചന വകുപ്പ് പ്രധാന കനാലുകൾ വൃത്തിയാക്കിയിരുന്നു എന്നാൽ രണ്ടാം വിളക്ക് ജലസേചന വകുപ്പ് മുൻകൂട്ടി കനാലുകൾ വൃത്തിയാക്കാൻ തയ്യാറായെങ്കിലും 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടിയിൽ 20. 43 അടി ജലമാണ് നിലവിലുള്ളത്. ഇത് 15 ദിവസം തുടർച്ചയായി വെള്ളം വിട്ടു നൽകാൻ മാത്രമേ തികയുകയുള്ളൂ. തുലാവർഷം ശക്തിപ്പെട്ട് കൂടുതൽ ജലം സംഭരിക്കാൻ കഴിഞ്ഞാൽ ഇടവേളകൾ കൂട്ടി കൂടുതൽ ദിവസം ജലസേചനം നടത്താമെന്നും ഇടമഴയും ലഭിക്കുമ്പോൾ രണ്ടാംവിള എടുക്കാൻ കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.