കുടവെള്ളവും ആശങ്കയില്‍
ജല നിരപ്പ് കുറഞ്ഞ പോത്തുണ്ടി അണക്കെട്ട്.
പോത്തുണ്ടി: മഴക്കുറവില്‍ കാര്‍ഷിക മേഖല ഉണക്കഭീഷണി നേരിടുന്നതിനിടെ പോത്തുണ്ടി അണക്കെട്ടില്‍ നിന്നുള്ള കുടിവെള്ള വിതരണവും ആശങ്കയിലാകുന്നു. 14 ദിവസമായി ആയക്കെട്ട് പ്രദേശങ്ങളിലെ നെല്‍കൃഷിയ്ക്കായി ഇടതു വലതു കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടിട്ടും അണക്കെട്ടിന്റെ തൊട്ടടുത്ത പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ പോലും ഇനിയും വെള്ളമെത്തിയിട്ടില്ല. ഇതോടെ 700 ഹെക്ടറിലധികം നെല്‍ കൃഷി ഉണക്കുഭീഷണിയില്‍ തുടരുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും കുറവ് ജലനിരപ്പാണ് ഈ ഈ വര്‍ഷമുണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 20 ന് ജലവിതരണം ആരംഭിക്കുമ്പോള്‍ 25 അടിയായിരുന്ന ജലനിരപ്പ് 14 ദിവസത്തിനുശേഷം നിലവില്‍ 19 അടിയായി കുറഞ്ഞു.
സാധാരണ രണ്ടാം വിള നെല്‍കൃഷിയ്ക്ക് ജലവിതരണത്തിനുശേഷം കുടിവെള്ളത്തിനായി ഫെബ്രുവരി മുതല്‍ മൂന്നു മാസത്തേക്ക് അഞ്ചടി വെള്ളമാണ് നിലനിര്‍ത്തുക. ഇത്തവണ മഴ കുറഞ്ഞതോടെ വേനല്‍ക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് അര അടിയിലും താഴെയായി. ഇതോടെ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്തത്. മഴ സജീവമല്ലാത്തതിനാല്‍ ഒന്‍പത് അടിയെങ്കിലും കുടിവെള്ളത്തിനായി നിലനിര്‍ത്തേണ്ടി വരുമെന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നത്. ഇങ്ങിനെ നിലനിര്‍ത്തിയാല്‍ തുലാമഴ സജീവമായി ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ രണ്ടാം വിളയ്ക്ക് ജലവിതരണം നടത്താന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു.