
പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകൾ പ്രവർത്തനരഹിതമായിട്ട് രണ്ടുമാസം കഴിഞ്ഞു. തുടർനടപടി ഇല്ലാത്തതിനാൽ ദുരിതത്തിലായി ഇടപാടുകാർ. ഹെഡ് പോസ്റ്റ് ഓഫീസുകളോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന എ. ടി. എം. കളാണ് മാർച്ച് മാസം ആദ്യ ആഴ്ചയോടെ പ്രവർത്തനരഹിതമായത്. ഉപഭോക്താക്കളോട് ബാങ്ക് എ.ടി.എം കൾ ഉപയോഗിക്കാനും മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് എന്നീ സേവനങ്ങൾ ഉപയോഗിക്കാനും അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകളിൽ നേരിട്ട് ചെന്ന് ചെക്ക് മുഖേന ഇടപാട് നടത്താനും നിർദ്ദേശിച്ചു കൊണ്ട് മാർച്ച് 12ന് തപാൽ വകുപ്പ് അഖിലേന്ത്യാതലത്തിൽ സർക്കുലർ ഇറക്കുകയും ചെയ്തു. എല്ലാ എ.ടി.എമ്മുകളുടെ മുന്നിലും നോട്ടീസ് ഒട്ടിച്ചുവച്ച് ഷട്ടറുകൾ അടച്ചിട്ടിരിക്കുകയാണ് . ഇനി എന്ന് തുറന്നു പ്രവർത്തിപ്പിക്കും എന്നുപോലും തപാൽ വകുപ്പ് ജീവനക്കാർക്ക് പറയാൻ കഴിയുന്നില്ല. ഏറെ കൊട്ടിഘോഷിച്ച് പ്രചരണം നടത്തി പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ പ്രവർത്തനം ആധുനികവൽക്കരിച്ച ശേഷമാണ് എ.ടി.എമ്മുകളുടെ സേവനം മുടങ്ങിയത്. ഇതിനായി പ്രധാന പാതയോരത്ത് ഹെഡ് പോസ്റ്റ് ഓഫീസുകളുടെ സമീപത്ത് എയർകണ്ടീഷൻ ചെയ്ത റൂമുകളിലാണ് എടിഎം പ്രവർത്തിപ്പിച്ചിരുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ടി.എമ്മുകൾക്ക് തപാൽ ജീവനക്കാരെ രാത്രികാല സുരക്ഷാ ജീവനക്കാരായി പോലും നിയമിച്ചിരുന്നു. സേവന ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട എ.ടി.എം വെണ്ടർ എ.ജി.എസ് ട്രാൻസാക്ട് ടെക്നോളജീസ് ലിമിറ്റഡിന്റെ സാങ്കേതിക പ്രശ്നങ്ങൾ കാരണം തപാൽ വകുപ്പിന്റെ നിരവധി എ.ടി.എമ്മുകൾ നിലവിൽ പ്രവർത്തനരഹിതമായതെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് എ.ടി.എം കൗണ്ടറുകൾക്ക് മുന്നിൽ ഒട്ടിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നു എന്നും എ.ടി.എമ്മുകൾക്ക് മുന്നിൽ ഒട്ടിച്ച തപാൽ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.