പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിച്ചു. ഇക്കുറി 77. 81 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞതവണത്തെ 78.68 വിജയശതമാനത്തെക്കാൾ കുറവാണ് ഇക്കുറി.
ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. ജൂൺ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയവരിൽ 30145 കുട്ടികൾ സമ്പൂർണ എ പ്ലസ് കരസ്ഥമാക്കി. 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ടായി. തൃശൂർ ജില്ലയിലാണ് ഏറ്റവുമധികം കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 57 സ്കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു.