പാലക്കാട് ജില്ലയിൽ നെന്മാറയിൽ ഉൾപ്പെടെ നെല്ലുവില കിട്ടാതെ ഇനിയും 5,000 കർഷകർ

വടക്കഞ്ചേരി: പാലക്കാട്‌ ജില്ലയിൽ രണ്ടാംവിളയുടെ നെല്ലുവില ഇനിയും കിട്ടാതെ വടക്കഞ്ചേരി നെന്മാറയിൽ ഉൾപ്പെടെ അയ്യായിരത്തോളം കർഷകർ. ഓണത്തിനുശേഷം എസ്.ബി.ഐ.യും, കനറാ ബാങ്കും പുനരാരംഭിച്ച പി.ആർ.എസ്. വായ്പയിലൂടെ പണം കിട്ടാനുള്ളവരാണ് ഇത്രയും പേർ. ജില്ലയിൽ 17,660 കർഷകർക്ക് 157 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്.

ഇതിൽ 10,067 കർഷകർക്ക് 89 കോടി കനറാബാങ്കും 7,593 കർഷകർക്ക് 68 കോടി രൂപ എസ്.ബി.ഐ.യുമാണ് നൽകേണ്ടിയിരുന്നത്. കനറാ ബാങ്കിൽനിന്ന് മൂവായിരത്തോളം പേർക്കും, എസ്.ബി.ഐ.യിൽനിന്ന് രണ്ടായിരത്തോളം പേർക്കുമാണ് പണം കിട്ടാനുള്ളത്.

വായ്പയായി നെല്ലുവില വേണ്ടെന്നും നേരിട്ട് തുക കിട്ടണമെന്നും പറഞ്ഞാണ് ഒരുവിഭാഗം കർഷകർ തുക കൈപ്പറ്റാത്തതെന്ന് ബാങ്കധികാരികൾ വ്യക്തമാക്കി. സ്ഥലത്തില്ലാത്തവർ, പ്രായമായവർ, മറ്റാരെങ്കിലും കൃഷി നോക്കിനടത്തുന്നവർ എന്നിവരും വായ്പയെടുക്കാൻ വന്നിട്ടില്ലെന്നാണ് ബാങ്കധികാരികൾ പറയുന്നത്.

ബാങ്കുകളിൽ കർഷകരുടെ രേഖകൾ വാങ്ങിവെക്കുകയും യഥാസമയം തീർപ്പാക്കാതിരിക്കുന്നതുമാണ് പ്രശ്നമെന്ന് കർഷകസംഘടനകൾ. പുതുതായി അക്കൗണ്ട് തുറക്കേണ്ടതിന് സമയമെടുക്കുന്നത് ന്യായമാണെങ്കിലും നിലവിൽ പണം വൈകുന്നത് നീതീകരിക്കാനാകില്ലെന്ന് പറയുന്നു.

വടക്കഞ്ചേരി .നെന്മാറ, കണ്ണാടി, തേങ്കുറിശ്ശി ആലത്തൂർ എന്നീ മേഖലയിൽ നിന്നാണ് കൂടുതൽ പരാതി. നെല്ലിന്റെ വില പി.ആർ.എസ്. വായ്പയായി അനുവദിക്കുന്നത് സാങ്കേതികത്വം പറഞ്ഞ് വൈകുന്നതായി ആരോപിച്ച് തേങ്കുറിശ്ശിയിൽ അഖിലേന്ത്യാ കിസാൻസഭ കുഴൽമന്ദം മണ്ഡലം ബാങ്ക് ശാഖയിലേക്ക് മാർച്ച് നടത്തിയിരുന്നു.