ക്ഷീര കർഷകർക്ക് ഫാമുകൾ ആരംഭിക്കുന്നതിനും പുതിയ ഉരുക്കളെ വാങ്ങുന്നതിനുമായുള്ള വായ്പാ പദ്ധതിയ്ക്ക് പിന്തുണയുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ, തിരുവനന്തപുരത്ത് നടന്ന 37-ാം വാർഷിക പൊതുയോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗനാണ് വായ്പാ പദ്ധതിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2853 കോടി രൂപയുടെ ബജറ്റും പൊതുയോഗം അംഗീകരിച്ചു. പതിനായിരത്തോളം ക്ഷീര കർഷകർക്ക് വിവിധ ബാങ്കുകൾ വഴി ലഭ്യമാക്കുന്ന വായ്പയുടെ മുഴുവൻ പലിശയും തിരുവനന്തപുരം മേഖലാ യൂണിയൻ വഹിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ പറഞ്ഞു. ഇതിനായി 2 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീര കർഷകർക്ക് പലിശ രഹിത വായ്പ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈലേജ് സബ്സിഡി പദ്ധതി, മൊബൈൽ വെറ്റിറിനറി ക്ലിനിക്ക് എന്നിവയ്ക്ക് വലിയ സ്വീകാര്യതയാണ് ക്ഷീര കർഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഇവ വിപുലപ്പെടുത്തുന്നതോടൊപ്പം സർക്കാർ വകുപ്പുകളുമായി ചേർന്ന് എല്ലാ ക്ഷീര കർഷകർക്കും പ്രയോജനം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളുമായി തിരുവനന്തപുരം മേഖലാ യൂണിയൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.