പണം പന്തയംവെച്ച് കോഴിപ്പോര് നടത്തുന്ന നാലു പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. തമിഴ്നാട് അതിർത്തി മേഖലകളിൽ കോഴിപ്പോര് സംഘങ്ങൾ വിലസുന്നു..

വണ്ണാമട മലയാണ്ടി കൗണ്ടനൂർ സ്വദേശി എ. മുത്തുകുമാർ (40), ചിറ്റൂർ തത്തമംഗലം സ്വദേശി എ. അജ്‌മൽ (24), നാട്ടുകൽ സ്വദേശി എം. ജിജേഷ്, കോയമ്പത്തൂർ കുനിയംമുത്തൂർ സ്വദേശി എസ്. ഷൺമുഖൻ (51) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറപോലീസ് പിടികൂടിയത്. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് കൊഴിഞ്ഞാമ്പാറ മുട്ടിമാമ്പള്ളം തെക്കേച്ചള്ളയിലെ ഒഴിഞ്ഞപറമ്പിൽനിന്ന് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് ആറ് കോഴികളെയും 1,480 രൂപയും പിടിച്ചെടുത്തു. പിന്നീട് സ്റ്റേഷനിൽ നിന്ന് കോഴികളെ ലേലം ചെയ്ത് കൊടുത്തതായാണ് വിവരം.