പാലയൂർ കരോളിനു വിലക്ക് എസ്ഐയെ സ്ഥലംമാറ്റി; വീടിനടുത്തേക്ക്

ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നുപറഞ്ഞ് പാലയുർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ക്രിസ്‌മസ് കരോൾ ഗാനാലാപനം പോലീസ് വിലക്കിയ സംഭവത്തിൽ എസ്ഐക്കു സ്ഥലം മാറ്റം. ചാവക്കാട് എസ്ഐ വിജിത്ത് കെ. വിജയനെയാണ് പേരാമംഗലം സ്റ്റേഷനിലേക്കു മാറ്റിയത്.

ക്രിസ്മസ് തലേന്നു രാത്രി ഒമ്പതോടെ പള്ളിയങ്കണത്തിൽ തുടങ്ങാനിരുന്ന കരോൾ ഗാനാലാപനമാണ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞത്. കരോൾ തടഞ്ഞ സംഭവം വലിയ പ്രതിഷേധത്തിനു കാരണമായി.

കക്ഷിരാഷ്ട്രീയഭേദമെന്യേ വ്യാപകപ്രതിഷേധം ഉയർന്നതോടെ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് തീർഥകേന്ദ്രം അധികൃതരും സിപിഎം ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികളും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

ഇതിനിടെ, പോലീസ് മേലധികാരികൾ എസ്ഐക്ക് ക്ലീൻ ചീറ്റും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്നോണം എസ്ഐയെ സ്വന്തം വീടിനടുത്തേക്കു സ്ഥലംമാറ്റിയത്. വിഷയം ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്.